വനത്തിനും വന്യജീവികള്‍ക്കുമായി ഐ.ഡി.എസ്.എഫ്.എഫ്.കെ

#

തിരുവനന്തപുരം : ഓരോ ചലച്ചിത്ര മേളയും തലസ്ഥാന നഗരിയ്ക്ക് സമ്മാനിക്കുന്നത് ഉത്സവ നാളുകളാണ്. വിവിധ നാടുകളില്‍ നിന്നുള്ള വ്യത്യസ്ത സംസ്‌കാരങ്ങളുടെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ ഓരോ മേളയെയും ആകർഷകമാക്കുന്നു. അത്തരത്തിലൊരു ഉത്സവത്തിനാണ് ഇന്ന് തിരി തെളിഞ്ഞിരിക്കുന്നത്. ഒന്‍പതാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ ഇന്ന് തിരുവനന്തപുരത്ത് ആരംഭിച്ചു.

ഓരോ വര്‍ഷവും മേളയില്‍ ഒരു പ്രത്യേക പ്രമേയത്തിന് ഊന്നല്‍ നല്‍കാറുണ്ട്. ഇത്തവണ പ്രമേയമാക്കിയിരിക്കുന്നത് വനവും വന്യജീവികളുമാണ്. ഈ വിഷയത്തിന് ഊന്നല്‍ നല്‍കി നിര്‍മ്മിച്ച ഇന്ത്യയില്‍ നിന്നുള്ള 9 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിലുള്ളത്. പരിസ്ഥിതിയെയും വന്യമൃഗങ്ങളെയും അവയുടെ ആവാസ വ്യവസ്ഥയെയും പറ്റി ആഴത്തിലുള്ള ചിന്തകള്‍ക്ക് പ്രേരിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ പ്രകൃതിയുടെ നിഗൂഢതകളിലേയ്ക്കുള്ള ഒരു ഇറങ്ങിപ്പോക്കു കൂടിയാണ് പ്രദാനം ചെയ്യുന്നത്. വടക്കേ ഇന്ത്യയിലെ ചില വിഭാഗം ജനങ്ങള്‍ക്കിടയില്‍ വേട്ടയും കാട്ടിറച്ചിയും ഒഴിവാക്കാനാകാത്ത ഘടകങ്ങളാണ്. ഈ വിഷയത്തെക്കുറിച്ചുള്ള ദ വൈൽഡ് മീറ്റ് ട്രയല്‍ ആണ് ആദ്യം പ്രദർശിപ്പിക്കുന്ന സിനിമ. വേട്ട നിരോധിച്ച് പ്രകൃതിയെയും വന്യജീവി സമ്പത്തുകളെയും സംരക്ഷിക്കാൻ ചില ഗ്രാമ സമൂഹങ്ങള്‍ നടത്തിയ ശ്രമങ്ങളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

ചെന്നായ്ക്കളുടെ ജീവിതത്തെ തുറന്നു കാട്ടുന്ന വാക്കിംഗ് വിത്ത് ദ വുള്‍വ്‌സ്(13/06/16 6.45 @ ശ്രീ), രന്തബോറ ദേശീയ ഉദ്യാനത്തിലെ നാല് കടുവകളെ പ്രമേയമാക്കിയ ടൈഗേഴ്‌സ് റിവേഞ്ച് (14/06/16 11.45 @ ശ്രീ ), സഹ്യാദ്രി മലനിരകളിലെ ആവാസവ്യവസ്ഥയെയും ജീവജാലങ്ങളെയും അടുത്തറിയാന്‍ അവസരം നല്‍കുന്ന സഹ്യാദ്രിസ് -മൗണ്ടേന്‍സ് ഓഫ് ദ മണ്‍സൂണ്‍ (11/06/16 2.30 @ നിള), ദേശാടന പക്ഷികളായ അമൂര്‍ ഫാല്‍ക്കണ്‍സിന്റെ സംരക്ഷണം വിഷയമാക്കിയ ദ റേസ് റ്റു സേവ് അമൂര്‍(13/06/16 6.30 @ നിള) , വംശനാശ ഭീഷണി നേരിടുന്ന ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന സാഹചര്യവും അതിനെ മനുഷ്യന്‍ എങ്ങനെ നേരിടും എന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഇന്ത്യാസ് വാണ്ടറിംഗ് ലയണ്‍സ് (14/06/16 10 പി.എം @ നിള) , നമ്മുടെ തൊട്ടടുത്ത് തന്നെ പ്രകൃതിയുടെ അത്ഭുതങ്ങള്‍ തിരയുന്ന പിതാവിന്റെയും രണ്ട് പുത്രന്മാരുടെയും കഥ പറയുന്ന ഹോം ഔര്‍ ഗാര്‍ഡന്‍ ഓഫ് ഈഡന്‍ ( 13/06/16 12 പി.എം @ നിള) ഒഡീഷയില്‍ നാശത്തിന്റെ വക്കിലെത്തിയ ചിലിക്ക തടാകത്തിന്റെ പുനര്‍ജീവനം പശ്ചാത്തലമാക്കിയ ചിലിക്ക-ജ്യുവല്‍ ഓഫ് ഒഡിഷ ( 13/06/16 6.30 @ നിള) എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് ചിത്രങ്ങള്‍.