ഡോക്യുമെന്ററി ഫെസ്റ്റിവൽ ആരംഭിച്ചു

#

തിരുവനന്തപുരം : ഒൻപതാമത് കേരള അന്താരാഷ്ട്ര ഡൊക്യുമെന്ററി ഹ്രസ്വ ചിത്ര മേളക്ക് കൈരളി തീയറ്ററിൽ നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിച്ചു. സിനിമ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത അഭിനേത്രി തനിഷ്ത ചാറ്റർജി മുഖ്യാതിഥി ആയിരുന്നു. ആനന്ദ് പട് വർധന്റെ ഡൊക്യുമെന്ററികളെ ഊന്നി പറഞ്ഞ പിണറായി വിജയൻ ഡോക്യുമെന്ററികളുടെ സാമൂഹ്യ പ്രസക്തിയെ പറ്റി വിവരിച്ചു. ആനന്ദ് പട് വർധന്റെ ഡോക്യുമെന്ററികൾ കലാപത്തിനിരയായവരുടെ നേർചിത്രം പുറത്ത് കൊണ്ട് വന്നു. ക്യാമറ ഒരു സാങ്കേതിക ഉപകരണം മാത്രമല്ല,പ്രക്ഷോഭത്തിനുള്ള ഉപകരണം കൂടിയാണ്. ക്യാമറ ഒപ്പിയെടുക്കുന്ന നേർ കാഴ്ചകൾ സൃഷ്ടിക്കുന്ന വികാര വിക്ഷോഭങ്ങൾക്ക് സമരമുഖങ്ങൾ തുറക്കാനുള്ള ശേഷിയുണ്ട്. മതമൗലിക വാദികളുടെ ഭീഷണി സിനിമകൾക്ക് നേരെ ഉണ്ടാകുന്നതിൽ പിണറായി ആശങ്ക പ്രകടിപ്പിച്ചു.ഡോക്യുമെന്ററി എടുക്കുന്നവർ സത്യം വിളിച്ചു പറയാൻ ബാധ്യസ്ഥരാണെന്നും പിണറായി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അതിരപ്പിള്ളിയെ കുറിച്ച് സദസ്സിൽ നിന്നുള്ള ചോദ്യത്തിന് അതിരപ്പിള്ളിയെ കുറിച്ച് പറയാനല്ല ഇവിടെ വന്നത് എന്നായിരുന്നു പിണറായിയുടെ മറുപടി. ഫെസ്റ്റിവൽ ബുക്ക്‌ പ്രകാശനം തനിഷ്ത ചാറ്റർജിക്ക് നൽകിക്കൊണ്ട് സിനിമ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ നിർവ്വഹിച്ചു.തിരുവനതപുരം മേയർ വി കെ പ്രശാന്ത്, വി എസ് ശിവകുമാർ എം എൽ എ, ഫിലിം അക്കാഡമി ചെയർമാൻ ടി കെ രജീവ്നാഥ്, സെക്രട്ടറി സി ആർ രാജ്മോഹൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് ഐഎ എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ഉദ്ഘാടന ചിത്രങ്ങളായ ഡേ വൺ , ഹീ നെയിംഡ് മീ മലാല എന്നിവ പ്രദർശിപ്പിച്ചു.