കലാപത്തിന്റെ നേർക്കാഴ്ചകളുമായി മുസാഫിർ നഗർ ബാക്കി ഹേ

#

2013 ൽ ഉത്തർപ്രദേശിലെ മുസാഫിർ നഗറിൽ ഉണ്ടായ മുസ്ലിം കൂട്ടക്കൊലകളിലേക്ക് നയിച്ച സാമൂഹിക സാമ്പത്തിക രാഷ്ട്രീയ തലങ്ങൾ ചർച്ച ചെയ്യുന്ന മുസാഫിർ നഗർ ബാക്കി ഹേ അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയിൽ ഇന്ന് പ്രദർശിപ്പിക്കുന്നതിൽ വളരെ ശ്രദ്ദേയമായ ഒരു ചിത്രമാണ്. സംഘപരിവാർ പ്രസ്ഥാനങ്ങൾ എങ്ങനെയാണ് രാഷ്ട്രീയ മുതലെടുപ്പിനായി വർഗീയ കലാപങ്ങൾ സൃഷ്ടിക്കുന്നത് എന്ന് ഈ സിനിമ വ്യക്തമാക്കുന്നു. 2014 ലെ തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാൻ വേണ്ടി ബിജെപി നേതാക്കൾ പരസ്യമായി വർഗീയത വളർത്തുന്ന പ്രസംഗങ്ങൾ നടത്തിയതിന്റെ വിശദാംശങ്ങൾ മുസാഫിർ നഗർ ബാക്കി ഹേ നൽകുന്നു. ഡല്ഹി യൂണിവേഴ്സിറ്റിയിൽ ഈ സിനിമയുടെ പ്രദർശനം എബിവിപി തടഞ്ഞിരുന്നു. അതിനെ തുടർന്നു രാജ്യമെമ്പാടും മുസാഫിർ നഗർ ബാക്കി ഹേയുടെ 7000 ലധികം പ്രദർശനങ്ങൾ ചെറു ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ നടത്തിയത് ശ്രദ്ധ നേടിയിരുന്നു.2013 ആഗസ്റ്റ്‌ സെപ്റ്റംബർ മാസങ്ങളിൽ നടന്ന കലാപങ്ങളിൽ 62 പേർ കൊല്ലപ്പെട്ടിരുന്നു. ബിജെപി വർഗീയ ധ്രുവീകരണത്തിനു വേണ്ടി ആസൂത്രണം ചെയ്തതാണ് കലാപങ്ങൾ എന്ന് നേരത്തേ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇന്ന് ഉച്ച തിരിഞ്ഞ് 3 മണിക്ക് ശ്രീ തീയറ്റരിലാണു ഈ സിനിമയുടെ പ്രദർശനം. അസഹിഷ്ണുതയ്ക്കും വർഗീയതയ്ക്കും എതിരെ ശക്തമായ ജനവികാരം ഉയരുന്ന ഇന്നത്തെ സാഹചര്യത്തിൽ വളരെയധികം ശ്രദ്ദേയമാണ് മുസാഫിർ നഗർ ബാക്കി ഹേ.