അഭയാർത്ഥി ജീവിതത്തിന്റെ വിവിധ മാനങ്ങൾ പകർത്തി 3 ചിത്രങ്ങൾ

#

അഭയാർത്ഥി ജീവിതത്തിന്റെ വിവിധ മാനങ്ങളിലേക്ക് ക്യാമറ തുറന്ന മൂന്ന് ഡോക്യുമെന്ററികൾ കൊണ്ട് ഒൻപതാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ രണ്ടാം ദിവസം ശ്രദ്ധേയമായി. ടിബറ്റൻ അഭയാർത്ഥി പ്രശ്നം ചർച്ച ചെയ്യുന്ന റാങ്ങ്സെൻ, വടക്കു കിഴക്കൻ ഇന്ത്യയിലെ ഖനികളിലെ തൊഴിൽ അഭയാർത്ഥികളുടെ പരുക്കൻ ജീവിത യാഥാർത്ഥ്യങ്ങൾ പകർത്തിയ ഫയർ ഫ്ലൈസ് ഇൻ ദി അബിസ്, മുസാഫിർനഗറിലെ കലാപവും, അതിന്റെ ഇരകളുടെ ജീവിതവും, സാമൂഹ്യ രാഷ്ട്രീയ കാരണങ്ങളും അന്വേഷിക്കുന്ന മുസാഫിർ നഗർ ബാക്കി ഹേ എന്നീ മൂന്ന് ഡോക്യുമെന്ററികളാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.

സെന്റ്‌ജോസഫ് കോളജിലെ വിദ്യാർത്ഥികളായ അയ്മാൻ,സന്തോഷ് ചന്ദ്രശേഖർ,സുമിത് ദാസ് ഗുപ്ത എന്നിവരുടെ ആദ്യ സംവിധാന സംരംഭമായ റാങ്ങ്സെൻ, ചൈനീസ് അധിനിവേശത്തിനു ശേഷം കർണ്ണാടകയിലെ ബൈലക്കുപ്പയിൽ കുടിയേറിപ്പാർക്കുന്ന ടിബറ്റൻ ജനതയുടെ അസ്തിത്വ സംഘർഷങ്ങളെ സ്വന്തം മണ്ണിലേക്ക് മടങ്ങാനുള്ള അവരുടെ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. ടിബറ്റൻ സ്വാതന്ത്ര്യ പോരാട്ടവും ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറി പോയ ടിബറ്റൻ ജനതയുടെ സ്വത്വ സംഘർഷങ്ങളുമാണ് ടിബറ്റൻ സ്വാതന്ത്ര്യ പോരാളിയും എഴുത്തുകാരനുമായ ടെൻസിംഗ് സുണ്ടു ഉൾപ്പെടെയുള്ളവരുടെ സംഭാാഷണങ്ങളിലൂടെ നമുക്ക് മുന്നിൽ വെളിവാകുന്നത്. ഇവിടെ ജനിച്ച് വളർന്നവരെങ്കിലും,പൗരത്വവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിലൂടെ വർഷത്തിൽ ഒരിക്കലെങ്കിലും ഇത് സ്വന്തം മണ്ണല്ല എന്ന യാഥാർത്ഥ്യത്തെ മുഖാമുഖം കാണുന്നുണ്ട് ഓരോ അഭയാർത്ഥിയും.

നകുൽ സാഹ്നി സംവിധാനം ചെയ്ത 2 മണിക്കൂർ 16 മിനിറ്റ് ദൈർഘ്യമുള്ള മുസാഫിർ നഗർ ബാക്കി ഹേ, 2013 ൽ യുപിയിലെ മുസാഫിർ നഗറിൽ ഉണ്ടായ മുസ്ലിം കൂട്ടക്കൊലയുടെ പിന്നിലെ രാഷ്ട്രീയം അനാവരണം ചെയ്യുന്നു. ഇന്നലെ വരെ സാഹോദര്യത്തോടെ കഴിഞ്ഞിരുന്ന സ്വന്തം ഭൂമി വിട്ട് മേൽ വിലാസമില്ലാത്ത അഭയാർത്ഥികളായ് മാറിയ ഒരു കൂട്ടം മനുഷ്യരേയും ചിത്രം കാട്ടിത്തരുന്നു. ഈ വർഷത്തെ വലിയ കലാപങ്ങൾ അടുത്ത വർഷത്തെ കൂടുതൽ വോട്ടുകളായി മാറുന്ന രാഷ്ട്രീയ മാജിക് മുസാഫിർ നഗർ ബാക്കി ഹേ വരച്ചു കാട്ടുന്നു.വർഗീയ വിഷം നിറഞ്ഞ പ്രചരണങ്ങളിലൂടെ കലാപങ്ങൾക്ക് തിരി കൊളുത്തുന്ന ഹിന്ദുത്വവാദികളെയും,നിസഹായരെങ്കിലും വർഗീയ കലാപങ്ങൾക്ക് പിന്നിലെ കോർപ്പറേറ്റ് താൽപ്പര്യങ്ങളും രാഷ്ട്രീയ താൽപ്പര്യങ്ങളും തിരിച്ചറിയുന്ന കർഷകരെയും, തങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ട അഭയാർത്ഥിത്വത്തിനിടയിലും ജീവിതം മുന്നോട്ട് നയിക്കുന്ന ഇരകളെയും മുസാഫിർ നഗർ ബാക്കി ഹേ അവതരിപ്പിക്കുന്നു.

ചന്ദ്രശേഖർ റെഡ്ഡി സംവിധാനം ചെയ്ത ഫയർ ഫ്ലൈസ് ഇൻ ദി അബിസ് വടക്ക് കിഴക്കൻ ഇന്ത്യയിലെ അനിയന്ത്രിതമായ ഖനനവും അവിടേക്ക് തൊഴിൽ തേടി എത്തുന്ന അഭയാർത്ഥി ജീവിതങ്ങളെയും അവരുടെ അതിജീവന പോരാട്ടങ്ങളെയും പകർത്തി വെക്കുന്നു. കൽക്കരി ഖനികളിലെ പരുക്കൻ ജീവിത യാഥാർത്ഥ്യങ്ങൾ 88 മിനിറ്റുള്ള ഫയർ ഫ്ലൈസ് ഇൻ ദി അബിസ് അനാവരണം ചെയ്യുന്നു. അഞ്ച് വർഷമെടുത്താണ് താൻ ഈ ചിത്രം പൂർത്തിയാക്കിയത് എന്ന് സംവിധായകൻ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.ഭൂമിക്കടിയിലുള്ള ഖനിയിൽ കഷ്ടിച്ച് ശ്വാസം കഴിക്കാൻ മാത്രം ഇടമുള്ള ടണലിന്റെ ഇരുവശത്ത് നിന്നും കൽക്കരി ചീളുകൾ അരണ്ട വെളിച്ചത്തിൽ പിക്കാക്സു കൊണ്ട് വെട്ടിയെടുക്കുമ്പോൾ ആ മാളത്തിൽ കൊച്ചു സൂരജിന് ശ്വാസം വിടാൻ അൽപ്പം സ്ഥലവും ജീവിക്കാനുള്ള പണവും ലഭിക്കുന്നു.ആരും ഇഷ്ടപ്പെട്ട് പോകുന്ന പ്രകൃതവും, കുട്ടിത്തവും, നിഷ്കളങ്കതയും,പക്വതയും എല്ലാമുള്ള ഈ 11 വയസുകാരൻ ഇന്ത്യയിലെ അവന്റെ സ്ഥാനം ഈ ഇരുട്ടറയാണെന്നു തിരിച്ചറിഞ്ഞ, വലിയ കുട്ടിയായി നമ്മെ നമുക്കറിയാത്ത രാഷ്ട്രീയ പാഠങ്ങൾ പഠിപ്പിക്കുന്നു. അത് ഇങ്ങനെയാണ് എ ഫോർ ആപ്പിൾ, ബി ഫോർ ബാറ്റ്, സി ഫോർ കോൾ.