സെൻസില്ലാത്ത സെൻസർ ബോർഡ്; മേളയിൽ പ്രതിഷേധം

#

തിരുവനന്തപുരം :സെൻസർ ബോർഡിന്റെ സെൻസില്ലാത്ത കത്രികയ്ക്കെതിരെ ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയിൽ വ്യാപക പ്രതിഷേധം. മലയാളി സംവിധായകൻ സൈജോ കണ്ണനാക്കൽ സംവിധാനം ചെയ്ത കഥകളി എന്ന സിനിമയുടെ ക്ലൈമാക്സ് രംഗം നഗ്നത ആരോപിച്ച് കട്ട് ചെയ്ത് നീക്കാനുള്ള സെൻസർ ബോർഡ് നിർദ്ദേശത്തിനെതിരേയാണു പ്രതിഷേധം. ഉഡ്താ പഞ്ചാബ് എന്ന സിനിമയ്ക്കെതിരായ സെൻസർ ബോർഡ് നിലപാട്, രാജീവ്‌ രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയ സംഭവം എന്നിവയ്ക്കെതിരെയും പ്രതിഷേധം ഉയർന്നു. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാൻ ചലച്ചിത്ര സ്നേഹികളുടെ കൂട്ടായ്മ രൂപപ്പെടണം എന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ കഥകളി സിനിമയുടെ സംവിധായകൻ സൈജോ കണ്ണനാക്കൽ, പ്രശസ്ത യുവ സംവിധായകൻ സജിൻ ബാബു എന്നിവർ അഭ്യർത്ഥിച്ചു. ഭിന്നശേഷിയുള്ള ആളായ സംവിധായകൻ സൈജോയുടെ ആദ്യ സംരംഭത്തെയാണു സെൻസർ ബോർഡിന്റെ വകതിരിവില്ലാത്ത കത്രിക പ്രയോഗം നിർദ്ദയമായി വേട്ടയാടുന്നത്. കഥകളിയെക്കുറിച്ചുള്ള സിനിമയാണ് സൈജോ കണ്ണനാക്കല്‍ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനില്‍ കഥകളി വേഷങ്ങളും ചമയങ്ങളും ഉപേക്ഷിച്ച് കലാകാരന്‍ നടന്നു നീങ്ങുന്ന സീനുണ്ട്. ഇതില്‍ നഗ്‌നതയുണ്ടെന്ന് ആരോപിച്ചാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചിരിക്കുന്നത്. അഡ്വ.സെബാസ്റ്റ്യൻ പോൾ മുഖേന കോടതിയെ സമീപിച്ചിരിക്കുകയാണെന്നും വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന കേസും മറ്റ് കാര്യങ്ങളും തനിക്ക് ഒറ്റക്ക് താങ്ങാനാവുന്നതല്ല എന്നും സംവിധായകൻ പറഞ്ഞു. സംവിധായകനെ പിന്തുണച്ച് ഫെഫ്ക രംഗത്ത് വന്നിട്ടുണ്ട്. സിനിമയെ കുറിച്ച് കേട്ടറിവ് പോലും ഇല്ലാതെ രാഷ്ട്രീയക്കാരുടെ പാദസേവ ചെയ്യുന്നതിന്റെ പിൻബലത്തിൽ സെൻസർ ബോർഡിൽ കടന്ന് കൂടുന്നവർ നല്ല സിനിമയെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് എന്നാണ് സിനിമ സ്നേഹികൾ ആശങ്ക പങ്കു വെക്കുന്നത്.