മൺറോ തുരുത്തിന്റെ ജലജീവിതം പകർത്തി ജലസമാധി

#

മൺറോ തുരുത്തുകാർക്ക് താഴ്ച്ച പ്രശ്നം തന്നെയാണ്. ഉയർന്നേ പറ്റൂ,രോഗികളും വൃദ്ധരും ഉൾപ്പെടെ മനുഷ്യർ കിടന്നുറങ്ങുന്ന കട്ടിലുകൾക്ക് പഴയ ഉയരം മതിയാവില്ല. വെള്ളം കയറിക്കഴിഞ്ഞു.അത് കൊണ്ട് തന്നെ കട്ടകൾ വെച്ച് ഉയർത്തിയ കട്ടിലിനു മുകളിൽ അവർ ഉറങ്ങുന്നു.പുതിയതായി വെയ്ക്കുന്ന കെട്ടിടങ്ങളുടെ അടിത്തറ പണ്ടത്തേതിൽ നിന്ന് പല മടങ്ങ് ഉയർത്താതെ രക്ഷയില്ല. പാചകം ചെയ്യാനുള്ള അടുപ്പ്, പാത്രങ്ങൾ വെയ്ക്കാനുള്ള സ്ഥലം, അങ്ങനെ ജീവിതവുമായി ബന്ധപ്പെട്ട ഓരോന്നും മലിനജലത്തിൽ നിന്ന് ഉയരത്തി വെക്കാതെ രക്ഷയില്ല.പതിനായിരത്തോളം വരുന്ന ഇവിടുത്തെ മനുഷ്യർക്ക് പുതിയ തറ നിരപ്പുകൾ നിർമ്മിക്കാതെ വയ്യ. പഴയ തറ നിരപ്പുകൾ സമാധിയിലായിക്കഴിഞ്ഞു.

കൊല്ലം ജില്ലയിലെ മൺറോതുരുത്ത് എന്ന ദ്വീപിലെ ജനങ്ങളുടെ ദുരിത ജീവിതത്തിന്റെ സാക്ഷ്യമാണ് ഡി.ധനസുമോദ് സംവിധാനം ചെയ്ത ജലസമാധി എന്ന ഡോക്യുമെന്ററി. ആഗോള താപനം കേരളത്തിനു നൽകുന്ന താക്കീതിന്റെ സാക്ഷ്യത്തെ പ്രേക്ഷകർ നടുക്കത്തോടെ സ്വീകരിച്ചു. ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകാത്ത പക്ഷം ആഗോള താപനത്തിന്റെയും തത്വ ദീക്ഷയിലാത്ത പരിസ്ഥിതി ചൂഷണത്തിന്റേയും ഫലമായി വെള്ളത്തിനടിയിൽ താഴ്ന്നു പോകാനിടയുള്ള ഇന്ത്യൻ പ്രദേശങ്ങളിൽ ഒന്നാണ് നമ്മുടെ കേരളത്തിലെ മൺറോതുരുത്ത്. വെള്ളത്തിൽ മുങ്ങിയ വീടുകൾ,ഉപ്പുവെള്ളം കയറി നശിച്ച കൃഷിഭൂമി ,സെപ്റ്റിക് ടാങ്കുകളെക്കാൾ ഉയർന്ന ജല നിരപ്പ്, ചെളിവെള്ളത്തിലൂടെ നടന്ന് പോകുന്ന സ്കൂൾ കുട്ടികൾ... ഒരു ജനതയ്ക്ക് എത്രകാലം ജലജീവികളെ പോലെ ജീവിക്കനാകുമെന്ന് ഈ ഡോക്യുമെന്ററിയിലെ ദൃശ്യങ്ങൾ കാഴ്ചക്കാരോട് ചോദിക്കുന്നു. വരാനിരിക്കുന്ന തലമുറയെ പോലും മലിനജലത്തിലെ ജലജീവികളാക്കുന്ന വികസനത്തിന്റെ കാഴ്ചപ്പടിലായ്മയിലേക്ക് ഈ ചിത്രം വിരൽ ചൂണ്ടുന്നു.

ന്യൂഡൽഹിയിൽ മാധ്യമ പ്രവർത്തകനായ ഡി.ധനസുമോദിന്റെ ആദ്യ ചിത്രമാണ് 30 മിനിറ്റ് ദൈർഘ്യമുള്ള ജലസമാധി. കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയിൽ മത്സര വിഭാഗത്തിൽ തെരഞ്ഞെടുത്തിരുന്ന ഈ ചിത്രം അവസാന നിമിഷം സങ്കേതിക കാരണങ്ങളാൽ എന്ന് പറഞ്ഞ് ഫോക്കസ് വിഭാഗത്തിലേക്ക് മാറ്റി. ഞങ്ങൾ മത്സരിക്കാനല്ല വന്നത്, ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ വെക്കുന്നു - ചിത്രം അവതരിപ്പിച്ച് കൊണ്ട് സംവിധായകൻ പറഞ്ഞു. മത്സരത്തിനില്ലെങ്കിലും ഈ മേളയിൽ വലിയ പ്രേക്ഷക ശ്രദ്ധയും അഭിനനനങ്ങളും നേടിയ ചിത്രങ്ങളിൽ ഒന്നായി ജലസമാധി മാറുന്നു.