ഇന്ത്യൻ ജീവിതത്തിന്റെ വിചിത്ര മേഖലകളുടെ പ്രതിനിധാനങ്ങൾ

#

ഒൻപതാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയുടെ മൂന്നാം ദിനം പ്രദർശിപ്പിച്ച ഷൗനക് സെൻ സംവിധാനം ചെയ്ത സ്ലീപ്പിംഗ് സിറ്റീസ്, ജലാൽ ഉദ് ദിൻ ബാബ സംവിധാനം ചെയ്ത സേവിംഗ് ദി സേവിയർ, ഫറാ ഖതുൻ, സടരുപ സാൻട്ര, സൗരഭ് കാന്തി ദത്ത എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഐ ആം ബോണി എന്നീ ചിത്രങ്ങൾ ഇന്ത്യൻ ജീവിതത്തിന്റെ വിചിത്ര മേഖലകളെ സ്പർശിക്കുന്നതായി. ഷൗനക് സെൻ സംവിധാനം ചെയ്ത സ്ലീപ്പിംഗ് സിറ്റീസ്, ഡൽഹിയിലെ മനുഷ്യരുടെ മേൽക്കൂരയില്ലാത്ത രാത്രി ജീവിതത്തെ കുറിച്ച് പറയുന്നു. 5000 ലധികം പേർ തങ്ങുന്ന ഒരു നൈറ്റ് ക്യാമ്പിൽ അന്തിയുറങ്ങുന്ന ഷക്കീൽ എന്ന ചെറുപ്പക്കാരനെ സിനിമ പിന്തുടരുന്നു. പുതപ്പുകൾ വാടകയ്ക്കെടുത്ത് വലിയൊരാൾക്കൂട്ടത്തിനുള്ളിൽ കിടന്നുറങ്ങുന്ന മനുഷ്യരുടെ രാത്രി ജീവിതത്തിന്റേയും മഴയേയും തണൂപ്പിനേയും രോഗങ്ങളെയും അതിജീവിക്കാനാകാത്ത ദയനീയതയുടെയും നേർക്കാഴ്ചയ്ക്ക് മുന്നിൽ നമ്മൾ അസ്വസ്ഥരാകുന്നു. നല്ലൊരു ഉറക്കം മനുഷ്യന്റെ ഏറ്റവും വലിയ ആഡംബരമാകുന്ന ഡൽഹിയിലെ അനേകം ക്യാമ്പുകളിൽ ഒന്ന് മാത്രമാണിത്. തണുപ്പ് കൂടുന്നതിനനുസരിച്ച് കിടക്കുന്ന ഇടത്തിനും പുതപ്പിനും ഉള്ള വാടകയും കൂടുന്നു. തണുപ്പും തെരുവ് ജീവിതവും നൽകിയ രോഗത്തിന്റെ മൂർദ്ധന്യത്തിൽ നിന്ന് നമ്മോട് സംസാരിക്കുന്ന ഷക്കീൽ ഇവിടുത്തെ തെരുവുകളിൽ വർഷാവർഷം വിറച്ച് മരിക്കുന്ന രാത്രി ജീവിത ങ്ങളുടെ പ്രതിനിധിയാണ്.

ഏഷ്യയിലെ എറ്റവും വലിയ ശുദ്ധ ജല തടാകമായ കാശ്മീരിലെ വൂളാർ തടാകത്തിന്റെ പശ്ചാത്തലത്തിൽ 9 വയസ് കാരനായ ബില്ലയുടെ ജീവിതം അവതരിപ്പിച്ച് കൊണ്ടാണ് ജലാൽ ഉദ് ദിൻ ബാബ സംവിധാനം ചെയ്ത സേവിംഗ് ദി സേവിയർ എന്ന ഡോക്യുമെന്ററി തുടങ്ങുന്നത്. ജന്തുക്കളുടെ ശവശരീരം ഉൾപ്പെടെ മാലിന്യങ്ങൾ നിറഞ്ഞ തടാകവും അതിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ച് വിൽക്കാനായി തോണിയിൽ പോകുന്ന ബില്ലയേയും നമ്മൾ കാണുന്നു. അമ്മയേയും സഹോദരിമാരെയും പോറ്റാനായി ഈ തൊഴിൽ ചെയ്യുന്ന ബില്ലയുടെ ജീവിതവും , മറ്റൊരു ഘട്ടത്തിൽ ജലനിരപ്പുയർന്ന് പകുതിയോളം മുങ്ങിയ അവന്റെതുൾപ്പെടെയുള്ള കുടുംബങ്ങളുടെ ദുരിത ജീവിതവും ഈ ഡോക്യുമെന്ററി കാണിക്കുന്നു.കുടിയേറ്റത്തിന്റേയൊ കയ്യേറ്റത്തിന്റേയോ ഫലമായി മൂന്നിലൊന്നായി ചുരുങ്ങിപ്പോയ തടാകത്തിന്റെ തിരിച്ചടിയിലും മുങ്ങിപ്പോകുന്നത് ഈ ജീവിതങ്ങൾ തന്നെയാണ്. വെള്ളപ്പൊക്കത്തിൽ മാലിന്യങ്ങൾ ഒലിച്ച് പോയി ബില്ലയുടെ തൊഴിൽ നഷ്ടമാകുന്നു. ഒരു പ്രഹേളിക പോലെയുള്ള ഈ ജീവിതാവസ്ഥയെ മുൻ നിർത്തി പരിസ്ഥിതിയെയും അതിജീവനത്തേയും കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയാണ് 27 മിനിറ്റ് നീളമുള്ള സേവിംഗ് ദി സേവിയർ.

ഫറാ ഖതുൻ, സടരുപ സാൻട്ര, സൗരഭ് കാന്തി ദത്ത എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ഐ ആം ബോണി. ബംഗാൾ വനിതാ ഫുട്ബാൾ ടീമിലെ ഏറ്റവും മികച്ച താരമായിരുന്നു ബന്ദന പാൽ. ബംഗാൾ ഒരു തവണ ഗോവയോട് ജയിച്ചത് ബന്ദനയുടെ ഗോളിലായിരുന്നു. എന്നാൽ ബാങ്കോക്ക് ഏഷ്യാഡിനു തൊട്ടു മുൻപ് നടന്ന ലിംഗ പരിശോധനയിൽ പുരുഷനാണെന്ന് വരുന്നതോടെ അവരുടെ കായിക ജീവിതം അവസാനിക്കുന്നു.ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനാവുകയും വിവാഹിതനാവുകയും ചെയ്തെങ്കിലും, വീട്ടുകാർ പുരുഷനായ ബോണിയുടെ അസ്തിത്വത്തെ അംഗീകരിക്കുന്നില്ല. ഇതോടെ ബോണി വീട്ടിൽ നിന്നും ഭ്രഷ്ടനാവേണ്ടി വരുന്നു. കായിക ജീവിതത്തിലേക്ക് തിരിച്ച് പോകാനാകാതെയും, സ്വന്തം അസ്തിത്വത്തെ ആരും ഉൾക്കൊള്ളാത്തതിന്റേയും സംഘർഷങ്ങളുമായി ജീവിക്കുന്ന ബോണിയുടെ ജീവിതം പകർത്തുന്ന ഈ ഡോക്യുമെന്ററി ബോണിയുടെ എല്ലാ വിഹ്വലതകളെയും നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു. തന്റെ സ്വത്വത്തെ സമൂഹം ഉൾക്കൊള്ളാത്തത് കൊണ്ടും, കായിക രംഗത്ത് ഇടമെവിടെ എന്നറിയാത്തത് കൊണ്ടും അയാൾക്ക് നിരന്തരം പലായനം ചെയ്യേണ്ടി വരുന്നു. ഇടക്ക് അപ്രത്യക്ഷനാകുന്ന ബോണിയെ ഡാർജിലിങ്ങിൽ നിന്ന് ഡോക്യുമെന്ററി കണ്ടെത്തുമ്പോൾ ബോണി പറയുന്നു, ഞാനിപ്പോൾ ബംഗാളിന്റെ അറ്റത്താണ്, ഇനി എങ്ങോട്ട് ?

യുദ്ധവും കലാപങ്ങളും മാത്രമല്ല മനുഷ്യനെ അഭയാർത്ഥികളാക്കുന്നത്. സാധാരണ ജീവിതത്തിൽ നിന്ന് പോലും അഭയാർത്ഥിത്വത്തിലെക്ക് തെന്നി വീഴാവുന്ന സാഹചര്യങ്ങളെയാണു സമകാലിക മനുഷ്യാവസ്ഥ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത് എന്ന് ഈ ചിത്രങ്ങൾ നമ്മോട് പറയുന്നു. വൻ സമൂഹങ്ങളുടെ സ്ഥലങ്ങളിൽ നിന്ന് സ്ഥലങ്ങളിലേക്കുള്ള അഭയാർത്ഥിത്വത്തിനു പകരം മനുഷ്യരെ അവനനവന്റെ ഇടങ്ങളിൽ പോലും അഭയാർത്ഥികളാക്കുന്ന ഘടകങ്ങൾ എന്താണെന്ന് ഈ ചിത്രങ്ങൾ അന്വേഷിക്കുന്നു. പാരിസ്ഥിതികവും,ലിംഗപരവും,സ്വത്വപരവുമായ പല പല കാരണങ്ങൾ...