എല്ലാവരുടെയും അമ്മ

#

കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയുടെ മൂന്നാം ദിനം മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച നീലൻ പ്രേംജിയുടെ അമ്മ എന്ന ഡോക്യുമെന്ററി ഉപരിപ്ലവമായ മാതൃ സങ്കൽപ്പങ്ങൾക്കപ്പുറമുള്ള അവതരണമായിരുന്നു.സംവിധായകന്റെ അമ്മയായ ആര്യ പ്രേംജിയുടെ ആത്മ ഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന ചിത്രം കേരളത്തിന്റെ കഴിഞ്ഞ കാലത്തിന്റെ നേർസാക്ഷ്യമായി. അമ്മ എല്ലാവരുടേതുമാണ് എന്ന് പറഞ്ഞ് തുടങ്ങുന്ന ചിത്രം അമ്മയുടെ ഒരു ദിവസം ചിത്രീകരിക്കുന്നു.അമ്മയുടെ ഒരു ദിവസത്തിലൂടെ നീലൻ ഒപ്പിയെടുക്കുന്നത് ഒരു കാലഘട്ടത്തിന്റെ നിശ്വാസങ്ങളാണ്.

അതുല്യ നടനും കേരള നവോത്ഥാന പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകനും ആയിരുന്ന പ്രേംജിയുടെയും ആര്യയുടെയും വിവാഹം കേരളത്തിലെ നമ്പൂതിരി സമുദായത്തിലെ രണ്ടാമത്തെ വിധവാ വിവാഹമായിരുന്നു. സമുദായത്തിൽ നിന്നും കുടുംബത്തിൽ നിന്നുമുള്ള എതിർപ്പുകളെ മറികടന്ന് കഷ്ടപ്പാടുകൾ അതിജീവിച്ച് കടന്നു പോയ ആര്യ പ്രേംജിയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ ദിശാമാറ്റത്തെ സൂചിപ്പിക്കുന്നു. ഏറ്റവും ശക്തമായ ഒരു ജീവിതത്തെ ഏറ്റവും ലളിതമായി അവതരിപ്പിച്ച് തന്റെ അമ്മയെ കാഴ്ചക്കാരുടെ അമ്മയാക്കി മാറ്റാൻ നീലനു കഴിഞ്ഞു.

ചിത്രം അവതരിപ്പിച്ച് കൊണ്ട് സംസാരിച്ച സംവിധായകൻ ചിത്രത്തിന്റെ പ്രിവ്യൂ കണ്ട് അമ്മ അഭിനന്ദിച്ചത് ഏറ്റവും വലിയ അവാർഡാണെന്ന് പറഞ്ഞു. മൂന്നാഴ്ച മുൻപ് അമ്മ അന്തരിച്ച വിവരം അദ്ദേഹം വൈകാരികമായി അറിയിച്ചത് കാണികൾക്കും വേദനയായി.