രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് തിരശീല വീഴുമ്പോൾ

#

തിരുവനന്തപുരം : അഞ്ചുനാള്‍ കാഴ്ചയുടെ പുതു വസന്തമൊരുക്കിയ ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് ഇന്ന് അവസാനമാകും. വൈകിട്ട് ആറിന് കൈരളി തിയേറ്ററില്‍ നടക്കുന്ന സമാപന ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സാംസ്‌കാരികമന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റ്റി.രാജീവ്‌നാഥ്, സെക്രട്ടറി സി.ആര്‍.രാജ്‌മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പുരസ്‌കാരം നേടിയ ചിത്രങ്ങള്‍ ചടങ്ങിനുശേഷം പ്രദര്‍ശിപ്പിക്കും.

മികച്ച ലോങ് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും, മികച്ച ഹ്രസ്വചിത്രത്തിനും ഷോര്‍ട്ട് ഫിക്ഷനും അന്‍പതിനായിരം രൂപ വീതവും മികച്ച അനിമേഷന്‍ ചിത്രം, സംഗീത വീഡിയോ എന്നിവയ്ക്ക് 25,000 രൂപ വീതവും മികച്ച ക്യാംപസ് ചിത്രത്തിനും ഛായാഗ്രാഹകനും 10,000 രൂപ വീതവുമാണ് പുരസ്‌കാരം. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു. മോഹനന്‍, പ്രശസ്ത ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയും ചലച്ചിത്രനിരൂപകയുമായ ബാര്‍ബറ ലോറി, ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായിക നിഷിത ജെയിന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍. സംവിധായകനും തിരക്കഥാകൃത്തുമായ കമല്‍ സ്വരൂപ്, പ്രമുഖ സംവിധായകന്‍ ഹെന്റി ഹ്യൂഗ്‌സ്, സംവിധായകനും എഡിറ്ററുമായ വിനോദ് സുകുമാരന്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഫിക്ഷന്‍ വിഭാഗത്തിലെ ജൂറി. വിവിധ വിഭാഗങ്ങളിലായി 204 ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. മത്സരത്തിന് ആറ് വിഭാഗങ്ങളിലായി 81 ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തില്‍ എട്ടും ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ 19 ഉം ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ 30 ഉം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. മ്യൂസിക് വീഡിയോ വിഭാഗത്തില്‍ 14 ഉം ക്യാമ്പസ് ഫിലിം വിഭാഗത്തില്‍ നാലും അനിമേഷന്‍ വിഭാഗത്തില്‍ ആറ് ചിത്രങ്ങളും മത്സരത്തിന് ഉണ്ടായിരുന്നു.

ഫോക്കസ് വിഭാഗത്തില്‍ 40 ഡോക്യുമെന്ററികള്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തി. ചൈനീസ് സംവിധായകനായ വാങ് ബിങ്, കശ്മീരി സംവിധായകന്‍ സഞ്ജയ് കാക്ക് എന്നിവരുടെ ചിത്രങ്ങളാണ് ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള ഹ്രസ്വചിത്രങ്ങള്‍, പ്രമുഖ മറാത്തി സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണി ക്യുറേറ്റ് ചെയ്ത ബീജ്, ലോകത്തിലെ ഏറ്റവും മികച്ച പരീക്ഷണ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒബഹൗസന്‍ മേളയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജര്‍മന്‍ ചിത്രങ്ങള്‍ എന്നിവയും മേളയെ ആകര്‍ഷകമാക്കി മാറ്റി.

വൈൽഡ് ലൈഫ് മുഖ്യ പ്രമേയമായിരുന്നെങ്കിലും, ലോകമെമ്പാടും നിന്നുള്ള പലായനത്തിന്റെയും അഭയാർത്ഥിത്വത്തിന്റെയും നേർസാക്ഷ്യങ്ങളായ ഡോക്യുമെന്ററി കളായിരുന്നു ഈ മേളയിൽ ശ്രദ്ധ നേടിയത്. യുദ്ധവും, കലാപങ്ങളും, അധിനിവേശങ്ങളും,മൂലധനാഷ്ടിത വികസനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും, ലിംഗപരവും മതപരവുമായ പുറന്തള്ളലുകളും,മാറിയ ലോകക്രമവും എല്ലാം ചേർന്ന് സൃഷ്ടിക്കുന്ന അഭയാർത്ഥിത്വങ്ങൾ. അതേ സമയം പാരിസ്ഥിതിക ചൂഷണത്തിന്റെ മുഖ്യ കാരണമായ വികസന കാഴ്ചപ്പാടിനെ ചോദ്യം ചെയ്യുന്നതിലും പ്രതിക്കൂട്ടിൽ നിർത്തുന്നതിലും വൈൽഡ് ലൈഫ് ഫോക്കസ് വിഭാഗത്തിലെ ചിത്രങ്ങൾക്ക് കഴിയാതെ പോയി എന്ന സംശയവും ഉയരുന്നു.പാരിസ്ഥിതിക സംരക്ഷണത്തിനുള്ള താൽക്കാലിക പരിഹാരങ്ങളാണ് മിക്കവയും അന്വേഷിക്കുന്നത്.

ഉയർന്ന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ വർഷത്തെ മേള. 2000 ലധികം പ്രതിനിധികളും,വിദ്യാർത്ഥികളും, അന്താരാഷ്ട്ര പ്രശസ്തരായ സംവിധായകരും അടക്കം സമ്പന്നമായ പ്രേക്ഷക സമൂഹമാണ് ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയെ ഗൗരവമായ ചർച്ചകളും സംവാദങ്ങളും കൊണ്ട് അർത്ഥപൂർണ്ണമാക്കിയത്.ലോക സിനിമയിലെ പുത്തൻ കാഴ്ചാ ശീലങ്ങളോട് കണ്ണി ചേർത്ത് കൊണ്ട് നടത്തുന്ന ഈ മേള കേരളത്തിൽ രൂപപ്പെട്ട് വരുന്ന ദൃശ്യസംസ്കാരത്തിനു പുതിയ ദിശാബോധം നൽകുന്നതിൽ വിജയിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.