ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള ; ഫയര്‍ ഫ്ലൈസ് ഇന്‍ ദ ആബിസ് മികച്ച ചിത്രം

#

ഒൻപതാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിൽ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള പുരസ്കാരത്തിന് ചന്ദ്രശേഖര്‍ റെഡ്ഢി സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച്, കല്ക്കരിപ്പാടങ്ങളിലെ തൊഴിലാളികളുടെ കഥപറഞ്ഞ ഫയര്‍ ഫ്ലൈസ് ഇന്‍ ദ ആബിസ് അര്‍ഹമായി.മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള പുരസ്കാരത്തിന്ബിജു ടോപോ സംവിധാനം ചെയ്ത ഹണ്ട് അര്‍ഹമായപ്പോള്‍ മികച്ച ഛായാഗ്രാഹകനുള്ള പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരത്തിന് സ്ലീപിങ് സിറ്റീസിന്റെ ഛായാഗ്രാഹകരായ ഷൗനക് സെന്നും സലീംഖാനും അർഹരായി . ലോങ് ഡോക്യുമെന്ററി വിഭാഗത്തിന് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിന് അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.ചന്ദ്രശേഖർ റെഡ്ഡി സംവിധാനം ചെയ്ത ഫയർ ഫ്ലൈസ് ഇൻ ദി അബ്ബിസ് വടക്ക് കിഴക്കൻ ഇന്ത്യയിലെ അനിയന്ത്രിതമായ ഖനനവും അവിടേക്ക് തൊഴിൽ തേടി എത്തുന്ന അഭയാർത്ഥി ജീവിതങ്ങളെയും അവരുടെ അതിജീവന പോരാട്ടങ്ങളെയും പകർത്തി വെക്കുന്നു.കൽക്കരി ഖനികളിലെ പരുക്കൻ ജീവിത യാഥാർത്ഥ്യങ്ങൾ 88 മിനിറ്റുള്ള ഫയർ ഫ്ലൈസ് ഇൻ ദി അബ്ബിസ് അനാവരണം ചെയ്യുന്നു. അഞ്ച് വർഷമെടുത്താണ് ഈ ചിത്രം പൂർത്തിയാക്കിയത്.

ചത്തീസ്ഘട്,ജാർഘണ്ട് എന്നിവിടങ്ങളിൽ മാവോയിസ്റ്റ് വേട്ടയുടെ പേരിൽ നടക്കുന്ന ഞെട്ടിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും, ആദിവാസികളെ കുടിയോഴിപ്പിച്ച് കോർപ്പറേറ്റുകൾക്ക് വേണ്ടി നടക്കുന്ന പരിസ്ഥിതി ചൂഷണത്തേയും, അതിനെതിരെ സമരം ചെയ്യുന്നവരെ നക്സലൈറ്റ് മുദ്ര കുത്തി കൊലപ്പെടുത്തുന്നതിനെയും ബിജു ടോപോ സംവിധാനം ചെയ്ത ഹണ്ട് ചിത്രീകരിക്കുന്നു.

ലോങ് ഡോക്യുമെന്ററി വിഭാഗത്തിലെ പ്രത്യേക ജൂറി പുരസ്‌കാരത്തിന് സ്റ്റാന്‍സിന്‍ ഡോര്‍ജെ സംവിധാനം ചെയ്ത ഷെപ്പേഡ്‌സ് ഓഫ് ദ ഗ്ലേസിയേഴ്‌സും ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിലെ പ്രത്യേക ജൂറി പരാമര്‍ശത്തിന് ഹാര്‍ദിക് മെഹ്ത സംവിധാനം ചെയ്ത ഫെയ്മസ് ഇന്‍ അഹമ്മദാബാദും അര്‍ഹമായി.

മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്‌കാരം കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്‌സിലെ അജയ് ആന്റണി ആലുങ്കല്‍ സംവിധാനം ചെയ്ത തിലക് സ്വന്തമാക്കി. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്‌കാരം കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്‌സിലെ അജയ് ആന്റണി ആലുങ്കല്‍ സംവിധാനം ചെയ്ത തിലക് സ്വന്തമാക്കി. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം അഭിജിത് കൃഷ്ണ സംവിധാനം ചെയ്ത യൂഫോറിയ സ്വന്തമാക്കി. മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ ചിത്രത്തിനുള്ള അമ്പതിനായിരും രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സിദ്ധാര്‍ത്ഥ് ചൗഹാന്‍ സംവിധാനം ചെയ്ത പാപ നേടി. ഷോര്‍ട്ട് ഫിലിം വിഭാഗത്തിലെ പ്രത്യേക ജൂറി പരാമര്‍ശത്തിന് ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്ത ദര്‍ബേഗുജേയും ജുങ് ഹ്യുങ് കിം സംവിധാനം ചെയ്ത ഡാഡി ഗ്രാന്‍ഡ്പാ ആന്‍ഡ് മൈ ലേഡിയും അര്‍ഹമായി.

കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ കൂടുതല്‍ അന്തര്‍ദേശീയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു.മേളയിലെ വന്‍ ജനപങ്കാളിത്തം നമ്മുടെ സാംസ്‌കാരിക നിലവാരത്തിന്റെ ഉയര്‍ച്ചയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വൈഡ് റിലീസ് ചെയ്യുന്നത് ഗ്രാമങ്ങളിലേക്ക് കൂടുതല്‍ ചലച്ചിത്രങ്ങള്‍ എത്തുന്നതിന് സഹായിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അഭിപ്രായപ്പെട്ടു. ലോകമെമ്പാടും ഈ മേഖലയില്‍ നടക്കുന്ന നൂതനമാറ്റങ്ങള്‍ പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രീകരണത്തിനു പകരം വികേന്ദ്രീകരണം ഉണ്ടാകണമെന്നും, സിനിമകൾ കൂടുതലായി സാധാരണക്കാർക്കിടയിൽ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.സമാപനച്ചടങ്ങില്‍ സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ്, ജൂറി അംഗങ്ങളായ കമല്‍ സ്വരൂപ്, കെ.യു. മോഹനന്‍, വിനോദ് സുകുമാരന്‍, ബാര്‍ബറ ലോറെ, നിഷിത ജെയിന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ്‌നാഥ്, സെക്രട്ടറി സി.ആര്‍. രാജ്‌മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിനുശേഷം പുരസ്‌കാരം നേടിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.