Columns

31 Jul 2020 00:00 AM IST

Smitha Girish

ഓത്തുപള്ളിയിലന്നു നമ്മള്

നാളെ വലിയ പെരുന്നാൾ. മാപ്പിളപ്പാട്ടിൻ്റെ ശീലിൽ പി.ടി അബ്ദുറഹ്മാൻ എഴുതി കെ.രാഘവൻ്റെ സംഗീത സംവിധാനത്തിൽ വി.ടി മുരളി പാടിയ 'ഓത്തുപളളിയിലന്നു നമ്മള് ' എന്ന ഗാനത്തെക്കുറിച്ചാണ് ഇന്ന് 'കേട്ട ഗാനങ്ങൾ അതിമധുരം' പംക്തിയിൽ സ്മിത ഗിരീഷ് എഴുതുന്നത്.

ഒരിക്കൽ ഉണ്ടായിരുന്നോ എന്ന് നിശ്ചയമില്ലാത്ത കാലത്തെ ഒരു രാവാണ്. ഭൂതകാലം പലപ്പോഴും ഓർമ്മയ്ക്കും മറവിക്കുമിടയിൽ ഊയലാടുന്ന ഒരു മായാനഗരമാണല്ലോ. ഞാനാ നഗരത്തിലാണിപ്പോൾ. ഇപ്പോൾ ഇവിടെയെന്നപോലെ അവിടേയും രാത്രിയായിരുന്നു. അതൊരു കല്യാണവീടായിരുന്നു. കല്യാണത്തലേന്നായിരുന്നു. മൺചുവരുള്ള, പുല്ലുമേഞ്ഞ മേൽക്കൂരയുള്ള പാവപ്പെട്ടവരുടെ ഒരു വീട്. ആ വീടിനടുത്തായിരുന്നു എന്റെ കുട്ടിക്കാല വസതി. വധു പണിക്ക് പോകുന്നവളാണ്. വീട്ടിൽ സുഖമില്ലാത്ത മാതാപിതാക്കളും അനിയത്തിയുമുണ്ട്. നസീമ എന്നായിരുന്നു വധുവിന്റെ അനിയത്തിയുടെ പേര്. നസീമച്ചേച്ചിയുടെ വീടിന് മുൻപിൽ കൃഷിയിറക്കാത്ത ഒരു പാടമുണ്ട്. വീടിന് പിന്നിൽ വെളിമ്പറമ്പാണ്. എല്ലാ ഋതുക്കളിലും പൂവിടുന്ന ഒരു മുല്ല പടർന്ന വലിയ ഒരു മരമുണ്ടായിരുന്നു അവിടെ. നിലത്തു വീഴുന്ന മുല്ലപ്പൂക്കൾ പെറുക്കി, വാഴനാരിൽ കൊരുത്ത് പൂമാലയുണ്ടാക്കാൻ പഠിപ്പിച്ചത് നസീമച്ചേച്ചിയാണ്. നസീമച്ചേച്ചിയുടെ കവിളത്ത് കറുത്ത മറുക് മിന്നിയിരുന്നു. മിക്കപ്പോഴും നരച്ച കാപ്പിപ്പൊടി നിറമുള്ള ലോങ്ങ് ബ്ലൗസും പാവാടയുമായിരുന്നു ഇഷ്ടിക നിറമുള്ള ആ സുന്ദരിയുടെ വേഷം. തലയിൽ നെറ്റിന്റെ തട്ടമിട്ട് സ്ലൈഡ് കുത്തിവെച്ചിരുന്നു. പിൽക്കാലത്ത് ബഷീറിന്റെ 'ന്റുപ്പാപ്പയ്ക്കൊരാനേണ്ടാർന്ന് ' വായിച്ചപ്പോൾ എന്തുകെണ്ടോ കുഞ്ഞിപ്പാത്തുമ്മ കുളിക്കാൻ പോകുന്ന മുല്ല പൂക്കുന്ന ആ പറമ്പ് ഞാൻ നസീമച്ചേച്ചിയുടെ വീടിന് പിന്നിലെ ആ സ്ഥലമായാണ് സങ്കൽപ്പിച്ചെടുത്തത്.

 

നസീമച്ചേച്ചിയുടെ ഇത്തയുടെ വിവാഹത്തലേന്ന് ആ വീട്ടിൽ അധികമാളുകൾ ഉണ്ടായിരുന്നില്ല. മുറ്റത്ത് ഈന്തപ്പനയോല കൊണ്ട മറച്ച് ഓല മേഞ്ഞ ചെറുപന്തലിട്ടിരുന്നു. അതിൽ തൂക്കിയ പച്ച, സ്വർണ്ണ , ചോപ്പ് നിറങ്ങളുള്ള പുളഞ്ഞ് പോവുന്ന വർണ കടലാസുകൾ,, കുറച്ച് ബഞ്ചുകളും ഡസ്കുകളും. പെട്രോമാക്സിന്റെ വെളിച്ചം. കല്യാണ വീട്ടിൽ വന്ന അടുപ്പക്കാർക്കൊക്കെ പേപ്പർ പ്ലേറ്റിൽ വിളമ്പിയ കപ്പ് കേക്കും നേന്ത്രപ്പഴവും കട്ടൻ ചായയും സ്ക്വാഷും. ടേപ്പ് റൊക്കോഡറിൽ പാട്ടുകൾ വെച്ചിട്ടുണ്ട്. അതിൽ ഒരു പാട്ട് നെഞ്ചിൽ തട്ടി കേൾക്കുമ്പോഴൊക്കെ എന്തിനോ കനം വെച്ച് കിടക്കാറുണ്ട്.

 

''ഓത്തുപള്ളിയിലന്നു
നമ്മള് പോയിരുന്ന കാലം..
ഓർത്തു കണ്ണീർ വാർത്തു
നിൽക്കയാണു നീലമേഘം ''

 

ഈ പാട്ട് ഞാൻ ട്യൂഷൻ പഠിക്കാൻ പോകുന്ന ജമീലചേച്ചിയുടെ വീട്ടിൽ നിന്നും കേട്ടിട്ടുണ്ട്. കേൾക്കുന്തോറും എന്തോ നാലാം ക്ലാസുകാരിക്ക് വെറുതെ സങ്കടം വരുന്ന പാട്ട്. പതിഞ്ഞ് കരഞ്ഞ ശബ്ദത്തിൽ പാടുന്ന ഗായകൻ. അക്കാലത്തെ സുന്ദര ശബ്ദമായി യേശുദാസിനെയല്ലാതെ വേറാരേയും കൂട്ടാൻ വയ്യ. ഈ പാട്ട് ഇവിടേയും സ്വൈരം തരുന്നില്ലല്ലോ ദൈവമേ എന്നോർത്ത് അകത്തേക്ക് നടന്നു. രണ്ടു മുറികളുള്ള വീടിന് അകത്തേ മുറിയിൽ ലുങ്കിയും ബ്ളൗസും തട്ടവുമിട്ട കല്യാണപ്പെണ്ണ് നിൽക്കുന്നുണ്ട്. സ്വന്തം കല്യാണത്തിന്റെ ചിലവും ഉത്തരവാദിത്വവും അവരുടെ തലയിലാണ്. അവർ, ഒരു ചെറുപ്പക്കാരനുമായി മിണ്ടി മിണ്ടാതെ നിൽക്കയാണ്. അയാളേയും എനിക്കറിയാം. കാസിം എന്നോ മറ്റോ പേരുള്ള ആ മനുഷ്യൻ ആ ചേച്ചിയുടെ സുഹൃത്താണ്. ഒപ്പം പണിക്ക് പോവുന്നവർ. ആ വീട്ടിൽ ഇടയ്ക്കിടെ വരുന്നയാൾ. ആ ചേച്ചിയുടെ വാപ്പയുടെയും ഉമ്മയുടെയും മകന്റെ സ്ഥാനത്ത് നിന്ന് ചില്ലറ സഹായങ്ങൾ ചെയ്യുന്ന നല്ല മനുഷ്യൻ. അയാൾ ഇത്തയ്ക്ക് പച്ചക്കടലാസിൽ പൊതിഞ്ഞ മോതിരമോ മറ്റോ സമ്മാനം കൊടുക്കുകയാണ്. മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ആ പച്ചക്കടലാസിലെ സമ്മാനം കൈയ്യിൽ പിടിച്ച് ഒന്നും മിണ്ടാതെ വധു അയാളുടെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്കുന്നു. എന്തു സന്ദേശമാണ് അവർ നിശബ്ദമായി കൈമാറിയിരുന്നത്? പിറ്റേന്നവൾ വിവാഹിതയായി അവിടുന്ന് പോവുകയാണ്. അവർ തമ്മിലെന്തായിരുന്നു? അവരുടെ വെറും സുഹൃത്ത് മാത്രമായിരുന്നുവോ അയാൾ? ഇനി അവർ ഇഷ്ടത്തിലായിരുന്നെങ്കിൽ എന്താവും കല്യാണം കഴിക്കാതിരുന്നത്?

 

അത്തറിന്റെ ഗന്ധമുള്ള ആ മുറിയിലെ ഒരക്ഷരം ഉരിയാടാത്ത ആ രംഗത്തെ ചുറ്റി നിൽക്കുന്ന പിടി തരാത്ത ഒരോർമ്മകൂടിയാണ് എപ്പോൾ കേൾക്കുമ്പോഴും എനിക്ക് ഓത്തുപള്ളിയിലന്നു നമ്മള് എന്ന ഗാനം.

 

ആ സ്ഥലം തൊടുപുഴയ്ക്കും വാഴക്കുളത്തിനും ഇടയ്ക്കായിരുന്നു. അവിടെ തൊടുപുഴ മൂവാറ്റുപുഴ റോഡരുകിലെ വളവിൽ ഇളം പച്ചയും കടും പച്ചയും പെയിന്റടിച്ച ഒരു മുസ്ലീം പള്ളി ഉണ്ടായിരുന്നു. എന്റെ ബാല്യകാല സുഹൃത്തുക്കളായ രസ്നയും സൽമയുമൊക്കെ മക്കന ധരിച്ച് മദ്രസയിൽ ഓതാൻ പോകുന്നത് അവിടെയായിരുന്നു. വരകൾ തോണ്ടി ഇടത്തോട്ടെഴുതുന്ന അവരുടെ അറബി പുസ്തകങ്ങൾ കാണാൻ കൗതുകമായിരുന്നു. ഈ പള്ളിയുടെ വശത്തുകൂടി ഒരു വഴിയുണ്ട്. പയറും, ചീനിയുമൊക്കെ നട്ട പാടം. കരിമ്പും കൈതക്കാടുമുള്ള വരമ്പുകൾ. ആ വഴിയെത്തുന്നത് പുഴക്കടവിലേക്കാണ്. അതിലേ നടന്ന് പുഴയിൽ കുളിക്കാൻ വൈകുന്നേരം പോവാറുണ്ട്. കടവിനക്കരെ റബ്ബർമരങ്ങളുടെ ഇരുട്ടാണ്. അതിനിടയിൽ ഒരു വലിയ വീട് അവ്യക്തമായി കാണാം. കടവിൽ പിങ്ക് നിറമുള്ള വലിയ പൂവുകൾ ഉണ്ടാകുന്ന ഒരു വലിയ മരം ഉണ്ടായിരുന്നു. ആ മരത്തിന്റെ പുഴയിലേക്ക് ചാഞ്ഞ കൊമ്പിൽ, പെറ്റിക്കോട്ടിട്ട, വെളുത്ത നിറമുള്ള ഒരു വലിയ പെൺകുട്ടി എപ്പോഴും കാലുകളാട്ടി ഇരിക്കുന്നത് കാണാം. ചിലപ്പോൾ അവൾ ആ മരച്ചില്ലയിൽ കയറി നിന്ന് കൂവും. അവളുടെ കൺപുരികങ്ങളുടെ കറുപ്പും, കൊഴുത്ത മുടിയുടെ കട്ടിയും, ചുവന്ന ചുണ്ടും പുഴക്കക്കരെ നിന്ന് കുളിക്കുന്ന എലുമ്പിയായ എന്നെ അവളുടെ ആരാധികയാക്കിയിരുന്നു. കയങ്ങളും ഓളങ്ങളും കരിനീല ആഴങ്ങളുമുള്ള വീതി കൂടിയ പുഴയ്ക്കക്കരെയുള്ളവളെയാണ് ഇക്കരെ നിന്നു മുട്ടൊപ്പം വെള്ളത്തിൽ പേടിച്ച് കുളിക്കുന്നവൾ കുളി മറന്ന് നോക്കി നിന്നിരുന്നത്. ആ പെണ്ണ് ആ വീട്ടിലേതാണെന്നും, അവൾ മന്ദബുദ്ധിയാന്നും പുഴയിൽ കുളിക്കാൻ വരുന്ന ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. ആ പെൺകുട്ടി പുഴയിലേക്ക് ചാടി പോയാലോ? ബുദ്ധിമാന്ദ്യമുള്ളവളെ പുഴയെ വിശ്വസിച്ച് തനിയെ വിട്ട വീട്ടുകാർ എങ്ങനെ ധൈര്യമായി വീട്ടിലിരിക്കുന്നു? അവൾ ഒഴുകിപ്പോകുമോ? അവളെ മുതല പിടിക്കുമോ? എന്റെ കുഞ്ഞുമനസ്സ് കുളിച്ച് തോർത്തിപ്പോകുമ്പോഴും അവളെ ഓർത്ത് എന്തിനോ വ്യാകുലപ്പെട്ടു.

 

പുഴയിലൊഴുകുന്ന പിങ്ക് നിറമുള്ള വലിയ പൂക്കൾ, പുഴ പെറ്റിട്ടവളെപ്പോലെ മരക്കൊമ്പിലിരിക്കുന്ന വെളുത്ത പെൺകുട്ടി, സന്ധ്യയുടെ തണുപ്പും വിഷാദവുമായി കുളിച്ച് മടങ്ങുമ്പോൾ പള്ളിയിൽ നിന്നും 'കേൾക്കുന്ന വാങ്ക് വിളി.. അതൊക്കെ ഉണ്ടായിരുന്ന കാഴ്ചകൾ തന്നെയാണോ? ഓത്തുപള്ളിയിലന്നു നമ്മൾ പോയിരുന്ന കാലം എന്ന പാട്ട് എപ്പോഴൊക്കെ കേട്ടാലും ഇന്നും എന്റെ മനസ്സിൽ തെളിയുന്ന നിശ്ചയമില്ലാത്ത ഭൂതകാലത്തിന്റെ മായികദൃശ്യങ്ങൾ ഇവയൊക്കെയാണ്. ആ കല്യാണപ്പെണ്ണ്, അയാൾ, ആ പള്ളി, പുഴയിലേക്ക് ചാഞ്ഞ മരം, അതിലിരിക്കുന്ന വെളുത്ത പെൺകുട്ടി. ഓർമ്മയിൽ അവരെയൊക്കെ പരതും. കാറ്റിലിളകുന്ന വർണ്ണക്കടലാസുകളും, പുഴയിലെ നനഞ്ഞിതളുള്ള പിങ്ക് പൂക്കളും കൈയ്യിൽ തടയും....

 

1979ൽ ഇറങ്ങിയ കെ.പി കുമാരൻ സംവിധാനം ചെയ്ത "തേൻ തുള്ളി" എന്ന സുകുമാരൻ, ശ്രീവിദ്യ ചിത്രത്തിനു വേണ്ടി ഈ ഗാനം പാടിയത് വി.ടി മുരളിയാണ്. വി.പി മുഹമ്മദിന്റെ തേൻതുള്ളി എന്ന നോവൽ സിനിമയാക്കിയപ്പോൾ തിരക്കഥ എഴുതിയത് പി.ബി ശ്രീനിവാസൻ.

 

പരമ്പരാഗത മാപ്പിളപ്പാട്ടിന്റെ ശൈലിയിൽ നിന്നും മാറി ഗസൽ, രബീന്ദ്ര സംഗീത സാമ്യമുള്ള മെലഡിയായാണ് രാഘവൻ മാഷ് ഇതിന്റെ ഗാനസംവിധാനം നിർവഹിച്ചത്. ഈ പാട്ടെഴുതിയത് കവിയും ഗാന രചയിതാവുമായിരുന്ന പി.ടി അബ്ദുറഹിമാനാണ്.

 

കേരളത്തിന്റെ തനത് ഗാന ശാഖകളിൽ ഏറെ ജനകീയമായ, അറബി സ്വാധീനമുള്ള മലയാള ഭാഷയിൽ എഴുതപ്പെട്ട മാപ്പിളപ്പാട്ടുകൾക്ക് അനിഷേധ്യ സ്ഥാനമുണ്ട്. മലപ്പാട്ടുകൾ, പടപ്പാട്ടുകൾ, കിസ്സ പാട്ടുകൾ, ഒപ്പനപ്പാട്ടുകൾ കല്യാണപ്പാട്ടുകൾ, കത്തു പാട്ടുകൾ എന്നിങ്ങനെ മാപ്പിളപ്പാട്ടുകൾക്ക് തരംതിരിവുണ്ട്.. മാപ്പിളപ്പാട്ട് ചരിത്രത്തെപ്പറ്റി പറയുമ്പോൾ കോഴിക്കോട് ഖാസി മുഹമ്മദിന്റെ മുഹൃദ്ദീൻ മാലയും, മോയിൻകുട്ടി വൈദ്യരുടെ ബദറുൽ മുനീറും ഹുസ്നുൾജമാലുമൊക്കെ എടുത്തു പറയേണ്ട ആദ്യകാല കൃതികളാണ്. ദ്രാവിഡ പാരമ്പര്യമുള്ള മാപ്പിളപ്പാട്ടുകളിൽ താളക്രമം പ്രധാനമാണ്. അവയിലെ വൃത്തമാണ് ഇശലുകൾ. ഒ.എം കരുവാരക്കുണ്ട്, വി.എം കുട്ടി, എരഞ്ഞോളി മൂസ, വിളയിൽ ഫസീല തുടങ്ങി മറക്കാനാവാത്ത ഒരു കൂട്ടം പ്രഗത്ഭരായ മാപ്പിളപ്പാട്ട് ഗായകർ നമുക്കുണ്ട്.

 

കവി വി ടി കുമാരന്റെ മകനായ വിടി മുരളിയെ ഈ ഗാനം ഇരുപത്തിരണ്ടാം വയസിൽ തേടിയെത്തിയത് അവിചാരിതമായാണ്. പിൽക്കാലത്ത് കുറച്ചേറെ നാടക,സിനിമാ ലളിതഗാനങ്ങൾ പാടിയിട്ടുണ്ടെങ്കിലും ഓത്തുപള്ളിയിലന്നു നമ്മള് എന്ന ഒറ്റ ഗാനം കൊണ്ട് വി.ടി മുരളിയെ മലയാളികൾ വാത്സല്യത്തോടെ ഇഷ്ടത്തോടെ തിരിച്ചറിയുന്നു. 'ഉയരും ഞാൻ നാടാകെ ' എന്ന ചിത്രത്തിലെ 'മാതളത്തേനുണ്ണാൻ... ' എന്ന ഇമ്പമുള്ള ഗാനം ആലപിച്ചത് വിടി മുരളിയാണ്. സംഗീത നിരീക്ഷകനായ വി.ടി മുരളി കുറച്ചേറെ പുസ്തകങ്ങളുടെ രചയിതാവാണ്. കെ.രാഘവൻ മാഷുടെ ശിഷ്യനായിരുന്ന അദ്ദേഹം കെ.പി.എസിക്കും സംഘചേതനയ്ക്കും കലിംഗയ്ക്കും വേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആകാശവാണിയിലെ ഗാനസാന്നിധ്യമായിരുന്ന അദ്ദേഹം 2013ൽ ഉറവ എന്ന ചിത്രത്തിന് വേണ്ടി സംഗീതസംവിധാനം നിർവ്വഹിക്കുകയും ചെയ്തു. പിതാവ് വി.ടി കുമാരൻ മാസ്റ്ററുടെയും പിയുടെയും ഒഎൻവിയുടെയും സുഗതകുമാരിയുടെയും അടക്കമുള്ള നിരവധി കവിതകൾ വി.ടി മുരളി തന്റെ ആർദ്രതയും ആഴവുമുള്ള വേറിട്ട ശബ്ദത്തിൽ ആലപിച്ചു കേട്ടിട്ടുണ്ട്. എ.എം.രാജയെ ഓർമ്മിപ്പിക്കുന്ന, ആഴമുള്ള മൃദുല മനോഹരമായ, കവിതപോലെ വിഷാദവും ഇഷ്ടവും തോന്നിപ്പിക്കുന്ന പ്രത്യേകതകളുള്ള ശബ്ദമാണ് അദ്ദേഹത്തിന്റേത്.

 

ഈ പാട്ട് എഴുതിയത് നല്ല കവിയായിരുന്ന പി.ടി അബ്ദുറഹിമാനാണ്. പ്രശസ്തിതിക്കുവേണ്ടി പരക്കം പാഞ്ഞിട്ടില്ലാത്ത അദ്ദേഹത്തെപ്പോലെയുള്ളവരെ ഓർക്കുമ്പോൾ എന്തുകൊണ്ടോ ചുള്ളിക്കാടിന്റെ കവിതയിലെ ഈ വരികൾ ആദരവോടെ ഓർത്തു പോകുന്നു

 

''അപൂർവം ചില കവികൾ
പ്രൈമറി സ്കൂൾ
അധ്യാപകരെപ്പോലെയാണ്
ഗ്രാമത്തിന് വെളിയിൽ അവർ
അറിയപ്പെടില്ല
എങ്കിലും
നിത്യം മുന്നിൽ വന്നിരിക്കുന്ന
പിഞ്ചു കുഞ്ഞുങ്ങളുടെ
ദൈവദീപ്തമായ കണ്ണുകൾ
അവരെ ശുദ്ധീകരിച്ചു കൊണ്ടിരിക്കും..... ''

 

ഓത്തുപള്ളിയിലന്നു നമ്മള്
പോയിരുന്ന കാലം എന്ന പാട്ടിന്റെ വരികളിലാകെ നഷ്ടബോധത്തിന്റെ ഏകാന്തതയാണ്. വിഷാദത്തിന്റെ അഗാധതകളിൽ നിന്നും കുട്ടിക്കാലഓർമ്മകൾ നെഞ്ചിൽ മുട്ടി നിൽക്കുന്നുണ്ട്. അവയിലേക്ക് വാതിലുകൾ തുറന്നിട്ട് ഗായകൻ പാടുകയാണ്..

 

"കോന്തലക്കൽ നീയെനിക്കായ്
കെട്ടിയ നെല്ലിക്ക
കണ്ടു ചൂരൽ വീശിയില്ലേ
നമ്മുടെ മൊല്ലാക്ക.."

 

വരികളിൽ പെറ്റു കൂട്ടുന്ന പാഠപുസ്തകത്തിലെ മയിൽപ്പീലിയുണ്ട്. പച്ച മാങ്ങയും ഉപ്പു രുചിയുമുണ്ട്. ഇലഞ്ഞിപ്പൂവും കാട്ടുകോളാമ്പിയുമുണ്ട്.
കുട്ടിക്കാലം മുതലുള്ള ഇഷ്ടങ്ങളാണ്. കുട്ടിക്കാലത്തെ ഒരിഷ്ടമാണ്. പറിച്ചെറിഞ്ഞാൽ ചോര പൊടിയുന്നവയാണ്.... ഒടിച്ചു കുത്തിയാൽ കരിഞ്ഞു വാടുന്നവയാണ്.

 

ഈ പാട്ട് ആദ്യമായി കേൾക്കുന്ന കാലത്ത് ഞാൻ ബഷീറിന്റെ ബാല്യകാലസഖി വായിച്ചിരുന്നില്ല. എന്തുകൊണ്ടോ ഈ പാട്ടിലേക്ക് സുഹ്റയുടെ പച്ച മാങ്ങയും മജീദിന്റെ ഇമ്മിണിവെല്യ ഒന്നുമൊക്കെ കൂടി ഇപ്പോൾ കടന്നുവരാറുണ്ട്.

 

ഞാനൊരുത്തൻ
നീയൊരുത്തി
നമ്മൾ തന്നിടയ്ക്ക്
വേലി കെട്ടാൻ ദുർവിധിക്ക്
കിട്ടിയോ മിടുക്ക്...

 

രണ്ടാത്മാക്കൾക്കിടയിലെ സ്നേഹത്തിന് മീതെ, ജീവിതം മറ പണിതിട്ടുണ്ട്. ഒരാളുടെ ജീവൻ മടക്കി വാങ്ങുകയും ചെയ്തോ?

 

എന്റെ കണ്ണുനീരു തീർത്ത 
കായലിലിഴഞ്ഞു
നിന്റെ കളിത്തോണി നീങ്ങി
എങ്ങു പോയ് മറഞ്ഞു...

 

ഈ ഗാനം സുഹ്റയ്ക്കു വേണ്ടി / സുഹ്റമാർക്കു വേണ്ടി മജീദ് / മജീദുമാർ പാടിയതാവില്ലേ?

 


Smitha Girish