25 Jan 2020 20:55 PM IST
ചൈനയിൽ 41 പേരുടെ മരണത്തിന് കാരണമായ കൊറോണ വൈറസ് ബാധിതരാണോ എന്ന സംശയത്തിൽ ഏഴ് പേർ കേരളത്തിൽ ആരോഗ്യ വകുപ്പ് അധികൃതരുടെയും ഡോക്ടർമാരുടെയും നിരീക്ഷണത്തിലാണ്. ചൈനയിൽനിന്ന് അടുത്തിടെ മടങ്ങിയെത്തിയ ഏഴുപേരിലും പനി, ചുമ, തൊണ്ടവേദന തുടങ്ങിയവയുടെ ചെറിയ ലക്ഷണങ്ങൾ കണ്ടതിനാലാണ് അവരെ നിരീക്ഷണത്തിന് വിധേയരാക്കുന്നതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. കൊച്ചി, തൃശൂർ, കോഴിക്കോട്, പത്തനംതിട്ട എന്നിവിടങ്ങളിലുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ഇതിനുപുറമെ 73 പേരെങ്കിലും സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിലെ വീടുകളിൽ നിരീക്ഷണത്തിലാണ്.
ചൈനയിൽ നിന്ന് മടങ്ങിയെത്തിയ മുംബൈയിലെ രണ്ട് പേർക്കും ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഓരോ ആൾക്കും കൊറോണ വൈറസ് ബാധയുണ്ടോ എന്ന സംശയത്തിൽ നടത്തിയ പരിശോധനയിൽ ആർക്കും വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നും 20,000 ത്തിലധികം യാത്രക്കാർ ഈ മാസം ഇന്ത്യയിൽ മടങ്ങിയെത്തി. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഒരു ഇൻസുലേഷൻ വാർഡ് സ്ഥാപിക്കുകയും സംശയാസ്പദമായ ഏതെങ്കിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ചികിത്സ നൽകാൻ കിടക്കകൾ തയ്യാറാക്കുകയും ചെയ്തു.