Nettoons

15:54 PM IST

ഗുജറാത്ത് ഫലം ബി.ജെ.പി രാഷ്ട്രീയം പൊളിയുന്നതിന്റെ സൂചന : രാഹുല്‍

ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചരണത്തെ ജനങ്ങള്‍ തള്ളിക്കളയുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചരണത്തെ ജനങ്ങള്‍ തള്ളിക്കളയുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദി പറയുന്നത് കേള്‍ക്കാന്‍ ജനങ്ങള്‍ തയ്യാറല്ല. മോദിജിയുടെ കച്ചവടവും പ്രചരണവും വളരെ മികച്ചതാണെങ്കിലും അതിന്റ ഉള്ള് പൊള്ളയാണെന്നും അത് അംഗീകരിക്കാന്‍ ജനങ്ങള്‍ തയ്യാറല്ലെന്നും രാഹുല്‍ പരിഹസിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. മോദിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ബി.ജെ.പിയുടെ അക്രമത്തിന്റെ രാഷ്ട്രീയത്തെ സ്‌നേഹത്തിന്റെ രാഷ്ട്രീയം കൊണ്ട് കോണ്‍ഗ്രസ് തോല്പ്പിക്കുമെന്ന് രാഹുല്‍ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗുജറാത്തിലെ ജനങ്ങള്‍ തനിക്ക് അളവറ്റ സ്‌നേഹം നല്‍കിയെന്നും എതിരാളി എത്ര സമ്പത്തും ശേഷിയുമുള്ള ആളാണെങ്കിലും അവരെ എതിര്‍ത്തു തോല്പ്പിക്കാന്‍ സ്‌നേഹത്തിലൂടെ കഴിയുമെന്ന ഏറ്റവും വിലപ്പെട്ട പാഠം ഗുജറാത്തില്‍ നിന്ന് താന്‍ പഠിച്ചെന്ന് രാഹുല്‍ പറഞ്ഞു. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ നേരിടുമ്പോള്‍ അന്തസ്സ് കൈവിടാതിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രാഹുല്‍ഗാന്ധി അഭിനന്ദിച്ചു.