Health

08 May 2020 01:30 AM IST

രോഗമില്ലാത്തവരിൽ വൈറസ് പരീക്ഷണം വേണമെന്ന്

രോഗമില്ലാത്തവരിൽ വൈറസ് കടത്തിവിട്ട് നടത്തുന്ന പരീക്ഷണങ്ങളിലൂടെ കോവിഡിനെതിരായ വാക്സിനുകളെക്കുറിച്ചുള്ള പഠനങ്ങൾ വേഗത്തിലാക്കാൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഒരു വർക്കിംഗ് ഗ്രൂപ്പ് തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ പറയുന്നു.

സ്വയം സന്നദ്ധരാകുന്ന ആളുകളിൽ കോവിഡ് -19 ന് കാരണമാകുന്ന വൈറസ് കടത്തിവിട്ട് നടത്തുന്ന പരീക്ഷണങ്ങളിലൂടെ കോവിഡിനെതിരായ വാക്സിനുകളെക്കുറിച്ചുള്ള പഠനങ്ങൾ വേഗത്തിലാക്കാൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഒരു വർക്കിംഗ് ഗ്രൂപ്പ് തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ പറയുന്നു.

 

പരീക്ഷണത്തിന് വിധേയരാകുന്നവരിൽ അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയുള്ള ഇത്തരം പരീക്ഷണങ്ങൾ അവരോട് വസ്തുതകൾ വ്യക്തമായി വെളിപ്പെടുത്തി, പ്രത്യേകമായ പരിരക്ഷകളോടെ നടപ്പാക്കുന്നത് ഇപ്പോഴത്തേതുപോലെ ഗുരുതരമായ സാഹചര്യങ്ങളിൽ പരിഗണിക്കാമെന്ന് വർക്കിംഗ് ഗ്രൂപ്പ് ഡബ്ള്യു.എച്ച്.ഒയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത റിപ്പോർട്ടിൽ പറയുന്നു.

 

ലോകമെമ്പാടുമുള്ള ഗവേഷകർ മാരകമായ കൊറോണ വൈറസിനെതിരായ പ്രതിരോധ വാക്സിനുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. സ്വയം സന്നദ്ധരാകുന്ന ആളുകളിൽ അണുബാധയ്‌ക്കെതിരെ നേരിട്ട് ചികിത്സകളോ പ്രതിരോധങ്ങളോ പരീക്ഷിക്കുന്നതിനെ ചലഞ്ച് പഠനങ്ങൾ എന്നാണ് പറയുക. വാക്സിനുകളുടെ കണ്ടെത്തൽ വേഗത്തിലാക്കാൻ ചലഞ്ച് പരീക്ഷണങ്ങളിലൂടെ കഴിയും. ചലഞ്ച് പഠനങ്ങൾ വാക്സിൻ ഫീൽഡ് ട്രയലുകളേക്കാൾ വളരെ വേഗത്തിൽ നടത്താനാകുമെന്നാണ് വർക്കിംഗ് പേപ്പറിൽ പറയുന്നത്.

 

പരീക്ഷണത്തിനുള്ള ശാസ്ത്രീയ ന്യായീകരണം, പരീക്ഷണം വഴി സാധ്യമാകുന്ന നേട്ടങ്ങളെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തൽ, പരീക്ഷണത്തിന് വിധേയരാകുന്നവർ വ്യക്തമായി വസ്തുതകൾ മനസ്സിലാക്കിയാകണം സമ്മതം നൽകേണ്ടത് തുടങ്ങി ചലഞ്ച് പഠനങ്ങൾ നടത്തുന്നതിന് നിർബന്ധമായും പാലിക്കേണ്ട എട്ട് വ്യവസ്ഥകൾ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.

 

പ്രാരംഭ പഠനങ്ങൾ 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള ആരോഗ്യമുള്ള ചെറുപ്പക്കാരിൽ മാത്രമായി പരിമിതപ്പെടുത്തണം. ദരിദ്രരെയും സാമൂഹികമായി പിന്നോക്കാവസ്ഥയിലുള്ളവരെയും ഉപയോഗിച്ച് പരീക്ഷണം നടത്താൻ ശ്രമിക്കരുത്. ആരോഗ്യ പ്രവർത്തകരും ഗവേഷകരും കൊറോണ വൈറസ് ചലഞ്ച് പഠനത്തിൽ പങ്കെടുക്കുന്നത് പ്രത്യേകിച്ചും ഉചിതമായിരിക്കും, കാരണം അവർ ഇതിനകം തന്നെ അണുബാധയുടെ ഭീഷണി നേരിടുന്നുണ്ട്. മാത്രമല്ല അതിന്റെ അപകടസാധ്യതകളെക്കുറിച്ച് നന്നായി അറിയുന്നവരുമാണ് അവർ.