LAW

13:43 PM IST

എ.കെ.ശശീന്ദ്രന് എതിരായ ഫോൺ കെണി ചാനലിന്റെ ലൈസൻസ് റദ്ദാക്കണമെന്ന് കമ്മീഷൻ

മുൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോൺ കെണി വിവാദത്തിൽ മംഗളം ചാനലിന്റെ ലൈസൻസ് റദ്ദാക്കണമെന്ന് അന്വേഷണ കമ്മീഷന്റെ ശുപാർശ.

 മുൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോൺ കെണി വിവാദത്തിൽ മംഗളം ചാനലിന്റെ ലൈസൻസ് റദ്ദാക്കണമെന്ന് അന്വേഷണ കമ്മീഷന്റെ ശുപാർശ. ചാനലിന്റെ മേധാവി അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചാനൽ പൊതു ഖജനാവിന് ഉണ്ടാക്കിയ നഷ്ടം ചാനലിൽ നിന്നുതന്നെ ഈടാക്കണമെന്നും കമ്മീഷൻ ജസ്റ്റിസ് ആന്റണി മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. ചാനലിന് എതിരെ രജിസ്റ്റർ ചെയ്ത കേസുകളുമായി മുന്നോട്ട് പോകാമെന്നും കമ്മീഷൻ ശുപാർശയുണ്ട്. ഫോൺ കെണി വിവാദത്തിൽ ശശീന്ദ്രനെതിരായ ക്രിമിനൽ കുറ്റങ്ങളൊന്നും കമ്മീഷന് കണ്ടെത്താനായിട്ടില്ല. ഫോൺ കെണിയിൽ ചാനൽ ശശീന്ദ്രനെ കുടുക്കുകയായിരുന്നു. പരാതിക്കാരിയോ പരാതി സംപ്രേക്ഷണം ചെയ്ത മാധ്യമ സ്ഥാപനമോ അന്വേഷണവുമായി സഹകരിച്ചില്ല. ആവര്‍ത്തിച്ച് സമൻസ് നൽകിയിട്ടും കമ്മീഷന് മുന്നിൽ ഹാജരായതുമില്ല. ഫോൺ സംഭാഷണത്തിന്റെ റെക്കോർഡ് ചെയ്ത പൂർണ്ണരൂപമോ ഇത് സൂക്ഷിച്ച ലാപ്ടോപ്പോ കമ്മീഷന് മുന്നിൽ സമർപ്പിച്ചില്ല. അതിനാൽ വിശദമായ പരിശോധന നടത്താനും കഴിഞ്ഞില്ല. കക്ഷി ചേരാനോ മൊഴിയും തെളിവും നൽകാനോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയും തയ്യാറായിട്ടില്ലെന്നും കമ്മീഷൻ ചെയര്‍മാൻ പിഎസ് ആന്റണി പറഞ്ഞു. ശശീന്ദ്രനെതിരായി മറ്റു പരാമർശങ്ങൾ ഇല്ലെങ്കിലും രാഷ്ട്രീയ ധാർമ്മികതയെക്കുറിച്ചുള്ള സൂചനകൾ റിപ്പോട്ടിൽ ഉണ്ടെന്നാണ് സൂചന. ഇത്തരത്തിൽ ഫോൺ കോളുകൾ വന്നാൽ പൊതുപ്രവർത്തകൻ അധികാരപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ പുലർത്തേണ്ട ധാർമ്മികത ശശീന്ദ്രൻ കാത്ത് സൂക്ഷിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.