Nettoons

14:31 PM IST

പി.വി.അൻവറിന്റെ നിയമലംഘനങ്ങൾക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി

പി.വി.അൻവർ എം.എൽ.എ യുടെ നിയമലംഘനങ്ങൾക്ക് ഒത്താശചെയ്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുന്നു. മലപ്പുറം ജില്ലാ ജിയോളജിസ്റ്റ്, പിഡബ്ലുഡി ബില്‍ഡിംഗ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ എന്നിവര്‍ക്കെതിരെയാണ് നിയമ നടപടിയെടുക്കുക. ഇരുവര്‍ക്കും വീഴ്ച പറ്റിയതായി കണ്ടെത്തി

Malappuram

 പി.വി.അൻവർ എം.എൽ.എ യുടെ നിയമലംഘനങ്ങൾക്ക് ഒത്താശചെയ്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുന്നു. മലപ്പുറം ജില്ലാ ജിയോളജിസ്റ്റ്, പിഡബ്ലുഡി ബില്‍ഡിംഗ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ എന്നിവര്‍ക്കെതിരെയാണ് നിയമ നടപടിയെടുക്കുക. ഇരുവര്‍ക്കും വീഴ്ച പറ്റിയതായി കണ്ടെത്തി. തടയണ പൊളിക്കാനുള്ള എസ്റ്റിമേറ്റ് ഇരുവരും വൈകിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍. എംഎല്‍എയുടെ നിയമ ലംഘനങ്ങളില്‍ ഒത്താശ ചെയ്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തേ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി എടുക്കണമെന്ന് പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ക്ക് മലപ്പുറം കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. തടയണ നിര്‍മ്മാണം തടയുന്നതില്‍ സെക്രട്ടറിക്ക് വീഴ്ച വരുത്തിയെന്നാണ് കളക്ടറുടെ കണ്ടെത്തല്‍. ചീങ്കണ്ണിപ്പാലിയില്‍ പിവി അന്‍വര്‍ എംഎല്‍എ അനധികൃതമായി നിര്‍മ്മിച്ച തടയണ രണ്ടാഴ്ചക്കകം പൊളിക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ചെറുകിട ജലസേചന വകുപ്പിനാണ് പൊളിക്കാനുള്ള ചുമതല. പൊളിക്കാനുള്ള ചെലവ് സ്ഥലമുടമയില്‍ നിന്ന് ഈടാക്കാനും സ്ഥലമുടമ പൊളിച്ച് മാറ്റിയില്ലെങ്കില്‍ ജില്ലാ ഭരണകൂടം പൊളിക്കണമെന്നും നിര്‍ദ്ദേശം. ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയാണ് തീരുമാനമെടുത്തത്. 2015ലാണ് ചീങ്കണ്ണിപ്പാലിയില്‍ പി വി അന്‍വര്‍ തടയണ നിര്‍മ്മിച്ചത്. 2015ല്‍ വില്‍പന കരാറെഴുതിയ ഭൂമി എംഎല്‍എ തന്നെ കൈവശം വച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തി വരികയായിരുന്നു. തടയണ നിര്‍മ്മാണത്തിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധന നടത്തിയിരുന്നു. മുന്‍കൂര്‍ അനുമതി വാങ്ങാതെ മണ്ണ് നീക്കം ചെയ്തതിനും ഖനനം നടത്തിയതിനും മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് പിഴയും റോയല്‍റ്റിയും ഈടാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അന്‍വര്‍ പിഴയടച്ചില്ല. മാത്രമല്ല വില്‍പന കരാറെഴുതിയ ഭൂമി രണ്ടാം ഭാര്യയുടെ അച്ഛന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. നിയമലംഘനം ഇത്രത്തോളം വ്യക്തമായിട്ടും ഉദ്യോഗസ്ഥരും നടപടിയെടുത്തില്ല.