Columns

17 Jul 2020 19:25 PM IST

Geetha

ദുരഭിമാനക്കൊലകൾ മലയാള സിനിമയിൽ - ഭാഗം 2

ദുരഭിമാനക്കൊലകൾ മലയാള സിനിമയിൽ ആവിഷ്കരിക്കപ്പെട്ടതെങ്ങനെ എന്ന അന്വേഷണത്തിൻ്റെ രണ്ടാം ഭാഗം. കാൽ നൂറ്റാണ്ടിനു മുമ്പുള്ള മലയാള സിനിമയിലെ ദുരഭിമാനക്കൊലകളായിരുന്നു കഴിഞ്ഞ ലക്കത്തിലെ വിഷയം. കാൽ നൂറ്റാണ്ടിനിപ്പുറത്തുള്ള മലയാള സിനിമയിലെ ദുരഭിമാനക്കൊലകളെ കുറിച്ചാണ് വെളളിവിഴായുടെ ഈ ലക്കത്തിൽ ഗീത എഴുതുന്നത്.

വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെടുന്നവരുടെ പ്രണയം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിലൂടെയാണ് 1997ൽ പുറത്തിറങ്ങിയ ഫാസിലിൻ്റെ അനിയത്തിപ്രാവ് കടന്നു പോയത്. ക്രിസ്ത്യാനിയായ മിനിയും ഹിന്ദുവായ സുധിയും ആദ്യ നോട്ടത്തിൽത്തന്നെ പ്രണയികളായിത്തീർന്നു. സ്വാഭാവികമായും ഇരുവീട്ടുകാരും ഈ ബന്ധത്തെ എതിർത്തു.പക്ഷേ അനിയത്തിപ്രാവിനെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാക്കി മാറ്റിയത് എന്തായിരുന്നു? പ്രണയമോ പ്രതിസന്ധികളോ ആയിരുന്നില്ല. ഓടിപ്പോയ കമിതാക്കൾ തിരിച്ച് രക്ഷിതാക്കളിലേക്കും കുടുംബത്തിലേക്കും മതത്തിലേക്കും മടങ്ങിയെത്തി പ്രണയത്തെ നിയന്ത്രിച്ച് അനുസരണയുള്ളവരായി മാറിയതാണ് പ്രേക്ഷക ഹൃദയങ്ങളെ ആകർഷിച്ചത്. തുടർന്ന് രക്ഷിതാക്കളുടെ ആശീർവാദത്തോടെ അവർ ഒരുമിക്കുന്നു. അനിയത്തിപ്രാവിൻ്റെ വേറൊരു തരം ഭാഷ്യമാണ് വിനീത് ശ്രീനിവാസൻ്റെ തട്ടത്തിൻ മറയത്ത് (2012). മധ്യവർഗ ഹിന്ദു നായർ കുടുംബത്തിൽ ജനിച്ച വിനോദും സമ്പന്ന മുസ്ലിം കുടുംബത്തിൽ പിറന്ന 'അയിഷയും തമ്മിലുള്ള പ്രണയം രൂക്ഷമായ പ്രതിസന്ധികളെയാണ് നേരിട്ടത്. വിനോദിൻ്റെ അറസ്റ്റും അയിഷയുടെ വീട്ടുതടങ്ങലുമൊന്നും അവരിലെ പ്രണയത്തിൻ്റെ ശക്തി കുറച്ചില്ല. നമ്മൾ മറന്നു പോകുന്ന ആഗ്രഹങ്ങൾ ഓർത്തുവെച്ച് സാധിച്ചു തരുന്ന ദൈവത്തെക്കുറിച്ചുള്ള സിനിമയുടെ കാഴ്ചപ്പാട് പ്രസക്തമാണ്. വിനോദിൻ്റെയും അയിഷയുടെയും പ്രണയത്തിൻ്റെ ആഴമറിഞ്ഞ് എസ് ഐ പ്രേംകുമാർ ആണ് അവരെ ഒന്നിക്കാൻ സഹായിക്കുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ പോലീസ് സഹായ രൂപത്തിൽ വ്യവസ്ഥയുടെ സഹകരണത്തോടെയാണിവർ ഒന്നിക്കുന്നതെന്ന ആശ്വാസമാണ് തട്ടത്തിൻ മറയത്തിനെ വലിയ സാമ്പത്തിക നേട്ടത്തിലെത്തിച്ചത്.

 

സി ബി മലയലിൻ്റെ ദേവദൂതൻ (2000) കൈകാര്യം ചെയ്യുന്നത് ക്രിസ്ത്യാനിയായ അലീനയും ഹിന്ദുവും അന്ധനുമായ മഹേശ്വറും തമ്മിലുള്ള പ്രണയമാണ്. അലീനയുടെ പിതാവ് ഇഗ്നേഷ്യസ് അവരുടെ വിവാഹത്തിന് അനുമതി നല്കുന്നു. സ്വന്തം മാതാപിതാക്കളെ ഇതറിയിക്കാൻ പോകുന്ന മഹേശ്വറെ ഇഗ്‌നേഷ്യസ് തൻ്റെ കുതിരക്കാരൻ ആൽബെർട്ടോയുടെ സഹായത്തോടെ ജീവനോടെ കുഴിച്ചുമൂടുന്നു. കൃത്യമായ ദുരഭിമാനക്കൊലയാണിത്. എന്നാൽ ഈ പ്രണയ സംഘർഷത്തെ മറ്റൊരു വിധമാണ് ദേവദൂതൻ അഭിസംബോധന ചെയ്യുന്നത്. മഹേശ്വറിൻ്റെ സംഗീതവും വഴികളും കണ്ടെത്താൻ എത്തിയ ഒരു 'ദേവദൂതനെ'യാണ് സിനിമ കേന്ദ്രീകരിക്കുന്നത്. ദുരഭിമാനക്കൊലയെ സാമൂഹ്യനീതിയുടെ പ്രശ്നമായി സിനിമ കാണുന്നില്ല. മറിച്ച് ഒരു ദേവദൂതൻ്റെ ഉദാത്തവും ദൈവികവുമായ ദൗത്യമാണ് രഹസ്യങ്ങളുടെ ചുരുളഴിക്കൽ. ശരീരമില്ലാത്ത ആത്മാവുകൾ ശരീരികളായ മനുഷ്യരെ നയിക്കുന്നു. സാമൂഹിക അനീതികളെക്കുറിച്ചുള്ള ഉത്കണ്ഠകൾ പ്രേക്ഷകരിൽ ഉണർത്താത്ത പരിചരണരീതിയാണ് ദേവദൂതൻ സ്വീകരിച്ചിരിക്കുന്നത്. രൂക്ഷമായ യാഥാർത്ഥ്യങ്ങളെ അതീതലോക അനുഭൂതികളായി പരിവർത്തിപ്പിച്ചു കൊണ്ടാണ് സിനിമ ഈ രക്ഷപ്പെടൽ തന്ത്രം ഫലപ്രദമായി ഉപയോഗിച്ചത്. ജയപ്രദ മോഹൻലാൽ എന്നിവരുടെ അഭിനയവൈദഗ്ധ്യവും എന്നത്തെയും നല്ല പാട്ടുകളും ദേവദൂതൻ്റെ പ്രത്യേകതകളാണ്.

 

അനിയത്തിപ്രാവ്, തട്ടത്തിൻ മറയത്ത്, ദേവദൂതൻ എന്നിവയിൽ നിന്നു വ്യത്യസ്തമായ വർഗ പരിസരത്തിലാണ് രാജീവ് രവിയുടെ അന്നയും റസൂലും (2013). പേരു സൂചിപ്പിക്കുന്നതു പോലെ ക്രിസ്ത്യൻ മതത്തിൽപ്പെട്ട അന്നയും മുസ്ലിം മതത്തിൽപ്പെട്ട റസൂലും തമ്മിലുള്ള പ്രണയമാണ് പ്രമേയം. റസൂൽ കൊച്ചിയിൽ ടാക്സി ഡ്രൈവറായും അന്ന സെയിൽസ് ഗേളായും ജോലി ചെയ്യുന്നവരാണ്. മതം മാറേണ്ടതില്ല എന്ന ധാരണയിൽ ഈ പ്രണയികൾ ഒരുമിച്ചു ജീവിക്കാൻ തുടങ്ങി. എന്നാൽ അവരുടെ ജീവിതം സുഗമമായി മുന്നോട്ടു പോകാതായി. അന്നയുടെ ആത്മഹത്യയിലും റസൂലിൻ്റെ മുങ്ങാംകുഴിയിടുന്നതിലുമാണ് ആ പ്രണയ ജീവിതം ചെന്നവസാനിച്ചത്. പ്രത്യക്ഷവും പരസ്യവുമായ ദുരഭിമാനക്കൊലകൾ ഇല്ലെങ്കിലും ഇരു മതത്തിലുള്ളവരുടെ പ്രണയം എത്രമാത്രം വെല്ലുവിളികൾ നിറഞ്ഞതാണെന്നു തന്നെയാണ് അന്നയും റസൂലും സൂചിപ്പിക്കുന്നത്. പക്ഷേ അതൊരു സാമൂഹിക യാഥാർഥ്യമായി ചിത്രീകരിക്കുക എന്നതിനേക്കാൾ സാങ്കേതിക വ്യത്യാസങ്ങൾ, മികവുകൾ എന്നിവ പരീക്ഷിക്കുകയും തെളിയിക്കുകയും ചെയ്യുക എന്നതിലാണ് സിനിമ ശ്രദ്ധിച്ചത്.

 

മൊയ്തീൻ, കാഞ്ചന മാല എന്നിവരുടെ യഥാർത്ഥ പ്രണയത്തെ ആസ്പദമാക്കി ആർ എസ് വിമൽ ചെയ്ത സിനിമയാണ് എന്നു നിൻ്റെ മൊയ്തീൻ (2015). ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ നല്ല ബന്ധമായിരുന്നു. എന്നാൽ കാഞ്ചന മാലയുടെയും മൊയ്തീൻ്റെയും പ്രണയത്തെ ഇരുവീട്ടുകാരും എതിർത്തു. കാരണം അവർ വ്യത്യസ്ത മതക്കാരാണ് ! വ്യത്യസ്ത മതത്തിലുള്ളവർ പരസ്പരം പ്രണയിക്കുകയോ വിവാഹിതരാവുകയോ ചെയ്താൽ കുടുംബത്തിൻ്റെയും മതങ്ങളുടെയും അന്തസു കെടും.

 

കാഞ്ചന മാലയുമായുള്ള പ്രണയത്തിൽ നിന്നു മൊയ്തീൻ പിന്മാറില്ലെന്നറിഞ്ഞതോടെ പിതാവ് അവനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുന്നു. തലനാരിഴയ്ക്കാണ് മൊയ്തീൻ രക്ഷപ്പെട്ടത്. കാഞ്ചന മാലയെ വീട്ടുകാർ മറ്റു കല്യാണത്തിനു നിർബന്ധിച്ചു. മൊയ്തീനുമായുള്ള ബന്ധത്തിൽ നിന്നു പിന്മാറാൻ നിഷ്കരുണം മർദ്ദിച്ചു. ഒരു രക്ഷയുമില്ലാതെ വന്നപ്പോൾ അവളെ വീട്ടുതടങ്കലിലാക്കി. ഒന്നു രണ്ടു ദിവസമല്ല നീണ്ട രണ്ടു പതിറ്റാണ്ട് (22 വർഷങ്ങൾ ) അവൾ വീട്ടുതടങ്കലിലായിരുന്നു.

 

അതിനിടയിലും അവർ തമ്മിൽ കത്തിടപാടുകൾ ഉണ്ടായിരുന്നു. പരസ്പര ആശയ വിനിമയത്തിന് തങ്ങൾക്കു സ്വന്തമായൊരു രഹസ്യഭാഷ തന്നെ കണ്ടെത്തി അവർ പരസ്പരം കത്തെഴുതിക്കൊണ്ടിരുന്നു. ഒടുവിൽ അവർ നാടുവിട്ടു പോയി ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. എന്നാൽ വിധി ഇരുവഞ്ഞിപ്പുഴയിലെ ചുഴിയായി വന്ന് മൊയ്തീൻ്റെ ജീവനെടുത്തു. കാഞ്ചനമാല യഥാർത്ഥ ജീവിതത്തിലും സിനിമയിലും അങ്ങനെ 'അവിവാഹിതയായ' വിധവയായി ജീവിക്കുന്നു.

 

മൊയ്തീൻ്റേത് ഒരു കൊലപാതകമല്ല, ആത്മഹത്യയുമല്ല. എന്നാൽ അയാളെ ആ ദുരന്ത മരണത്തിലേക്കു തള്ളിയിട്ടു കൊണ്ട് ഇരുവർക്കും ഒന്നിച്ചുള്ള ജീവിതം നിഷേധിച്ചത് എന്തായാലും ഇരുവഞ്ഞിപ്പുഴയായിരുന്നില്ല എന്നു തീർച്ച. കുടുംബത്തിൻ്റെയും മതത്തിൻ്റെയും അഭിമാനബോധവും അന്തസ്സും തന്നെയാണ് വാസ്തവത്തിൽ ഈ ദുരന്തത്തിനു കാരണം. പാർവതിയുടെയും പൃഥ്വീരാജിൻ്റെയും മെച്ചപ്പെട്ട അഭിനയം മൊയ്തീൻ - കാഞ്ചന മാല പ്രണയത്തെ ആത്മാർഥമായി പകർത്തി. ഓർമ്മിക്കാവുന്ന പാട്ടുകളും ഈ സിനിമയുടെ പ്രത്യേകതയാണ്.

 

ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത് (2016) പൊന്നാനിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ സിനിമയാണ്. മുസ്ലിമായ ഇർഫാൻ എന്ന 23 കാരനും ഹിന്ദു ദളിത് വിഭാഗത്തിൽ പെട്ട അനിതയെന്ന 28 കാരിയും തമ്മിലുള്ള പ്രണയമാണ് സിനിമക്കു വിഷയം. അവർ ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിനുള്ള സംരക്ഷണം തേടിയാണ് അവർ പോലീസ് സ്റ്റേഷനിൽ എത്തുന്നത്. തട്ടത്തിൻ മറയത്ത് എന്ന സിനിമയിലെ പോലീസ് സ്റ്റേഷൻ്റെ അന്ത:രീക്ഷത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ് കിസ്മതിലെ പോലീസ് സ്റ്റേഷൻ. മദ്യപിച്ച് ലഹളയുണ്ടാക്കിയ ആളെ വിട്ടയക്കാൻ കാരണം അയാളുടെ ജാതിയാണ്. തെറ്റു ചെയ്തതിനു സസ്പെൻഷനിലായ പോലീസിനെ രക്ഷിക്കാൻ സാധാരണക്കാർ എങ്ങനെ കരുവാക്കപ്പെടുന്നുവെന്നതിനും അവർ സാക്ഷിയാവുന്നു.

 

പ്രണയികൾക്കു സംരക്ഷണം നല്കുന്നതിനു പകരം അവരെ തിരിച്ചു വീട്ടുകാരെത്തന്നെ ഏല്പിക്കാനാണ് എസ്ഐ അജയ് മോഹൻ ശ്രമിക്കുന്നത്. അയാൾ ഈ പ്രണയത്തിനെതിരാണ്. ഇത് പോലീസധികാരത്തിൻ്റെ അഭിമാനത്തിനു തന്നെ വെല്ലുവിളിയെന്ന മട്ടിലാണ് അയാൾ പെരുമാറിയത്.

 

അനിതയുടെ വീട്ടുകാർ അവളെ കൊണ്ടുപോകാൻ തയ്യാറാവുന്നില്ല. മതം മാറിയ ശേഷം വിവാഹം നടത്താമെന്ന ധാരണയുണ്ടാക്കി ഇർഫാൻ്റെ കുടുംബം അവനെ വീട്ടിലേക്കു കൊണ്ടു പോകുന്നു. അനിത റസ്ക്യൂ ഷെൽറ്ററിലേക്കും അയക്കപ്പെടുന്നു. എന്നാൽ ഇർഫാനെ മുറിയിൽ പൂട്ടിയിടാനാണ് വീട്ടുകാർ ശ്രമിച്ചത്. അവർ ആ വിവാഹം ഉദ്ദേശിച്ചിട്ടേ ഇല്ല. പുറത്തു കടക്കാൻ വീട്ടുകാരുമായുണ്ടായ ബലപ്രയോഗത്തിൽ ഇർഫാൻ വീഴുകയും തലയിടിച്ചു മരിക്കുകയും ചെയ്യുന്നു.

 

സ്വന്തം നാട്ടുകാരോടും മതക്കാരോടുമുള്ള കരുതൽ എന്ന നിലയ്ക്കുള്ള നാട്ടുകൂട്ടത്തിൻ്റെ എത്തിനോട്ടവും സദാചാര പോലീസിങ്ങും വീട്ടുകാരെ കൂടുതൽ അഭിമാന വാശിയുള്ളവരാക്കി മാറ്റുന്നു. ഇതേ 'നാട്ടു' ഇടപെടൽ തന്നെയാണ് പോലീസിനെ അനീതി വീര്യമുള്ളവരാക്കി മാറ്റിയതും. ആ നിലക്ക് ഇർഫാൻ്റെ മരണത്തെ അപകട മരണം എന്നല്ല ഈ പഠനം വിലയിരുത്തുന്നത്. പ്രണയത്തോടും പ്രണയികളോടുമുള്ള വൈരനിര്യാതനബുദ്ധി കൊണ്ട് നാട്ടുകാരും വീട്ടുകാരും പോലീസും ഒന്നിച്ചു ചേർന്നു നടത്തിയ ദുരഭിമാനക്കൊലയായിത്തന്നെയാണ് ഫലത്തിൽ അതു സംഭവിക്കുന്നത്.

 

ഷെയിൻ നിഗം, ശ്രുതി മേനോൻ, വിനയ് ഫോർട്ടേ എന്നിവർ സ്വന്തം റോളുകൾ അതിഗംഭീരമാക്കി. സ്വന്തം സഹജീവികളോട് നമ്മുടെ സമീപനങ്ങളെക്കുറിച്ച് സ്വയം വിമർശനാത്മകമായി ചിന്തിക്കാൻ കിസ്മത് പ്രേരിപ്പിക്കുന്നു .

 

കണ്ണൂരിൻ്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ബി അജിത് കുമാർ സംവിധാനം ചെയ്ത സിനിമയാണ് ഈട ( 2018). ഒരു കണ്ണൂർ ഹർത്താലിൽ തുടങ്ങുകയും പല ഹർത്താലുകളിലൂടെ കടന്ന് മറ്റൊരു കണ്ണൂർ ഹർത്താലിൽ അവസാനിക്കുകയും ചെയ്യുന്നു. കണ്ണൂരിലെ ഒരേ പ്രദേശത്തുകാരായ ഐശ്വര്യ എന്ന അമ്മുവും ആനന്ദ് എന്ന നന്ദുവും കണ്ടുമുട്ടുന്ന ഹർത്താലിലാണ് തുടക്കം. യാദൃച്ഛികമായി ഉണ്ടായ ആ പരിചയം സൗഹൃദമായും പ്രണയമായും വളർന്നു. അമ്മു മൈസൂരിൽ പഠിക്കുകയാണ്. നന്ദുവിന് മൈസൂരിൽത്തന്നെ ഒരു പ്രൈവറ്റ് ഇൻഷ്വറൻസ് കമ്പനിയിലാണ് ജോലി. നാട്ടിൽ വെച്ച് അവർക്ക് ഈ ബന്ധം സാധ്യമാകാതിരിക്കാൻ കാരണം അവർ രണ്ടു തരം മത-ജാതി-സാമ്പത്തിക വിഭാഗങ്ങളിൽപ്പെട്ടവരായതുകൊണ്ടല്ല എന്നത് മുമ്പേ സൂചിപ്പിച്ച സിനിമകളിൽ നിന്നെല്ലാം ഈടക്കുള്ള വ്യത്യാസമാണ്.

 

കെപിഎം, കെജെപി എന്നീ രണ്ടു രാഷ്ട്രീയ സംഘടനകൾക്കിടയിലാണ് ചേരിതിരിവ്. അമ്മു കെപിഎം കുടുംബത്തിലെ അംഗവും നന്ദു കെജെപി കുടുംബത്തിലെ അംഗവുമാണ് എന്നതാണ് അവർക്കിടയിൽ പ്രണയം വിലക്കപ്പെടാൻ കാരണം. കൊന്നു പകരം വീട്ടിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങളാണിവ രണ്ടും . ജനാധിപത്യ വ്യവസ്ഥയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കിടയിൽ നിലനില്ക്കുന്ന ഗോത്ര, കുല യുക്തികൾ എത്രത്തോളം ശക്തമാണെന്നറിയാൻ 'കുലംകുത്തി' എന്ന ഒരൊറ്റ പ്രയോഗം മതി.

 

മൈസൂരിൽവെച്ച് വിവാഹം രജിസ്റ്റർ ചെയ്യാൻ അമ്മുവും നന്ദുവും തീരുമാനിക്കുന്നു. എന്നാൽ അവിചാരിതമായി വികസിച്ചു വന്ന രാഷ്ട്രീയ സംഘർഷങ്ങളിൽ ആനന്ദ് കുടുങ്ങിപ്പോവുകയാണ്. രക്ഷിക്കാൻ ശ്രമിച്ചയാളെ കൊന്നവനെന്നു മുദ്രകുത്തപ്പെട്ട് പോലീസിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമമാണ് ( ഓട്ടവും ഒളിവിൽ താമസവും ) പിന്നീട്. ഇതിനിടയിൽ അമ്മു വീട്ടുതടങ്ങലിലുമായി. വീട്ടുകാർ അവളെ വിവാഹത്തിനു നിർബന്ധിച്ചു. ആനന്ദിനെ രക്ഷിക്കാമെന്ന ഉറപ്പിന്മേൽ അവളതു സമ്മതിക്കുന്നു. എന്നാൽ താൻ ചതിക്കപ്പെടുകയായിരുന്നു എന്ന് വിവാഹ ദിവസം രാത്രി തന്നെ അറിയുന്ന അമ്മു ആനന്ദിനെത്തേടി ഇറങ്ങുന്നു. കെഎംപിയുടെ വെട്ടു കൊണ്ടു മൃതപ്രായനായ ആനന്ദ് അവളുടെ മടിയിൽ വന്നു വീഴുന്നു. മരിക്കുന്നു. പിറ്റേന്ന് അവൻ്റെ പേരിലുള്ള ഹർത്താൽ ദിവസം കൈകോർത്തു പിടിച്ചു കൊണ്ട് സസന്തോഷം ഒഴിഞ്ഞ റോഡിലൂടെ നടന്നു പോകുന്ന അമ്മുവിലും നന്ദുവിലുമാണ് സിനിമ അവസാനിക്കുന്നത്. സകല വിഭജനങ്ങൾക്കും അതീതമായി പ്രണയം മുന്നേറുമെന്നതാണ് സിനിമയുടെ സ്വപ്നം. എന്നാൽ പ്രണയികൾ ബലിയാവുന്നു എന്നതാണ് യാഥാർത്ഥ്യം.

 

മതങ്ങളെക്കാൾ നാടുവാഴിത്ത ബോധങ്ങളോടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പെരുമാറുന്ന മണ്ണിൽ പ്രണയമെന്നല്ല ഏതു ജൈവിക വികാരങ്ങളും അസാധ്യമാണ്. അതുകൊണ്ടാണ് പിറന്ന മണ്ണു വിട്ട് മൈസൂർ ഒരു മറുലോകമായി അവർ തെരഞ്ഞെടുക്കുന്നത്. അവിടെ അവർക്കു യഥേഷ്ടം പ്രണയിക്കാം നിയമാനുസൃതം വിവാഹം ചെയ്യാം. നാട്ടിലെത്തുമ്പോൾ അവർക്കിടയിലെ പ്രണയം അവരുടെ വീട്ടുകാർക്കു മാത്രമല്ല ആ വീട്ടുകാരുൾപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും അപകടകരവും അപമാനകരവുമാവുന്നു. എതിർ പാർട്ടിയെന്നാൽ ശത്രുരാജ്യമെന്നാണ് അവിടെ അർത്ഥം. യുദ്ധമല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത ശത്രുരാജ്യം. അപ്പോൾ സ്വാഭാവികമായും അതിനിടയിലേക്ക് പ്രണയത്തിനോ പ്രണയികൾക്കോ കടന്നു വരാനാകില്ല. ഒറ്റയടിക്ക് നിഷ്കരുണം ഇല്ലാതാക്കിക്കളയും. അത്തരമൊരു ഇല്ലാതാക്കലാണ് ഈടയിൽ സംഭവിച്ചത്. അതായത് രാഷ്ട്രീയകൊലപാതകത്തിൻ്റെ ലേബലിൽ ഒരു ദുരഭിമാനക്കൊല.

 

ആനന്ദും അമ്മുവും ഷെയ്ൻ നിഗത്തിലും ഐശ്വര്യ നിമിഷ സജയിലും ഭദ്രമായിരിക്കുന്നു. മനസ്സിൽ നിന്നിറങ്ങിപ്പോകാൻ കൂട്ടാക്കാത്ത സിനിമയാണ് ഈട. മുകളിൽ സൂചിപ്പിച്ച സിനിമകളിൽ മതമാണ് പ്രണയികളെ ഇല്ലാതാക്കുന്നതെങ്കിൽ ഈടയിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മതത്തിൻ്റെ റോളിലാണ് എന്നു മാത്രം.

 

വളർത്തി വലുതാക്കിയ മക്കൾ തന്നിഷ്ടപ്രകാരം സ്വജീവിതത്തിലേക്കു പ്രവേശിക്കുമ്പോൾ വീട്ടുകാർക്കുള്ള സ്വാഭാവികമായ അതൃപ്തികൾ, അവിചാരിതമായുണ്ടാകുന്ന വാക്കുതർക്കങ്ങൾ, പെട്ടെന്നുണ്ടാകുന്ന പ്രകോപനങ്ങൾ' അപകടങ്ങൾ - ഇത്തരത്തിലാണ് മേൽ സൂചിപ്പിച്ച സിനിമകളിലെ മത-ജാതിക്കൊലകളും ദുരഭിമാനക്കൊലകളും ചിത്രീകരിക്കപ്പെടുന്നത്. കേരളീയ പൊതുബോധവും ഈ നിലക്കാണ് ഇത്തരം ഇടപെടലുകളെ കണ്ടത്. കാരണം പുരോഗമനത്തിൻ്റെ അഹങ്കാരവുമായി നടക്കുന്നവരാണ് പൊതുവേ മലയാളികൾ. ദുരഭിമാനക്കൊലയോ കേരളത്തിലോ എന്നാണ് നെറ്റി ചുളിക്കൽ'അറിയില്ലേ ശ്രീ നാരായണ ഗുരു, അയ്യങ്കാളി, വിടി, ഇഎംഎസ്, 1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ, പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, സാക്ഷരത, ജനകീയാസൂത്രണം എന്നിങ്ങനെ മഹത്വപരമ്പരാ പ്രഭാഷണങ്ങൾ തുടങ്ങും. പക്ഷേ ഏതു പുരോഗമനക്കാരും ജാതിയും ജാതകവും നോക്കി കല്യാണം കഴിക്കുന്ന ഒരു പ്രദേശമാണ് കേരളമെന്നു നമ്മൾ അതിവിദഗ്ധമായി മറച്ചുവെക്കും. പക്ഷേ മാട്രിമോണിയൽ കോളങ്ങൾ പരസ്യമായിത്തന്നെ ഇരിക്കുമല്ലോ. അതു കൊണ്ട് ദുരഭിമാനക്കൊലകൾ നടക്കാത്ത ഒരിടമാണ് കേരളം എന്നു നമ്മൾ നമ്മളോടു തന്നെ നുണ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നു. അതിനാൽ ഇത്തരത്തിൽ നടന്ന കൊലപാതകങ്ങൾ വെറും കൊലപാതകങ്ങൾ മാത്രമായാണ് അടയാളപ്പെട്ടത്.

 

എന്നാൽ 2018 മാർച്ച് 22 ന് വൈകുന്നേരം അരീക്കോട് വാലില്ലാപ്പുഴ പൂവ്വത്തിക്കുണ്ട് പാലത്തിങ്ങൽ വീട്ടിലെ രാജൻ മകൾ ആതിരയെ(21) വീട്ടുകാർക്കും നാട്ടുകാർക്കും മുമ്പാകെ കുത്തിക്കൊന്നു. പിറ്റേന്ന് അവളുടെ വിവാഹമായിരുന്നു. സൈനികനായ ബ്രിജേഷുമായി അവൾ പ്രണയത്തിലായിരുന്നു. അയാൾ ദളിത് വിഭാഗത്തിൽപ്പെട്ട ആളായിരുന്നതിനാൽ ഈഴവ വിഭാഗത്തിൽപ്പെട്ട രാജൻ ആ ബന്ധത്തെ എതിർത്തിരുന്നു. ബ്രിജേഷിനെ വിളിച്ച് ''താണ ജാതിക്കാരെ കൊണ്ടൊന്നും മകളെ കെട്ടിക്കാൻ പറ്റില്ല. ഞങ്ങൾ നന്നായൊക്കെ ജീവിക്കുന്ന ആൾക്കാരാണ്'' എന്നാണു രാജൻ പറഞ്ഞതത്രെ. അവൾ ബ്രിജേഷിൻ്റെ അടുത്തേക്കു പോയി. അവരവിടെ ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. ബ്രിജേഷ് അവളെ തട്ടിക്കൊണ്ടുപോയെന്ന് രാജൻ പോലീസിൽ പരാതി നല്കി. അരീക്കോട് പോലീസ് ബ്രിജേഷിനെയും ആതിരയെയും വരുത്തി. താൻ ബ്രിജേഷിനോടൊപ്പം പോവുകയാണെന്ന് ആതിര തീർത്തു പറഞ്ഞു. പോലീസ് ഇരുവീട്ടുകാരുമായും ഒത്തുതീർപ്പു ചർച്ചകൾ നടത്തി. അരീക്കോടു സ്റ്റേഷനിലെ പോലീസുകാർ ആതിരക്കു നല്കിയ ദീർഘമായ സാരോപദേശങ്ങളെപ്പറ്റി ബ്രിജേഷ് മാധ്യമങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഒടുവിൽ വിവാഹം നടത്തിത്തരാമെന്ന ഉറപ്പിന്മേൽ പോലീസുകാർ ആതിരയെ നിർബന്ധപൂർവം രാജനോടൊപ്പം വിട്ടു. അച്ഛൻ തന്നെ ഉപദ്രവിച്ചേക്കുമെന്ന ഭയം അവൾ പോലീസുകാരോടു പറഞ്ഞപ്പോൾ പിന്നെ ഞങ്ങളെന്തിനാ പോലീസിൻ്റെ തൊപ്പിയിട്ടിരിക്കുന്നത് എന്നായി. എന്തായാലും കല്യാണം കഴിച്ചയക്കുമെന്ന ഉറപ്പിന്മേൽ ആതിര വീട്ടുകാരോടൊപ്പം പോയി. കല്യാണത്തലേന്ന് രാജൻ മദ്യപിച്ചെത്തി അവളുടെ വിവാഹ വസ്ത്രങ്ങൾ കത്തിച്ചു. കത്തിയുമെടുത്ത് അവൾക്കു നേരെ ഓടി. അവൾ വീട്ടിൽ നിന്നിറങ്ങിയോടി അയൽവീട്ടിൽ അഭയം പ്രാപിച്ചു. രാജൻ പിന്നാലെയെത്തി അവളുടെ ഇടനെഞ്ചിൽ കുത്തി. ഇറങ്ങിയോടിയ അവൾ റോഡിലാണ് കുഴഞ്ഞുവീണത്. നാട്ടുകാരും വീട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവൾ മരണപ്പെട്ടു. രാജനെ ചോര പുരണ്ട രണ്ടു കത്തികളോടെ പോലീസ് അറസ്റ്റു ചെയ്തു. 2020 മെയ് 26 നു മഞ്ചേരി അഡിഷനൽ സെഷൻസ് കോടതി തെളിവില്ലെന്ന കാരണത്താൽ രാജനെ വെറുതെ വിട്ടു. ആതിരയുടെ അമ്മയുൾപ്പടെയുള്ള സാക്ഷികൾ കൂറുമാറിയതാണ് കാരണമായി പറയപ്പെടുന്നത്.

 

കേരളത്തിൽ നടന്ന ആദ്യത്തെ ദുരഭിമാനക്കൊലയെന്ന് മാധ്യമങ്ങൾ ആതിരയുടെ കൊലപാതകത്തെ വിശേഷിപ്പിച്ചു. എന്നാൽ ആ കേസ് വെറും കൊലപാതകമായാണ് അന്വേഷിച്ചതും വിധിച്ചതും. അതു കൊണ്ടു തന്നെ എല്ലാ തെളിവുകളുമുണ്ടായിട്ടും പ്രതി ശിക്ഷിക്കപ്പെട്ടില്ല. ആതിരക്കു നീതി കിട്ടിയില്ല.

 

കേരളത്തിൽ ദുരഭിമാനക്കൊലയെന്ന് ആദ്യമായി രജിസ്റ്റർ ചെയ്ത് അന്വേഷണവും വിചാരണയും നടന്ന കേസ് കെവിൻ വധമാണ്. 2018 മെയ് 24ന് ധനികമായ റോമൻ കത്തോലിക്ക കുടുംബത്തിൽ പിറന്ന നീനു താരതമ്യേന ദരിദ്രനും ലാത്തിൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ടവനുമായ കെവിനെ വീട്ടുകാരുടെ വിസമ്മതം അവഗണിച്ച് രജിസ്റ്റർ വിവാഹം ചെയ്തു. പിറ്റേന്ന് നീനുവിൻ്റെ വീട്ടുകാർ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. വീട്ടുകാരോടൊപ്പം പോകാൻ നീനുവിനെ പോലീസ് നിർബന്ധിച്ചു. ആതിരയെ അരീക്കോട് പോലീസ് നിർബന്ധിച്ച പോലെത്തന്നെ. നീനു വിസമ്മതിച്ചു. രജിസ്റ്റർ വിവാഹത്തിൻ്റെ രേഖകൾ കാണിച്ചു കൊടുത്ത ശേഷമാണ് അവരെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കുന്നത്. വീട്ടുകാരും പോലീസും ചേർന്ന് ബലം പ്രയോഗിച്ച് നീനുവിനെ വീട്ടുകാരോടൊപ്പം പറഞ്ഞയക്കാൻ ശ്രമിച്ചു. നാട്ടുകാർ ബഹളം കേട്ടു തടിച്ചു കൂടിയപ്പോൾ വീട്ടുകാർ സ്ഥലം വിട്ടു.

 

മെയ് 27 ന് കോട്ടയം മാന്നാനത്തുള്ള വീട്ടിൽ നിന്ന് കെവിനും ബന്ധു അനീഷും തട്ടിക്കൊണ്ടു പോകപ്പെടുന്നു. കെവിൻ്റെ പിതാവ് ഗാന്ധിനഗർ കോളനിയിലെത്തി വിവരമറിയിച്ചെങ്കിലും പോലീസ് അതു ഗൗനിച്ചില്ല. അനീഷിനെ അവർ കോട്ടയത്തിനു പുറത്തുള്ള സംക്രാന്തിയിൽ ഇറക്കിവിട്ടു.

 

മെയ് 28 നു രാവിലെ 11 മണിയോടെ നീനു നേരിട്ടു പരാതിയുമായെത്തി. മുഖ്യമന്ത്രിയുടെ സന്ദർശനം കാരണം തിരക്കിലാണെന്നാണ് പോലിസ് പറഞ്ഞതത്രെ. മുഖ്യമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ പോലീസ് 5 മണിയോടെ നീനുവിനെ മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കി.6 മണിക്ക് അവർ അന്വേഷണം ആരംഭിച്ചു. രാത്രി 10 മണിയോടെ കെവിനെ തട്ടിക്കൊണ്ടുപോയ കാർ തെന്മലയിൽ നിന്നു കണ്ടെടുത്തു. പ്രതികളിൽ ഒരാളായ ഇഷാനെ പിടിച്ചു.

 

പിറ്റേന്ന്, മെയ് 28 നു രാവിലെ കെവിൻ്റെ മൃതദേഹം തെന്മലയിൽ നിന്ന് 20 കി.മി. അകലെയുള്ള ചാലിയക്കര തോട്ടിൽ നിന്നു കണ്ടെത്തി. കെവിൻ കാറിൽ നിന്നു ചാടിപ്പോയി ആറ്റിൽ വീണു മുങ്ങി മരിച്ചതാണെന്നായിരുന്നു പ്രതികൾ പറഞ്ഞത്. എന്നാൽ മുക്കിക്കൊല്ലപ്പെട്ടതാണെന്നായിരുന്നു ഫോറൻസിക് റിപ്പോർട്ട്. ഓഗസ്റ്റ് 21 ന് ദുരഭിമാനക്കൊലയെന്ന പേരിൽത്തന്നെ കുറ്റപത്രം സമർപ്പിക്കപ്പെട്ടു. കോട്ടയം അഡിഷനൽ സെഷൻസ് കോടതിയിൽ ഒക്ടോബർ 6ന് വിചാരണ ആരംഭിച്ചു.നവംബർ 7 ന് ദുരഭിമാനക്കൊലയുടെ പരിധിയിൽപ്പെടുത്തി വിചാരണ ചെയ്യാൻ തീരുമാനമായി. 2019 ജൂലൈ 30ന് 90 ദിവസം നീണ്ടു നിന്ന വിചാരണ അവസാനിച്ചു. ഓഗസ്റ്റ് 14ന് ദുരഭിമാനക്കൊലയെന്ന വിഷയത്തിൽ ഇരുവിഭാഗങ്ങളുടെയും വാദം കോടതി കേട്ടു. ഓഗസ്റ്റ് 22 ന് നീനുവിൻ്റെ സഹോദരൻ ഷാനോ ചാക്കോ ഉൾപ്പടെ 10 പ്രതികൾക്കു പിഴയും ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു. നീനുവിൻ്റെ പിതാവുൾപ്പടെ നാലുപേരെ സംശയത്തിൻ്റെ ആനുകൂല്യത്തിൽ വെറുതെ വിട്ടു. ക്രിമിനൽ പശ്ചാത്തലം ഇല്ലാതിരുന്നതും പ്രായക്കുറവും പരിഗണിച്ചാണ് പ്രതികൾക്കു വധശിക്ഷ വിധിക്കാത്തതെന്ന് കോടതി പറഞ്ഞു.

 

കേരളത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു കെവിൻ്റെ വധം. കെവിൻ്റെ ശവസംസ്കാരച്ചടങ്ങിൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ആയിരങ്ങൾ പങ്കെടുത്തു. പിന്നീടും നിരവധി പേർ കെവിൻ്റെ വീടു സന്ദർശിച്ചു. കെവിൻ്റെ മാതാപിതാക്കളോടൊപ്പമാണ് നീനു. അവളുടെ പഠന ചുമതല സർക്കാർ ഏറ്റെടുത്തു. അവർക്കു വീടും നിർമ്മിച്ചു കൊടുത്തു. ദുരഭിമാനക്കൊലയെന്ന വാക്ക് കേരളത്തിലെ ഉത്തരവാദപ്പെട്ട നീതിനിർവഹണ സംവിധാനങ്ങൾ ആദ്യമായി ഉച്ചരിക്കുകയായിരുന്നു. മലയാളികളെ ആ അർഥത്തിൽ ഞെട്ടിച്ച സംഭവം കൂടിയായിരുന്നു അത്.. ഇതുവരെ ഉദാസീനമായി കടന്നു പോന്ന കൊലപാതകങ്ങൾ പലതും ദുരഭിമാനക്കൊലകൾ തന്നെയായിരുന്നുവെന്ന തിരിച്ചറിവിലേക്ക് കേരളീയ പൊതുബോധത്തെ ഉണർത്തിയ സംഭവം എന്ന നിലക്ക് കെവിൻ സംഭവം ഒരു നാഴികക്കല്ലാണ്. ഉത്തരേന്ത്യയിലും തമിഴ് നാട്ടിലും മാത്രമല്ല കേരളത്തിലും ദുരഭിമാനക്കൊലകൾ നടക്കുന്നുവെന്ന തിരിച്ചറിവു കൂടിയായിരുന്നു അത്. അവിടങ്ങളിലെ പോലീസിൻ്റെ അതേ മനോഭാവം തന്നെയാണ് കേരളാ പോലീസിനും ഇക്കാര്യത്തിൽ ഉള്ളതെന്നു തെളിയിച്ച സംഭവങ്ങൾ കൂടിയായി ആതിരയുടെയും കെവിൻ്റെയും കൊലപാതകങ്ങൾ മാറി. പോലീസ് യഥാസമയം നീതിപൂർവം ഉത്തരവാദിത്വം നിർവഹിച്ചിരുന്നെങ്കിൽ ആതിരയും കെവിനും ഇന്നും സസന്തോഷം നമുക്കിടയിൽ ഉണ്ടാവുമായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

 

ദുരഭിമാനക്കൊലയെക്കുറിച്ചുള്ള ഈ മലയാളി തിരിച്ചറിവിൻ്റെ പിന്തുടർച്ചയിലാണ് പ്രതാപ് ജോസഫിൻ്റെ ഒരു രാത്രി ഒരു പകൽ(2019) എന്ന പടം പുറത്തിറങ്ങുന്നത്. വളരെ നിയന്ത്രിതമായ രീതിയിലാണ് സൂചനാത്മകമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. യമുനയുടെയും മാരിയുടെയും അഭിനയം നല്ലതാണ്. ബോക്സ് ഓഫിസിൽ വിജയിക്കാൻ സാധ്യതയുള്ള ഒരു ജനപ്രിയ സിനിമയല്ല ഇത്. ദുരഭിമാനക്കൊലയെ ന്യായീകരിക്കുന്നവർ ഈ സിനിമയുടെ പ്രേക്ഷകരാകാൻ ഇടയില്ല. അന്വേഷിച്ചു പോകുന്നവരിലേക്കെത്തുന്ന സിനിമയാണിത്. പക്ഷെ ഈ വിഷയത്തിൽ മലയാളി സമൂഹത്തെ അന്വേഷിച്ചെത്തുകയും ജനപ്രിയമാവുകയും ചെയ്യുന്ന തുറന്ന ഉച്ചത്തിലുള്ള സിനിമകളുടെ ആവശ്യമുണ്ട്. കാരണം, ''മരിച്ചവർ തിരിച്ചു വരും. അവർക്കു കൂടിയുള്ളതാണ് ഈ ലോകം '' ( ചേട്ടത്തി -ഡി അനിൽകുമാർ)


Geetha