editorial

29 Jun 2020 02:10 AM IST

TKV

മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും വായ മൂടുക

കാറുകളിൽ എ.സി ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലതെന്ന നിർദ്ദേശം പോലും അനുസരിക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള നേതാക്കളും സംസാരിക്കുമ്പോൾ മാസ്ക് ധരിക്കാൻ തയ്യാറാകണം. ജനങ്ങളുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം പറയേണ്ട ആരോഗ്യപ്രവർത്തകർ അല്പം കൂടി ദയ അർഹിക്കുന്നു.

കോവിഡ് 19 നെ നേരിടാൻ അടച്ചു പൂട്ടി വീട്ടിലിരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടപ്പോൾ അതേപടി അനുസരിച്ചവരാണ് നമ്മുടെ നാട്ടുകാർ. ലോക് ഡൗൺ തുടങ്ങും മുമ്പ് സാനിറ്റയ്സർ ഉപയോഗിക്കണമെന്ന് പറഞ്ഞപ്പോൾ അതും കർശനമായി പാലിച്ചു. മാസ്ക് ധരിക്കണമെന്നും ശാരീരിക അകലം പാലിക്കണമെന്നുമുള്ള നിർദ്ദേശങ്ങളും അനുസരിക്കാൻ ജനങ്ങൾ ശ്രദ്ധിച്ചു. ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തുന്നവരുടെ പേരിൽ നടപടികൾ ഉണ്ടാകുന്നുമുണ്ട്. പക്ഷേ, ഈ നിയന്ത്രണങ്ങളും നിരോധനങ്ങളും എല്ലാം സാധാരണ ജനങ്ങൾക്ക് മാത്രം ബാധകവും തങ്ങൾ ഇതിനൊക്കെ അതീതരും എന്ന ഭാവവും സമീപനവുമാണ് നമ്മളെ ഭരിക്കുന്നവർക്കും ഭരിക്കാൻ ഊഴം കാത്തിരിക്കുന്നവർക്കുമുള്ളത്.

 

മാസ്ക് ധരിക്കുന്നത് വായയും മൂക്കും മറയ്ക്കാനാണ്. എങ്ങനെ മാസ്ക് ധരിക്കണമെന്ന് ജനങ്ങളെ പ്രചാരണ സംവിധാനങ്ങളിലൂടെ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. സംസാരിക്കുമ്പോഴാണ് മാസ്ക് നിർബന്ധമായും ധരിക്കേണ്ടത്. എന്നാൽ, സംസാരിക്കുമ്പോൾ മാസ്ക് മാറ്റി, എങ്ങനെ മാസ്ക് ഉപയോഗിക്കാൻ പാടില്ല എന്ന തെറ്റായ മാതൃക കാണിക്കാൻ ഇവിടെ നേതൃത്വം നൽകുന്നത് ശരിയായ മാതൃക കാണിക്കാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രിയാണ്. എല്ലാ കാര്യങ്ങളിലുമെന്നതുപോലെ ഇക്കാര്യത്തിലും മറ്റു മന്ത്രിമാർ അദ്ദേഹത്തെ അനുസരണയോടെ പിന്തുടരുന്നു. എങ്കിൽ പിന്നെ തങ്ങൾ ഒട്ടും മോശമാകരുതല്ലോ എന്ന വാശിയിൽ പ്രതിപക്ഷ നേതാവും മറ്റു പ്രതിപക്ഷ നേതാക്കളും കഴുത്തിലും ചെവിയിലുമൊക്കെ മാസ്ക് തൂക്കിയിട്ടുകൊണ്ടു ഘോരഘോരം പ്രസംഗിച്ച് തങ്ങളുടെ മിടുക്ക് കാണിക്കുന്നു.

 

കഴുത്തിൽ തൂക്കാനുള്ള ഒരു അലങ്കാരം എന്ന നിലയിൽ മാസ്ക് ഉപയോഗിക്കുന്നതുപോലെയാണ് ശാരീരിക അകലത്തിന്റെ കാര്യത്തിലും ആൾക്കൂട്ടങ്ങളുടെ കാര്യത്തിലുമുള്ള നിയന്ത്രണങ്ങളും. സാധാരണക്കാർക്ക് ഈ നിയന്ത്രങ്ങളെല്ലാം ബാധകമാണ്. റേഷൻ കടയിലും മദ്യശാലയിലും ഒക്കെ കൃത്യം അകലം പാലിച്ചില്ലെങ്കിൽ പൊക്കി കൊണ്ടുപോകാൻ സദാ ജാഗരൂകരായി പോലീസുണ്ട്. മരണവീടുകളിൽ ആൾക്കൂട്ടമുണ്ടാകാതെ നോക്കാനും പോലീസുണ്ട്. നല്ല കാര്യം. ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കവേ മരണമടഞ്ഞ സിപിഎം നേതാവ് കുഞ്ഞനന്തന്റെ ശവമടക്കിന് നൂറു കണക്കിന് ആളുകളാണ് അയാളുടെ വീട്ടിലേക്കൊഴുകിയത്. ക്യൂവിൽ തിങ്ങി ഞെരുങ്ങി നിന്നാണ് ആളുകൾ മൃതദേഹം കണ്ടത്. പ്രതിപക്ഷ നേതാവ് ചെന്നിത്തല ഉച്ചഭക്ഷണം വൈകിക്കഴിച്ചുകൊണ്ടു നടത്തിയ 'സമരത്തിന്' അഭിവാദ്യം അർപ്പിക്കാൻ യുഡിഎഫ് പ്രവർത്തകർ ഒരു നിയന്ത്രണവും പാലിക്കാതെയാണ് സെക്രട്ടറിയേറ്റിനു മുന്നിലെ പന്തലിൽ ഇടിച്ചു കയറിയത്.

 

കോവിഡ് 19 ഉടനെയൊന്നും വിട്ടുപോകുന്ന ലക്ഷണമില്ല. രോഗികളുടെ എണ്ണം നാൾക്കുനാൾ കൂടുകയാണ്. പുറംനാടുകളിൽനിന്ന് ആളുകൾ കൂടുതൽ വരുന്നതോടെ രോഗികളുടെ എണ്ണം ഇനിയും കൂടും. സാമൂഹ്യവ്യാപനം എന്ന അപകടം സംഭവിക്കും എന്നു തന്നെയാണ് വിദഗ്ധരെല്ലാം പറയുന്നത്. കടുത്ത പ്രയാസങ്ങൾ നേരിടുമ്പോഴും നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് രോഗവ്യാപനം വർദ്ധിപ്പിക്കാതിരിക്കാൻ കഷ്ടപ്പെടുകയാണ് സാധാരണക്കാർ. കാറുകളിൽ എ.സി ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലതെന്ന നിർദ്ദേശം പോലും അനുസരിക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള നേതാക്കളും അല്പം മര്യാദ കാണിക്കാൻ തയ്യാറാകണം. പറയുന്നതിന്റെ പത്തിലൊന്ന് എങ്കിലും പ്രവൃത്തിയിൽ കാണിക്കാനുള്ള വിവേകം ഭരണാധികാരികളിലും ഭരിക്കാൻ കാത്തിരിക്കുന്നവരിലും നിന്നുണ്ടാകണം.

 

''മരണ വീട്ടിൽ 20 പേർ മാത്രമേ ആകാവൂ എന്നതിനെ, ഒരു സമയത്ത് 20 പേർ എന്ന് തെറ്റായി വ്യാഖ്യാനിച്ച് 20 ൽ കൂടുതൽ ആളുകൾ കൂടുന്നത് അനുവദിക്കില്ലെ"ന്ന് പറഞ്ഞ മുഖ്യമന്ത്രി കുഞ്ഞനന്തന്റെ വീട്ടിലെ ആൾക്കൂട്ടം കണ്ടില്ല. മാസ്ക് കഴുത്തിൽ ചുരുട്ടിക്കൂട്ടി വയ്ക്കുന്ന അധികാരികൾ, മാസ്ക് ധരിക്കേണ്ടത് എങ്ങനെ എന്ന് സാധാരണക്കാരെ പഠിപ്പിച്ചുകൊടുക്കുന്ന ആരോഗ്യപ്രവർത്തകരെ അപമാനിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ധരിക്കുന്നതുപോലെ മാസ്ക് ധരിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് ഒരാൾ വാദിച്ചാൽ എന്ത് മറുപടി നൽകും ? സംസാരിക്കുമ്പോഴെങ്കിലും മൂക്കും വായയും മറച്ചു വയ്ക്കാനുള്ള സാമാന്യ വിവേകം കാണിക്കണമെന്ന്, ഈ പ്രമാണിമാരോട് അവരുടെ ചുറ്റും കൂടി നിൽക്കുന്ന 'ഉപദേശി'കളിലോ ശിങ്കിടികളിലോ ആർക്കെങ്കിലും ഒരാൾക്ക് പറഞ്ഞുകൊടുത്തുകൂടേ ? പറയാനുള്ള ഭയം മനസ്സിലാക്കാൻ കഴിയും. വാക്കൈപൊത്തി നിന്നുകൊണ്ടാണെങ്കിലും ഉപദേശി, ശിങ്കിടിമാരിൽ ആരെങ്കിലും അത് പറയണം. ജനങ്ങൾ ക്ഷമയുടെ നെല്ലിപ്പലക കണ്ടു കഴിഞ്ഞു.

 

 


TKV