Open Space

17 Jul 2020 07:15 AM IST

Santa VJ

ഒരു വയനാട്ടുകാരിയുടെ അപേക്ഷ

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആളുകളുമായി വരുന്ന വാഹനങ്ങൾ, അതിർത്തിയിൽ നിറുത്തി ഏതു സ്ഥലത്തേക്കാണോ പോകേണ്ടത്, ആ സ്ഥലത്തിൻ്റെ പേരെഴുതിയ സ്റ്റിക്കർ പതിച്ചാണ് കടത്തിവിടുക. ക്വാറൻ്റീനിൽ പോകേണ്ടവർ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ മറ്റാരുമായി ബന്ധപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ 'പ്രബുദ്ധരായ' നഗരവാസികൾ വയനാട്ടിലെത്തുമ്പോൾ സ്റ്റിക്കർ ഇളക്കി മാറ്റുന്നത് അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു.

വയനാട് അണുവിട തെറ്റിയാൽ ഒരു ബയോളജിക്കൽ ബോംബാകാൻ സാധ്യതയുള്ള ജില്ല.

 

ഞങ്ങളെ കൊല്ലാതിരിക്കാൻ പറ്റുമോ? വയനാട്ടുകാരുടെ അപേക്ഷയാണിത്. ഒരു ജനതയുടെ വളരെ ദീനരായ യാചനയായി കണക്കാക്കിയാൽ മതി.

 

കർണ്ണാടകയും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മലയോര ജില്ല. മാറി മാറി വന്ന സർക്കാരുകളുടെ അനുഗ്രഹം കൊണ്ട് ആരോഗ്യമേഖലയടക്കമുള്ള സർവ്വ മേഖലകളിലും വികസിച്ചു വികസിച്ച് താങ്ങാനാവാതെ എപ്പോൾ വേണമെങ്കിലും പൊട്ടാമെന്നായ ജില്ല. പലയിടങ്ങളിൽ തറക്കല്ലിടലിൽ മാത്രം മെഡിക്കൽക്കോളേജെന്ന സ്വപ്നം ഇപ്പോഴും ബാക്കി നിൽക്കുന്ന ഏക ജില്ല. പ്രകൃതിയും മനുഷ്യരും സെൻസിറ്റീവാണ്. ട്രൈബൽ ബെൽറ്റുകളിൽ സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസർ ഇവയ്ക്കൊന്നും പ്രസക്തിയില്ലന്ന് മാത്രമല്ല, അർത്ഥശൂന്യവുമാണ്. കാരണം അവർ കൂട്ടമായി വസിക്കുന്നതു കൊണ്ടാണ് കോളനി എന്ന ഇംഗ്ലീഷ് പേരിൽ അറിയപ്പെടുന്നത്.

 

ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മറ്റു ജില്ലക്കാരുടെ വണ്ടിയിൽക്വാറൻ്റിൻ സ്റ്റിക്കർ പതിപ്പിച്ചാണ് അതിർത്തിയിൽ നിന്നും കടത്തിവിടുന്നത്. അതുകൊണ്ടു ഉദ്ദേശിക്കുന്നതു വണ്ടി എവിടെയും നിർത്താതെ അവരുടെ ലക്ഷ്യസ്ഥാനത്തു മാത്രമേ നിർത്താൻ പാടുള്ളൂ എന്നതാണ്. ഈ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ അതു കർശനമായി പാലിക്കേണ്ടതാണ്. ഇവരിൽ കൊറോണാ രോഗികളുണ്ടാകാം, വാഹകരുണ്ടാകാം, സംശയിക്കുന്നവരുണ്ടാകാം, ഒന്നുമില്ലാത്തവരുണ്ടാകാം എന്നതുകൊണ്ടാണ് ഈ നിർദ്ദേശം കർശനമായി പാലിക്കേണ്ടത്.പക്ഷേ, നഗരം വിട്ടു കഴിയുവോൾ മുന്നറിയിപ്പു സ്റ്റിക്കർ പറിച്ചു കളയുകയും സകല കടകളിലും ഹോട്ടലുകളിലും കയറി ഷോപ്പിംഗ് (14 ദിവസം ക്വാറൻറ്റീൻ ഇരിക്കാനായി ) നടത്തി നാനാവിധം രോഗം പടർത്തിപ്പോകുകയാണ് 'പ്രബുദ്ധരായ' നഗര വാസികൾ ചെയ്യുന്നത്.

 

കഴിഞ്ഞ ദിവസം സംശയം തോന്നിയ വണ്ടി നാട്ടുകാർ തടഞ്ഞ് പോലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോഴാണത്രേ
കൊവിഡ് സ്റ്റിക്കർ പതിച്ചിരുന്ന വണ്ടിയാണന്ന് അറിയുന്നത്. ഇപ്പോൾ പോലീസ് കോൺവോയ് ആയി വണ്ടികളെ ചുരം വരെ എത്തിക്കുന്നു എന്നും കേൾക്കുന്നു.എത്ര വലിയ ജാഗ്രതയാണ് നമ്മൾ സമൂഹത്തോട് കാണിക്കുന്നത് ! ഇതിലും വലിയ ജാഗ്രത സ്വപ്നങ്ങളിൽ മാത്രം. കൊവിഡ് 19 ഒരു മനുഷ്യേതര ജീവിയും പടർത്തുന്നില്ല എന്നതാണ് അത്ഭുതം.


Santa VJ