Health

01 May 2020 01:30 AM IST

ശ്രീചിത്ര ക്ഷേമപദ്ധതികൾ നിറുത്തുന്നു

പാവപ്പെട്ടവർക്കള്ള എല്ലാ ക്ഷേമ- ആശ്വാസ പദ്ധതികളും ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് നിറുത്തലാക്കുന്നു.

പാവപ്പെട്ടവർക്കള്ള എല്ലാ ക്ഷേമ- ആശ്വാസ പദ്ധതികളും ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് നിറുത്തലാക്കുന്നു. കാരുണ്യ ബെനിഫിറ്റ് ഫണ്ട് സ്കീം (കെബിഎഫ്), കോംപ്രഹൻസീവ് ഹെൽത്ത് ഇൻഷ്വറൻസ് ഏജൻസി ഒഫ് കേരള, രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം, താലോലം തുടങ്ങിയ എല്ലാ സർക്കാർ പദ്ധതികളും നിറുത്തലാക്കുന്നതായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് ഏപ്രിൽ 20ന് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ജൂൺ 1 മുതൽ രോഗികൾക്ക് ഈ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല.

 

ക്ഷേമ പദ്ധതികൾക്ക് സർക്കാരിൽ നിന്ന് ലഭിക്കേണ്ട കുടിശ്ശിക കിട്ടാനുണ്ടെന്ന പേരിലാണ് പാവപ്പെട്ടവർക്കുള്ള ക്ഷേമ പദ്ധതികൾ ശ്രീചിത്ര നിർത്തലാക്കുന്നത്. കിട്ടാനുള്ള കുടിശ്ശിക ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് ഉണ്ടായതല്ല. കഴിഞ്ഞ 3-4 വർഷങ്ങളായി ലഭിക്കാനുള്ള കുടിശ്ശികയുടെ പേരിലാണ് പൊടുന്നനെ ക്ഷേമപദ്ധതികൾ അവസാനിപ്പിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത്. കിട്ടാനുള്ള തുക സർക്കാരിൽ നിന്ന് വാങ്ങിയെടുക്കുവാൻ ഫലപ്രദമായ ഒരു ഇടപെട ഇതുവരെ ശ്രീ ചിത്രയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

 

ഡയറക്ടർ സ്വന്തം നിലയിൽ മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട മന്ത്രിമാരുമായും നേരിട്ട് ചർച്ച നടത്തിയാൽ നിഷ്പ്രയാസം പരിഹരിക്കാൻ കഴിയുമായിരുന്ന പ്രശ്നമാണ് പാവപ്പെട്ടവരുടെ ചികിത്സാ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന അവസ്ഥയിലേക്ക് ശ്രീചിത്ര അധികൃതർ കൊണ്ടെത്തിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ്ബോഡിയിലെ അംഗമാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ്ബോഡി മീറ്റിംഗിൽ പോലും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ ഈ കാര്യം കൊണ്ടുവന്നതായി രേഖകളിൽ കാണുന്നില്ല.

 

സ്ഥാപനത്തിന്റെ സാമ്പത്തിക അടിത്തറയെ തന്നെ ബാധിക്കുന്ന ഈ ബാധ്യത ഇത്രയധികം രൂക്ഷമായത് ശ്രീചിത്ര അധികൃതരുടെ പിടിപ്പുകേടും ഭരണത്തിന്റെയും, ധനകാര്യ മാനേജ്മെന്റിലെ കെടുകാര്യസ്ഥതയും മൂലമാണ്. അധികാരികളുടെ കഴിവുകേടിനും ആത്മാർത്ഥതയില്ലായ്ക്കും പാവപ്പെട്ട രോഗികൾ ബലിയാടുകളാക്കപ്പെടുകയാണ്.