Health

26 Apr 2020 03:30 AM IST

Reporter-Leftclicknews

അണുനശീകരണം : ട്രംപിൻ്റെ വഴി നമുക്കു വേണ്ട

കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി അണുനശീകരണം എന്ന പേരിൽ നടത്തുന്ന ചില പ്രവർത്തനങ്ങൾ അശാസ്ത്രീയവും അപകടകരവുമാണ്. കേരളത്തിലെ പ്രമുഖമായ ഒരു ആരോഗ്യ ഗവേഷണ കേന്ദ്രം പോലും തെറ്റായ രീതികൾക്ക് പ്രോത്സാഹനം നല്കുന്നു.

ഇന്ത്യാ മഹാരാജ്യം സമ്പൂർണ അടച്ചു പൂട്ടലിലേക്ക് നീങ്ങിയ ആദ്യനാളുകൾ, രാജ്യ തലസ്ഥാനത്തു നിന്നും, പുത്തൻ ഇന്ത്യയുടെ വൻനഗരങ്ങളിൽ നിന്നും ഹിന്ദി ഹൃദയ ഭൂമിയിലൂടെ ഇന്നാട്ടിലെ ഏറ്റവും പാവപ്പെട്ടവന്റെ നിലയ്ക്കാത്ത പ്രവാഹത്തിനാണ് സാക്ഷ്യം വഹിച്ചത്. ഒറ്റരാത്രികൊണ്ട് ഉപജീവനത്തിനുള്ള വഴികൾ കൊട്ടിയടക്കപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ, വിദൂരമായ സ്വന്തം ഗ്രാമങ്ങളിലേക്കുള്ള തിരിച്ചുപോക്ക്. വിഭജനത്തിന്റെ നാളുകളെ ഓർമ്മപ്പെടുത്തിയ കൂട്ടപ്പലായനം. കരുണാഹീനരായ ഭരണാധികാരികൾ അക്ഷരാർത്ഥത്തിൽ വഴിയാധാരമാക്കിയ ഇവർ ഈ മടക്കയാത്രയിലുടനീളം നേരിട്ട അവഹേളനങ്ങൾക്ക് കയ്യും കണക്കുമില്ല. യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിൽ ബെറയ്ലിയിൽ വച്ച് ഈ മനുഷ്യജീവികളുടെ ദേഹത്തേക്ക് അണുനാശിനി തളിച്ച സംഭവം മനസ്സാക്ഷിയുള്ളവരെയെല്ലാം വേദനിപ്പിച്ച ഒന്നായിരുന്നു. ഇക്കാര്യം ഇപ്പോൾ ഓർമ്മപ്പെടുത്തിയത്, അമേരിക്കൻ ഐക്യനാടുകളിൽ കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചുവീഴുമ്പോഴും ലോകം മുഴുവൻ തന്റെ സാമ്രാജ്യമാക്കാൻ സ്വപ്നം കാണുന്ന ഡൊണാൾഡ് ട്രംപ് എന്ന ഭരണാധികാരിയുടെ ഒടുവിലത്തെ ജല്പനങ്ങളാണ്. മനുഷ്യ ശരീരത്തിലേക്ക് അണുനാശിനികൾ കുത്തിവച്ചോ അൾട്രാ വയലറ്റ് രശ്മികൾ കടത്തിവിട്ടിട്ടോ കോവിഡ് തടയാമെന്നാണ് ട്രംപിന്റെ അവകാശവാദം. ഇതിനെതിരേ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ഡോ. സ്റ്റീഫൻ ഹാൻ തന്നെ രംഗത്ത് വരേണ്ടിവന്നു. വൈറ്റ്ഹൗസ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സ് അംഗവുമാണ് ഡോക്ടർ ഹാൻ.

 

ഉത്തർപ്രദേശിൽ നിസ്സഹായരായ മനുഷ്യരുടെ മേൽ പ്രയോഗിച്ചതും ട്രംപ് നിർദ്ദേശിക്കുന്നതും അണുനാശിനിയായ സോഡിയം ഹൈപ്പോക്ലോറൈറ്റ് (Bleach)ആണ്. യഥാർത്ഥത്തിൽ അണുനാശിനി (Disinfectant) എന്നത് തന്നെ അചേതനമായ പ്രതലങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന രോഗകാരികളായ ബാക്ടീരിയകളെയും മറ്റ് സൂക്ഷ്മജീവികളെയും നശിപ്പിക്കാൻ ഉപയോഗിക്കുന്ന ശക്തമായ രാസപദാർത്ഥങ്ങൾ മാത്രമാണ്.രോഗബാധിതരായ ആളുകൾ നിരന്തരം സ്പർശിക്കാൻ ഇടയുണ്ടായിട്ടുള്ള പ്രതലങ്ങളും മറ്റും അണു വിമുക്തമാക്കുന്നതിനു വേണ്ടി ഇവ ഉപയോഗിക്കുന്നതിൽ തെറ്റില്ല. അല്ലാതെ ജീവനുള്ള ശരീരത്തിൽ പ്രയോഗിക്കാനുള്ളതല്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയം സോഡിയം ഹൈപ്പോക്ലോറൈറ്റ് മനുഷ്യ ശരീരത്തിൽ സ്പ്രേ ചെയ്യുന്നത് വിലക്കിയിട്ടുമുണ്ട്. ഗ്ലൗസ് ഉൾപ്പടെയുള്ള മുൻ കരുതലുകൾ സ്വീകരിച്ചുവേണം ഇത്തരം വസ്തുക്കൾ കൈകാര്യം ചെയ്യേണ്ടത് എന്നും നിർദേശിക്കുന്നു.

 

കോവിഡ്-19 വൈറസുമായി സമ്പർക്കത്തിലായിക്കഴിഞ്ഞ ഒരു വ്യക്തിയുടെ ഉള്ളിൽ പ്രവേശിച്ച വൈറസിനെ ഇല്ലാതാക്കാൻ പുറമേ പ്രയോഗിക്കുന്ന അണുനാശിനിക്ക് സാധിക്കില്ലെന്നു മാത്രമല്ല, വസ്ത്രങ്ങളിലോ ബാഹ്യശരീരത്തിലോ ഫലപ്രദമായി അണുനശീകരണം നടത്തുന്നതിനുപോലും ബ്ലീച്ചുപോലുള്ള അണുനശീകരണികൾക്ക് കഴിയുമെന്നതിന്‌ ശാസ്ത്രീയമായ തെളിവുകൾ ഇല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇവ കണ്ണുകളെയും ത്വക്കിനെയും അപകടത്തിലാക്കുമെന്നും, അണുനശീകരണികൾ സുരക്ഷിതമാണെന്ന തെറ്റിദ്ധാരണ പരക്കുന്നത് നമ്മൾ ഇപ്പോൾ ഫലപ്രദമായി സ്വീകരിച്ചുവരുന്ന സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകൽ, സാമൂഹ്യ അകലം പാലിക്കൽ തുടങ്ങിയവയെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നല്കുന്നു. ബ്ലീച്ചിനേക്കാൾ അപകടകരമായ ഹൈഡ്റജൻ പെറോക്സൈഡിന് വേണ്ടി നമ്മുടെ ശാസ്ത്രലോകം മുറവിളി കൂട്ടുന്നത്‌ യഥാർത്ഥത്തിൽ ഭീതി ജനിപ്പിക്കുന്നു.

 

കേരളത്തിന്റെ അഭിമാനസ്തംഭം എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഒരു ഗവേഷണസ്ഥാപനം മുന്നോട്ടുവയ്ക്കുന്ന, ഇനിയും അനുമതി ലഭിച്ചിട്ടില്ലാത്ത ‘അണുനശീകരണ ഇടനാഴി’ (Disinfectant Gateway) മുഖ്യമായും ഹൈഡ്രജൻ പെറോക്സൈഡും അൾട്രാ വയലറ്റ് രശ്മികളും ഉപയോഗിച്ചുകൊണ്ടുള്ള ഒന്നാണ്. ഹൈഡ്രജൻ പെറോക്സൈഡ് ജനിതക വൈകല്യങ്ങൾക്കും, ക്യാൻസറിനും കാരണമാകുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റ പേരിൽ ശരീരത്തിലേക്ക് അണുനാശിനി പ്രയോഗിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവുമാണ്. ശാസ്ത്രാഭിമുഖ്യമോ സാമാന്യ ബോധമോ ഇല്ലാത്ത ഭരണാധികാരികൾക്ക് എന്തും വിളിച്ചുകൂവാം, പക്ഷേ പബ്ലിസിറ്റിക്ക് വേണ്ടി വ്യാജമായ അവകാശവാദങ്ങളുമായി ശാസ്ത്രലോകം ഒരുമ്പെട്ട് ഇറങ്ങിയാൽ അത് നമ്മുടെ നിലനില്പ് തന്നെ അപകടത്തിലാക്കിയേക്കാം.


Reporter-Leftclicknews