Go to hell Kairali TV! കൈരളിയെയും ബ്രിട്ടാസിനെയും തുറന്നുകാട്ടി റീമ കല്ലിംഗൽ

#

(18.02.2017) : സ്വന്തം ചാനലിൽ നടക്കുന്നത് എന്താണെന്ന് അറിയില്ലെങ്കിൽ രാജി വെച്ച് പുറത്തുപോകാൻ ജോൺ ബ്രിട്ടാസിനോട് നടി റീമാ കല്ലിംഗൽ. ഒരു മനുഷ്യജീവി ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ അതിൽ നിന്ന് സെൻസേഷണൽ വാർത്തകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് കൈരളി ഓൺലൈനും ബ്രിട്ടാസും ചെയ്യുന്നതെന്ന് റീമ അവരുടെ ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു.

നടി ഭാവനയെ തട്ടിക്കൊണ്ടു പോയത് സംബനധിച്ച്, മജിസ്‌ട്രേട്ടിന് മുന്നിൽ നൽകിയ രഹസ്യമൊഴിയെ അടിസ്ഥാനപ്പെടുത്തി എന്ന രീതിയിൽ കൈരളി കൊടുത്തിരിക്കുന്ന വാർത്ത എല്ലാ നൈതിക മൂല്യങ്ങളെയും മാധ്യമ ധർമ്മത്തെയും വെല്ലുവിളിക്കുന്നതാണ്. ആ വാർത്തയോടുള്ള പ്രതികരണമാണ് റീമയുടെ ഫെയ്‌സ് ബുക് പോസ്റ്റ്. കൈരളിയുടെ നിന്ദ്യമായ വാർത്തയിൽ നിന്നുള്ള ഭാഗങ്ങൾ ഞങ്ങൾ ഇവിടെ ഉദ്ധരിക്കുന്നില്ല. ആഭ്യന്തര വകുപ്പ് കൂടി ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മാനേജിംഗ് ഡയറക്ടറായ പാർട്ടി ബന്ധമുള്ള ചാനൽ, പോലീസ് സ്രോതസ്സിനെ ആശ്രയിച്ച് ഇത്തരത്തിൽ വാർത്ത നൽകുന്നതിലെ ധാർമ്മികവും നൈതികവുമായ പ്രശ്നങ്ങൾ കേരളീയ സമൂഹം ചർച്ച ചെയ്യട്ടെ. തികച്ചും സ്ത്രീവിരുദ്ധമായ വാർത്തകളും പോസ്റ്റുകളുമാണ് കൈരളി ഓൺലൈൻ പ്രസിദ്ധീകരിക്കുന്നത് എന്ന വിമർശനം നേരത്തെ തന്നെ ശക്തമാണ്.