യത്തീം കുട്ടികള്‍ക്ക് വേണ്ടി സുപ്രീം കോടതി വരെയും പോകും : മുക്കം അനാഥാലായം

#

അന്യസംസ്ഥാനത്ത് നിന്നും പാവപ്പെട്ട കുട്ടികളെ കേരളത്തില്‍ കൊണ്ടുവന്ന് പ ിപ്പിക്കാന്‍ വേണ്ടി സുപ്രീം കോടതിയില്‍ വരെ വേണെങ്കിലും പോകുമെന്നും അത് തങ്ങളുടെ കടമയാണെന്നും മുക്കം മുസ്ലീം അനാഥാലയത്തിലെ വൈസ് പ്രസിഡന്റ് മുഹമ്മദ് മോന്‍ ഹാജി അഭിപ്രായപ്പെട്ടു. ഇന്ന് രാത്രി 8 മണിയോടു കൂടി പാറ്റ്‌ന എക്‌സ്പ്രസില്‍ 119 കുട്ടികളെ മടക്കി അയ്ക്കുന്ന പശ്ചാത്തലത്തിലാണ് മുക്കം മുസ്ലീം ഓര്‍ഫനേജ് അധികൃതരുടെ പ്രതികരണം. അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് വരുന്ന കുട്ടികള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ ചെയ്യുന്നതുപോലെ കേരള സര്‍ക്കാര്‍ സാമ്പത്തികസഹായം അനുവദിക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും മുഹമ്മദ് മോന്‍ ഹാജി അഭിപ്രായപ്പെട്ടു. ഇപ്പോഴുണ്ടായ വിവാദത്തില്‍ മുക്കം ഓര്‍ഫനേജ് പ്രതിയല്ല. സാമൂഹ്യക്ഷേമവകുപ്പിലെ ഓഡിറ്റര്‍മാര്‍ ഈ അനാഥാലയത്തിന്റെ മുഴുവന്‍ രേഖകളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. അതോടൊപ്പം എല്ലാ രേഖകളും ലോക്കല്‍ ഫണ്ട് ഓഡിറ്റിംഗിനും സമര്‍പ്പിക്കാറുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി നടക്കാതിരുന്ന ലോക്കല്‍ ഫണ്ട് ഓഡിറ്റിംഗ് തങ്ങളുടെ നിരന്തരഅഭ്യര്‍ത്ഥനപ്രകാരമാണ് ഇപ്പോള്‍ നടന്നതെന്നും, അനാഥാലയത്തിന് ലഭിക്കേണ്ട 37 ലക്ഷം രൂപയുടെ ഗ്രാന്റ് അന്യസംസ്ഥാനത്ത് നിന്നുളള കുട്ടികള്‍ ഇവിടെ പ ിക്കുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി കേവലം 2 ലക്ഷം രൂപയായി വെട്ടിച്ചുരുക്കുകയാണുണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. അനാഥാലയം സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന പ്രചാരണം അവാസ്തവമാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

വിവാദത്തിലായിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് പറയാന്‍ കഴിയില്ല. ഈ സര്‍ട്ടിഫിക്കറ്റുകള്‍ അന്യസംസ്ഥാനങ്ങളില്‍ നല്‍കുന്നത് പല അധികാരകേന്ദ്രങ്ങളാണെന്നും ഇതിന് ഒരു വ്യവസ്ഥാപിതരീതി ഇതുവരെയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ട്ടിഫിക്കറ്റുകളില്‍ ചിലത് വില്ലേജ് ഓഫീസില്‍ നിന്നും ചിലത് ബി.ഡി.ഒ യുടെ പക്കല്‍ നിന്നും സമ്പാദിച്ചതും ചിലത് ഗ്രാമമുഖ്യന്‍ നല്‍കുന്നതുമായിരിക്കും. സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ ഈ അപാകതകള്‍ പരിഹരിക്കാനാണ് അധികാരികള്‍ ശ്രദ്ധിക്കേണ്ടത്. കേരളത്തില്‍ നിന്നുളള അപേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. 250 ല്‍ പരം അപേക്ഷകള്‍ കിട്ടിക്കൊണ്ടിരുന്നത് ഇന്ന് കേവലം 7 മുതല്‍ 10 വരെ അപേക്ഷകളായി ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് 1200 ഓളം കുട്ടികളെ ഉള്‍ക്കൊളളാനുളള സൗകര്യം മറ്റ് സംസ്ഥാനങ്ങളിലെ അനാഥബാല്യങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചത്. ഇത്തരം വിവാദങ്ങള്‍ കെട്ടഴിച്ച് വിടുന്നതിന് പകരം അനാഥാലയങ്ങളുടെ ക്രിയാത്മക പ്രവര്‍ത്തനത്തിനുളള സുവ്യക്തമായ മാര്‍ഗ്ഗരേഖ തയ്യാറാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.