കേരളത്തില്‍ മദ്യദുരന്തമുണ്ടാകാന്‍ മന്ത്രി

#

പൂട്ടിയ 418 ബാറുകളില്‍ ഒരെണ്ണമെങ്കിലും തുറക്കുന്ന സാഹചര്യമുണ്ടായാല്‍ സര്‍ക്കാരിനെതിരെ രണ്ടാം വിമോചനസമരം ആരംഭിക്കുമെന്ന് കെ.സി.ബി.സി വ്യക്തമാക്കി. കെ.സി.ബ.സി മദ്യവിരുദ്ധസമിതി ജനറല്‍ സെക്രട്ടറി ടി.ജെ.ആന്റണി ലെഫ്റ്റ് ക്ലിക്ക് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ കെ.സി.ബി.സി യുടെ കര്‍ക്കശമായ നിലപാടുകള്‍ വ്യക്തമാക്കിയത്. ഈ 418 ബാറുകളില്‍ ഒരെണ്ണത്തിനെങ്കിലും പ്രവര്‍ത്തനാനുമതി നല്‍കിയാല്‍ അത് സര്‍ക്കാരിന്റെ പ്രഖ്യാപിത മദ്യനയത്തില്‍ നിന്നുളള വ്യതിചലനമാകുമെന്നും, അങ്ങനെയുളള ശ്രമം കൂടുതല്‍ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ വേണ്ടിയുളള പശ്ചാത്തലം ഒരുക്കാന്‍ വേണ്ടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.എ.ജി റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചിട്ടുളള 418 ബാറുകള്‍ക്കെതിരെ നടപടിയെടുക്കുന്നതുവരെ ഫോര്‍ സ്റ്റാര്‍ ബാര്‍ ലൈസന്‍സിനുളള അപേക്ഷ നിരസിക്കരുതെന്ന് സുപ്രീം കോടതിയുടെ വിധിയില്‍ നിര്‍ദ്ദേശമുണ്ട്. 418 ബാറുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിയമിച്ച വണ്‍മാന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാം എന്ന ഒരു നിരീക്ഷണം കൂടി വിധിയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വണ്‍മാന്‍ കമ്മീഷന്റെ സുചിന്തിതമായ അഭിപ്രായം ഈ ബാറുകള്‍ക്ക് താല്‍ക്കാലിക അനുമതി നല്‍കാന്‍ പാടില്ലായെന്നും ഈ ബാറുകള്‍ തുറക്കേണ്ട യാതൊരു അടിയന്തിരസാഹചര്യവും നിലവിലില്ല എന്നുളളതുമാണ്. നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ ആര് തന്നെയായാലും, അത് മുഖ്യമന്ത്രിയായാലും എക്‌സൈസ് വകുപ്പ് മന്ത്രിയായാലും സത്യപ്രതിജ്ഞാലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ പ്രഖ്യാപിതമദ്യയത്തിനെതിരെ മുഖ്യമന്ത്രിയും മന്ത്രിസഭയും നീങ്ങുകയാണ്. ഏഴു പേരുടെ ജീവന്‍ കുരുതികൊടുത്ത കോണ്‍ഗ്രസ്സ് കൂടി ഭാഗഭാക്കായ സഭയുടെസഹായത്തോടെ നടന്ന 1989 ലെ ഷാപ്പ് സമരത്തെ കുറിച്ച് സര്‍ക്കാരിന് ഓര്‍മ്മയുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ബാര്‍ ലോബിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഒരു രണ്ടാം വിമോചനസമരം കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ ഉണ്ടാകുമെന്നും അതിന് നേതൃത്വം നല്‍കാന്‍ സഭയുടെ മനസാക്ഷി മരവിച്ചിട്ടില്ലാത്ത ഒരു പറ്റം മനുഷ്യരും ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു. ഈ ബാര്‍ വിഷയത്തില്‍ ഒരു പരസ്യസംവാദത്തിന് മുഖ്യമന്ത്രിയെ കെ.സി.ബി.സി വക്താവ് വെല്ലുവിളിച്ചു. കൂടുതല്‍ സുതാര്യതയ്ക്ക് വേണ്ടി ഈ വെല്ലുവിളി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഫാ. ആന്റണി പറഞ്ഞു.

കേരളത്തില്‍ മദ്യദുരന്തമുണ്ടാകാന്‍ മന്ത്രി "ബാര്‍"ബൂ ആഗ്രഹിക്കുന്നു.
മന്ത്രി ബാബുവിന്റെ വിളിപ്പേര് "ബാര്‍"ബു എന്നാണ്. ബാര്‍ ഉടമകളോടുളള അദ്ദേഹത്തിന്റെ പ്രതിപത്തി ആര്‍ക്കും ബോദ്ധ്യമുളളതാണെന്ന് കെ.സി.ബി.സി വക്താവ് പറ ഞ്ഞു. എക്‌സൈസ് മന്ത്രിക്ക് ഒരു കാര്യത്തിലും യാതൊരുനിലപാടുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇവിടെ മദ്യദുരന്തമുണ്ടാകണമെന്ന് എക്‌സൈസ് മന്ത്രിയും വകുപ്പും ആഗ്രഹിച്ചിട്ടുണ്ടെന്ന് അങ്ങനെ മദ്യദുരന്തമുണ്ടാക്കി നാലഞ്ചാളുകളെ ബലിയാടാക്കി അതിന്റെ മറവില്‍ 418 ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാനുളള നീക്കമുണ്ടായാതായും അതിന് ശേഷം ദുരന്തത്തിന്റെ കുറ്റം തങ്ങളെപ്പോലുളളവരുടെയും സുധീരന്റെയും തലയില്‍ കെട്ടിവെച്ച് രക്ഷപെടാനായിരുന്നു പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു. ഇച്ഛാശക്തിയില്ലാതെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് വിലപിച്ചുകൊണ്ട് ഇല്ലാത്ത മദ്യദുരന്തത്തെക്കുറിച്ച് ഭയപ്പെടുത്തുന്നത് എന്തിന് വേണ്ടിയാണെന്ന് വ്യക്തമാക്കണം. ഇതിന് മുമ്പ് കോടതികള്‍ ബാറിന്റെ ലൈസന്‍സിന് അനുമതി നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചപ്പോള്‍ കോടതി സര്‍ക്കാര്‍ മദ്യനയത്തിന്റെ ചിറകരിഞ്ഞുവെന്ന് അഭിപ്രായപ്പെട്ട മന്ത്രി, കോടതി സര്‍ക്കാര്‍ നയത്തില്‍ ഇടപ്പെട്ടപ്പോള്‍ കോടതിക്ക് അങ്ങനെയിടപെടാനുളള അധികാരമില്ലായെന്ന് വാദിക്കാനുളള ചങ്കൂറ്റം പോലും കാണിച്ചിട്ടില്ലായെന്ന് അദ്ദേഹം ആരോപിച്ചു. 418 ബാര്‍ വിഷയത്തില്‍ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ലൈസന്‍സ് പുതുക്കിനല്‍കാതിരിക്കാമെന്നിരിക്കെ നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന മന്ത്രി ബാബുവിന്റെ വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാറുകള്‍ പൂട്ടുന്നതിന് മുമ്പായി നോട്ടീസ് നല്‍കാമായിരുന്നത് നല്‍കിയിട്ടില്ലായെന്ന താരതമ്യേന ചെറിയ പിഴവ് മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളളത്. എക്‌സൈസ് വകുപ്പ് അഴിമതിയിലാണ്ടു നില്‍ക്കുകയാണെന്നും കിട്ടിയ പണത്തിന് കൂറ് കാണിക്കേണ്ട ഗതികേടിലാണ് എക്‌സൈസുകാര്‍ എന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയെ വിലയ്ക്കുവാങ്ങാന്‍ ശേഷിയുളളവരാണ് ഈ ബാര്‍ ഉടമകളെന്നും അവര്‍ എന്തിനും മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്യദുരന്തമുണ്ടാകുമായിരുന്നെങ്കില്‍ അതുണ്ടാകേണ്ട സമയം അതിക്രമിച്ചുവെന്നും 418 ബാറുകള്‍ പൂട്ടിയതുകൊണ്ട് ഒരു ദുരന്തവും ഉണ്ടാകുകയില്ലായെന്ന് ബോദ്ധ്യമായതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 15 വര്‍ഷമായി കേരളത്തിന്റെ മദ്യനയം രൂപീകരിക്കുന്നത് മദ്യലോബിയാണ്.

വി.ഡി. സതീശന്റെ നിലപാട് സംശയാസ്പദം
ധാര്‍മ്മികമായും നിയമപരമായും നയപരമായും ഈ 418 ബാറുകള്‍ അടച്ചിട്ട തീരുമാനം പുനപരിശോധിക്കേണ്ട യാതൊരു സാഹചര്യവുമില്ലായെന്നിരിക്കെ ബാറുകള്‍ക്ക് വേണ്ടി വാദിക്കുന്ന സതീശന്റെ നിലപാടില്‍ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. ബാര്‍ തുറപ്പിക്കുന്നതില്‍ സതീശന്‍ കാണിക്കുന്ന അനാവശ്യതിടുക്കം എന്തിനാണെന്ന് മനസിലാകുന്നില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ 418 ബാറുകള്‍ നടത്തുന്നത് വെറും 60 ല്‍ താഴെ മുതലാളിമാര്‍ മാത്രമാണ്. അവര്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ സതീശന്‍ തന്റെ നിലപാടുകളില്‍ വെളളം ചേര്‍ക്കുന്നുണ്ടോയെന്ന് ഞങ്ങള്‍ സംശയിക്കുന്നു. ഗാഡ്ഗില്‍ വിഷയത്തിലായാലും നെല്ലിയാമ്പതി വിഷയത്തിലായാലും വ്യത്യസ്തമായതും ശക്തമായതുമായ നിലപാടുകള്‍ സ്വീകരിക്കുന്നയാളാണ് സതീശന്‍. പക്ഷെ അതിലൊന്നുമില്ലാത്ത താല്‍പ്പര്യം ഈ വിഷയത്തില്‍ സതീശനുണ്ടോ എന്ന് കെ.സി.ബി.സി സംശയിക്കുന്നുവെന്നും സതീശന്റെ ഈ തിടുക്കം തങ്ങളെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സതീശനില്‍ നിന്ന് തങ്ങളിത് ആഗ്രഹിക്കുന്നില്ലായെന്നും നിലപാടുകളില്‍ വെളളം ചേരാന്‍ അനുവദിക്കരുതെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും ഫാ. ടി.ജെ. ആന്റണി പറഞ്ഞു. ക്ലാസിഫിക്കേഷന്‍ കരസ്ഥമാക്കാന്‍ 1992 ജൂണ്‍ 3 ാം തീയതി കട്ട് ഓഫ് ഡേറ്റ് വച്ച് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിട്ടും 21 വര്‍ഷമായി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്ക് താല്‍ക്കാലികമായി ചെയ്തുകൊടുക്കുന്ന സൗകര്യമാണോ പ്രായോഗികത? ഈ ബാര്‍ വിഷയത്തില്‍ ഏതായാലും കളളനാണയങ്ങളെ സമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞെന്നും അത് ഇനി പ്രത്യേകം കെ.സി.ബി.സി വെളിവാക്കേണ്ടതില്ലായെന്നും ഫാ. ആന്റണി അഭിപ്രായപ്പെട്ടു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നത് പ്രായോഗികതയല്ല അഡ്ജസ്റ്റ്‌മെന്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴിലാളികളും ബാറും
തൊഴിലാളികളുടെ വിഷയം ഉയര്‍ത്തിപിടിച്ച് 418 ബാര്‍ വിഷയത്തെ വഴിതിരിച്ചുവിടാനുളള ശ്രമം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. 20,000 മുതല്‍ 40,000 വരെയുളള കണക്കുകള്‍ പ്രചാരത്തിലുണ്ടെങ്കിലും രജിസ്റ്റര്‍ ചെയ്യപ്പെട്ട തൊഴിലാളികളുടെ എണ്ണം 1600 ല്‍ താഴെയാണ്. ഈ കഴിഞ്ഞ 30 - 40 വര്‍ഷക്കാലമായി തൊഴിലാളികളെ കൊണ്ടു നടന്ന ബാര്‍ ഉടമകള്‍ അവര്‍ക്ക് വേണ്ടി എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവരെ തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ നിഷേധിച്ചവര്‍ ഇപ്പോള്‍ അവര്‍ക്ക് വേണ്ടി മുതലകണ്ണീര്‍ ഒഴുക്കുകയാണ്. ഇത് തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും മനസ്സിലാകുമെന്ന കാര്യം ഓര്‍മ്മ വേണം.