ആധാര്‍ കേസ് : പൗരന്മാര്‍ക്ക് ശരീരത്തിന്‍ മേലുള്ള അവകാശത്തെ ചോദ്യം ചെയ്ത് സര്‍ക്കാര്‍

#

ന്യൂഡല്‍ഹി (03-05-17) : പൗരന്മാര്‍ക്ക് സ്വന്തം ശരീരത്തിന്‍ മേലോ, ശരീരഭാഗങ്ങളുടെ മേലോ പൂര്‍ണാധികാരം ഇല്ലെന്നും സ്വന്തം ശരീരത്തിന്മേല്‍ പൂര്‍ണാവകാശം ഉണ്ടെന്നുള്ളത് വെറും മിത്ത് ആണെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍. ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള ഇന്‍കം ടാക്‌സ് ആക്ട് 139 എ.എയുടെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ചൊവ്വാഴ്ച ജസ്റ്റിസ് സിക്രിയും അശോക് ഭൂഷനും അടങ്ങുന്ന ബെഞ്ച് പരിഗണിക്കവെയാണ് അറ്റോര്‍ണി ജനറലിന്റെ അഭിപ്രായ പ്രകടനം ഉണ്ടായത്.

യുണിക്‌ ഐഡന്റിറ്റി നമ്പര്‍ എല്ലാ പൗരന്മാര്‍ക്കും നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. എല്ലാവര്‍ക്കും സ്വന്തം ശരീരത്തിന്മേല്‍ പൂര്‍ണമായ സ്വന്തന്ത്ര്യം ഉണ്ടായിരുന്നെങ്കില്‍ ഏവര്‍ക്കും സ്വന്തം ഹിത പ്രകാരം എന്തും ചെയ്യാമെന്ന അവസ്ഥയിരിക്കും സംജാതമാകുക എന്ന് അഭിപ്രായപ്പെട്ട അറ്റോര്‍ണി ജനറല്‍,അങ്ങനെ ഒരവസ്ഥ നിലവിലില്ലെന്നും നിയമം അങ്ങനെ പൗരന്മാര്‍ക്ക് സ്വന്തം ശരീരത്തിന്മേല്‍ അളവറ്റ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ഇതിനു ഉപോല്‍ബലകമായി ആത്മഹത്യ ചെയ്യുന്നതില്‍ നിന്നും പൗരന്മാരെ വിലക്കുന്ന നിയമവും, പൂര്‍വാധികം താമസിച്ചു ഗര്‍ഭം സ്വന്തം ഹിത പ്രകാരം അലസിപ്പിക്കുന്നതിനുള്ള അവകാശം നിഷേധിച്ചിരിക്കുന്നതും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. മാത്രമല്ല പൗരന്റെ ശരീരത്തിന്മേല്‍ യാതൊരുവിധ നിയന്ത്രണങ്ങളും പാടില്ല എന്നുള്ളതു ഉപാധിരഹിതമായ ഒരു വ്യവസ്ഥ അല്ലെന്നും അതുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതും ലഹരി ഉപയോഗിക്കുന്നതും കുറ്റകരമാകുന്നതെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. മദ്യപിച്ചു വാഹനം ഓടിക്കുന്ന കേസില്‍ പൗരന്മാരുടെ ശ്വാസത്തിലുള്ള മദ്യത്തിന്റെ അളവ് പരിശോധിക്കാന്‍ അവര്‍ നിര്‍ബന്ധമാക്കേണ്ടതിന്റെ സാഹചര്യവും സ്വന്തം ശരീരത്തിന്മേലുള്ള സ്വതന്ത്രമായ  അവകാശത്തെ ചോദ്യം ചെയ്തു കൊണ്ട് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി കോടതിയില്‍ അഭിപ്രായപ്പെട്ടു. ഇനി ഒരു പക്ഷെ പൗരന്മാര്‍ സ്വയം വിസ്മൃതിയിലാകാന്‍ ആഗ്രഹിച്ചാലും ഭരണകൂടത്തിന് സ്വന്തം പ്രജകളെ മറക്കാന്‍ കഴിയില്ലെന്നു അറ്റോര്‍ണി ജനറല്‍ ഓര്‍മിപ്പിച്ചു.

ആധാറും യുണിക്‌ ഐഡന്റിഫിക്കേഷന്‍ നമ്പറും ആദ്യം നിര്‍ബന്ധമല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഷ്യത്തില്‍ ഇത് നികുതി വെട്ടിപ്പിനും കള്ളപ്പണത്തിന്റെ വ്യാപനം തടയുന്നതിനും അവശ്യമാണെന്നാണ്. കോടതി പക്ഷെ സര്‍ക്കാരിന്റെ വാദങ്ങള്‍ മുഖവിലക്കെടുത്തില്ല. അറ്റോര്‍ണി ജനറല്‍ ശ്രദ്ധയില്‍ പെടുത്തിയ ഉദാഹരണങ്ങളൊന്നും നികുതി സംബന്ധമായ കാര്യത്തില്‍ പ്രസക്തമല്ലെന്നും, തങ്ങള്‍ കേള്‍ക്കുന്നത് നിയമലംഘനവുമായി ബന്ധപ്പെട്ട കേസല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പൗരന്റെ അവകാശങ്ങളും ഭരണകൂടത്തിന്റെ പ്രവര്‍ത്തികള്‍ക്കും ഇടയില്‍ സന്തുലനം ഉണ്ടായിരിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ആധാര്‍ കാര്‍ഡും യുണിക്‌ ഐഡന്റിഫിക്കേഷന്‍ നമ്പറും ഏര്‍പ്പെടുത്തുന്നത് മെച്ചപ്പെട്ട നികുതി സംവിധാനം ഏര്‍പ്പെടുത്തുന്നതിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പാവപ്പെട്ടവരുടെ ഇടയിലേക്ക് എത്തിക്കുന്നതിനും ആണെന്ന് അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടു. ആധാറുമായി ബന്ധപ്പെട്ടുള്ള പൊതുവായതും നിയമപരവുമായ വ്യവഹാരങ്ങള്‍ ഭരണകൂടം എങ്ങനെയാണു തങ്ങളുടെ പ്രജകളെ പരോക്ഷമായി നിയന്ത്രിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായി മാറുകയാണ്.ഭരണകൂടത്തിന്റെ സർവെയ്‌ലൻസിന്റെ ഉദാത്ത മാതൃകയായ ആധാറും യുണിക്‌ ഐഡന്റിഫിക്കേഷന്‍ നമ്പറിനും എതിരെ ശക്തമായ പ്രധിഷേധമാണ് പൊതുസമൂഹത്തില്‍ നിന്നുയര്‍ന്നു വരുന്നത്.