പൊരുതുന്ന പുതുവൈപ്പിൻ

#

(21.06.2017) ജനാധിപത്യപരമായി അധികാരത്തിലിരിക്കുന്ന ഒരു ഭരണസംവിധാനത്തിന് ജനങ്ങളുടെ ഭയാശങ്കകൾ വസ്തുതാപരമായി കൈകാര്യംചെയ്യാനും സമരംചെയ്യുന്നവരോട് ജനാധിപത്യപരമായി പെരുമാറാനും ഉത്തരവാദിത്തമുണ്ട്. അതിജീവനത്തിനുവേണ്ടി ഒരു ജനത സമര മുഖത്തേക്ക് വരുന്നത് സർക്കാരിനേയോ സർക്കാർ സംവിധാനങ്ങളേയോ വെല്ലുവിളിക്കാനല്ല. ഒരു ജനകീയ സമരത്തോടും അടിസ്ഥാനപരമായി ഒരുമനുഷ്യനും മുഖം തിരിഞ്ഞ് നിൽക്കേണ്ടതില്ല. അവിടെയാണ് പുതുവൈപ്പിൻ പ്രാധാന്യമർഹിക്കുന്നത്.

പുതുവൈപ്പിൻ എന്ന കടലോരഗ്രാമം ഉഗ്രസ്ഫോടനശേഷിയുള്ള വാതകപ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ജീവൻ വെച്ചുള്ള സമരത്തിലാണ്. 121 ദിവസത്തോളം സമാധാനപരമായി സമരം നയിച്ചിരുന്ന വൈപ്പിൻകരയ്ക്കു നേരെ പോലീസ് ലാത്തിച്ചാർജും കല്ലേറും നടത്തി. സമരക്കാരുടെ തലയും കുഞ്ഞുങ്ങളുടെ കൈകാലുകളും അടിച്ചുപൊളിച്ചു. ഒരു ജനകീയ സമരത്തെ ജനകീയ സർക്കാർ "കൈകാര്യം" ചെയ്യുന്ന രീതി.വികസനപദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് പകരം ഭൂമി നൽകും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. എന്നാൽ ജീവിതത്തിൽനിന്നും കുടിയൊഴിപ്പിക്കപ്പെടുമെന്ന ആശങ്കയിലാണ് വൈപ്പിൻകര. പൂർണമായും നിയമലംഘനങ്ങളിലൂടെയാണ് ഐ ഒ സി മുന്നോട്ടുപോകുന്നത്.

എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ഭൂമിയിൽ കടൽത്തിരമാലകളിൽ നിന്ന് 500 മീറ്റർ അകലെയാണ് ഐഒസി ഇന്ത്യയിലെ ഏറ്റവും വലുതെന്ന് അവകാശപ്പെടുന്ന എൽപിജി പ്ലാന്റ് നിർമ്മാണത്തിന് പാരിസ്ഥിതികാനുമതിക്ക് അപേക്ഷിച്ചത്. കപ്പൽ വഴി വരുന്ന ഇന്ധനം ജെട്ടിയിൽ നിന്നും പൈപ്പിലൂടെ ഇവിടെയെത്തിച്ച് ഭൂമിക്കടിയിൽ പൂർണമായി കുഴിച്ചിടുന്ന ടാങ്കുകളിൽ നിറച്ച് വിതരണം നടത്താനാണ് പ്ലാന്റുകൊണ്ട് ഉദ്ദേശിക്കുന്നത്. കടൽത്തിര വന്നടിക്കുന്ന ഇന്റർ ടൈഡൽ സോണിലാണ് ഇപ്പോൾ നിർമ്മാണം നടക്കുന്നത്. ഓരോവർഷവും രണ്ട് മീറ്റർ വീതം കടലെടുക്കുന്ന ഇറോഷൻ സോണാണ് ഇതെന്ന് നാട്ടുകാർ പറയുന്നു. ഒരു മീറ്ററെങ്കിലും കടൽ എടുക്കുന്നുണ്ടെന്ന് കമ്പനിയും സമ്മതിക്കുന്നുണ്ട്. നിർമ്മാണം ആരംഭിച്ചപ്പോൾ മതിലിൽനിന്ന് പത്ത് മീറ്ററിലധികം ഉണ്ടായിരുന്ന കടൽ ഇപ്പോൾ പ്ലോട്ടിലേക്ക് അടിച്ചുകയറുന്നു. ഇവിടെയാണ് കോടികൾ മുടക്കി ഭൂമിക്കടിയിൽ ഉഗ്രഫോടന ശേഷിയുള്ള ടാങ്ക് നിർമ്മിക്കുന്നത്. ഇപ്പോൾ നിർമ്മാണം 80 ശതമാനവും കടലിന്റെ 200 മീറ്ററിന് ഉള്ളിലുള്ള നോ ഡെവലപ്മെന്റ് സോണിലാണ്. ഇത് നിയമവിരുദ്ധമാണ്. 200 മീറ്റർ വിട്ടുള്ള ഒരു സർവ്വേ നമ്പറിൽ മാത്രമേ നിർമ്മാണം നടത്താൻ പെട്രോളിയം മന്ത്രാലയവും സുരക്ഷാ അതോറിറ്റിയും അനുമതി നൽകിയിട്ടുള്ളൂ.200 മീറ്റർ വിട്ട് പദ്ധതി ആ പ്ലോട്ടിൽ നടക്കില്ല എന്നാണു ഐഒസി യുടെ വാദം. ഐ ഐ ടി പഠനം അനുസരിച്ച് മതിൽ ശക്തിപ്പെടുത്തിയെങ്കിലും ഓരോ ദിവസവും ശക്തമായ കടൽക്ഷോഭത്താൽ അത് ക്ഷയിക്കുകയും തീരം ഇല്ലാതാകുകയുമാണ് അവിടെ.

മത്സ്യത്തൊഴിലാളികളാണ് ആ നാട്ടിൽ ഭൂരിപക്ഷം. ഓയിൽ ലീക്ക് പോലുള്ള ചെറിയ ദുരന്തങ്ങൾ പോലും മൽസ്യസമ്പത്തിന്റെയും ജനങ്ങളുടെ സുരക്ഷയെയും ബാധിക്കും. പ്ലാന്റിന്റെ ആവശ്യകതയും സാങ്കേതികതയും അവർ ചോദ്യം ചെയ്യുന്നു. അനുമതികളിലെ വ്യവസ്ഥകൾ പാലിച്ച് നിയമപരമായി നിർമ്മാണം നടത്താൻ ഐഒസിക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ അതിന്റെ മറവിൽ 200 മീറ്ററിനുള്ളിലാണ് നിർമാണം നടത്തുന്നതെന്നും അത് തടയണം എന്നും ആവശ്യപ്പെട്ട് നാട്ടുകാർ നൽകിയ തിരുത്തൽ ഹർജിയിൽ കോടതി വാദം കേൾക്കാൻ ഇരിക്കുകയാണ്. പഞ്ചായത്തും ഒരു അനുമതിയും നൽകിയിട്ടില്ല. കേരളത്തിൽ ഏറ്റവും അധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഇവിടമെന്നും, വ്യവസ്ഥകൾ പാലിക്കാതെ ഇത്ര വലിയ സുരക്ഷാഭീഷണിയുള്ള ഈ പ്ലാന്റ് ഇവിടെ പാടില്ലെന്നും എളങ്കുന്നപുഴ പഞ്ചായത്തും വാദിക്കുന്നു.

ബഹുഭൂരിപക്ഷം മൽസ്യത്തൊഴിലാളികളും കൂലിപ്പണിക്കാരുമായ ജനതയുടെ സ്വസ്‌ഥജീവിതത്തിനു മേൽത്തന്നെ വാതകപ്ലാന്റ് അടിച്ചേൽപിക്കാനാണ് നിലവിലെ ശ്രമമെന്ന് ചുരുക്കം. കൂടംകുളം ആണവനിലയത്തിനെതിരെ ഉയർന്ന ജനകീയ സമരത്തെ അടിച്ചമർത്തിയ അതേ രീതിയാണ് ഭരണകൂടം പുതുവൈപ്പിനിലും ആവർത്തിക്കുന്നത്. പൊടി കയറിയും ശ്വാസം മുട്ടിയും ജീവിതം നശിച്ചപ്പോഴാണ് വൈപ്പിൻകര പ്രക്ഷോഭത്തിനിറങ്ങിയത്. ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടുള്ള ഇവരുടെ പ്രതിരോധത്തെ ഒട്ടും വിലകുറച്ച് കാണാനാവില്ല.

സ്റ്റുഡൻറ് പോലീസ് കേഡറ്റ് പോലുള്ള ആശയങ്ങളിലൂടെ കുട്ടികളെ പോലീസ് സംവിധാനത്തോട് ചേർത്തുനിർത്താൻ ശ്രമിക്കുമ്പോൾത്തന്നെ മറുഭാഗത്ത് കുട്ടികളുടെ അവകാശങ്ങൾ പാടേ ലംഘിച്ചുകൊണ്ട് മർദ്ദിക്കുകയും അന്യായമായി തടങ്കലിൽ വെയ്ക്കുകയും ചെയ്യുന്ന നിലപാടാണ് ആഭ്യന്തരവകുപ്പ് സ്വീകരിച്ചത്. കുട്ടികളടക്കമുള്ള സമരക്കാർ ആവശ്യപ്പെടുന്നത് നിയമം പാലിക്കപ്പെടണം എന്നുമാത്രമാണ്. നിലവിലെ നിയമപ്രകാരം പറയുന്ന വേലിയേറ്റ രേഖയിൽനിന്ന് നിശ്ചിത ദൂരം പാലിക്കണമെന്ന ന്യായമായ ആവശ്യം. മുഷ്ടിചുരുട്ടി മുന്നോട്ടുപോകുന്ന കുഞ്ഞുങ്ങളുടെ മുഖങ്ങൾക്ക് ലോകത്തോട് പറയാനുള്ളത് അവകാശങ്ങളെക്കുറിച്ചാണ്. കുട്ടികളെ കസ്റ്റഡിയിൽ എടുക്കുന്നതു സംബന്ധിച്ച കൃത്യമായ നിർദ്ദേശങ്ങൾ നിലവിലുണ്ട്. അതിരിക്കെത്തന്നെ തല്ലിയും ചവിട്ടിയും കുത്തിപ്പിടിച്ചും പോലീസ് വാനിലേക്ക് തള്ളിയിടുന്നത് തികച്ചും നീതികേടും കുട്ടികളുടെ അവകാശങ്ങളുടെ പച്ചയായ ലംഘനവുമാണ്.

ഒപ്പമുണ്ടെന്ന് പറയുന്ന സർക്കാർ ജനകീയ സമരങ്ങളെ നേരിടുന്ന രീതി ഇതാണെങ്കിൽ അത് സർക്കാരിന്റെ മാറുന്ന രാഷ്ട്രീയ കാഴ്ചപ്പാടിനെയാണ് അടയാളപ്പെടുത്തുന്നതെന്ന് പറയാതെ വയ്യ. ഇത് ഒരു ഇടതുപക്ഷ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നു എന്നതു തന്നെയാണ് വൈരുദ്ധ്യവും.