തലസ്ഥാനത്തെ വിറപ്പിച്ച് നഴ്‌സുമാര്‍

#

തിരുവനന്തപുരം (11-07-17) : ശമ്പളവര്‍ദ്ധനവിനും മെച്ചപ്പെട്ട സേവന വ്യവസ്ഥയ്ക്കും വേണ്ടി സംസ്ഥാനത്ത് നഴ്‌സുമാര്‍ നടത്തുന്ന സമരം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. ഇന്നലെ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളുമായി നഴ്‌സിംഗ് സംഘടനാ പ്രതിനിധികള്‍ തൊഴില്‍മന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിക്കാനും കൂടുതല്‍ ശക്തമാക്കാനും യുണൈറ്റഡ് നഴ്‌സിംഗ് അസോസിയേഷന്‍ (യു.എന്‍.എ) തീരുമാനിക്കുകയായിരുന്നു. യു.എന്‍.എയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണത്തിന് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അതിരാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. വിവിധ ജില്ലകളില്‍ നിന്നെത്തിയ നഴ്‌സുമാര്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ കേന്ദ്രീകരിച്ച ശേഷം സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ചെയ്തു.

സ്വകാര്യ ആശുപത്രികളില്‍ പണിമുടക്കിക്കൊണ്ട് നഴ്‌സുമാര്‍ നടത്തുന്ന സമരം സംസ്ഥാനത്ത് ആരോഗ്യബന്ദിന്റെ സാഹചര്യം സൃഷ്ടിച്ചു. സംസ്ഥാനം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ നഴ്‌സുമാരുടെ പ്രകടനത്തിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിച്ചത്.12 മണിക്ക് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ എത്തിയപ്പോഴും പിന്നറ്റം രക്തസാക്ഷി മണ്ഡപം പിന്നിട്ടിരുന്നില്ല. സെക്രട്ടേറിയറ്റിന് മുൻവശം വെള്ളക്കുപ്പായമണിഞ്ഞ മാലാഖമാരുടെ സാഗരമായി മാറി. കേരളത്തിലെമ്പാടും നിന്നെത്തിയ നഴ്‌സുമാർ സെക്രട്ടേറിയറ്റ് വളഞ്ഞു. പാട്ടും മുദ്രാവാക്യങ്ങളുമായി അതാത് ജില്ലകളുടെ ബാനറുകൾക്ക് കീഴിലാണ് നഴ്‌സുമാർ കേന്ദ്രീകരിച്ചത്. പലരും കുടുംബസമേതമാണ് എത്തിയത്. തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കും വരെ ആശുപത്രികളിലേക്ക് മടങ്ങിപ്പോകുന്ന പ്രശ്‌നമില്ലെന്ന് യു.എൻ.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻഷാ അറിയിച്ചു. അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നഴ്‌സുമാർ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.