അഴീക്കോടിന്റെ പ്രവചനവും തിലകന്റെ ശാപവും

#

(16.07.2017) :അഭിനയകലയിലെ പെരുന്തച്ചന്റെ ശാപവും  പ്രഭാഷണകലയിലെ പെരുന്തച്ചന്റെ പ്രവചനവും  മലയാള സിനിമാ ലോകത്ത് ഫലിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. എ.ഐ.വൈ.എഫ് സംഘടിപ്പിച്ച ഒരു യോഗത്തിൽ വച്ചാണ് താര സംഘടനയായ അമ്മയും സൂപ്പർ സ്റ്റാർ മറ്റും ചേർന്ന് തനിക്കെതിരെ നടത്തുന്ന ദ്രോഹങ്ങൾ തിലകൻ, ഡോ .സുകുമാർ അഴീക്കോടിനോട് പറയുന്നത്. ആ സമ്മേളനവേദിയിൽ വച്ചു തന്നെ അഴീക്കോട് താര രാജാക്കന്മാരെയും അവരുടെ സംഘടനയായ അമ്മയെയും അതി നിശിതമായി വിമർശിച്ചു. തിലകനെ സിനിമാ രംഗത്ത് നിന്നും നിഷ്‌കാസനം ചെയ്യുവാൻ താരരാജാക്കന്മാർ നടത്തുന്ന ഹീന ശ്രമങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ലെന്നും സിനിമാ പ്രവർത്തകരെ സംരക്ഷിക്കേണ്ട ചുമതലയുള്ള സംഘടന അതിലെ അംഗങ്ങളെ ദ്രോഹിക്കുന്ന നിലപാട് കൈക്കൊള്ളുന്നത് ആത്മഹത്യാപ രമാണെന്നും ഈ നില തുടര്‍ന്നാല്‍ സംഘടന തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം തുറന്നു പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്റും മറ്റും ചേർന്ന് തനിക്കെതിരെ നടത്തുന്ന ക്രൂര കൃത്യങ്ങളെ കുറിച്ചാണ് തിലകൻ പ്രധാനമായും വെളിപ്പെടുത്തിയത്. അതുകൊണ്ട് അവർക്കു നേരെയാണ് ആദ്യഘട്ട ത്തിൽ അഴീക്കോട് ആക്രമണം അഴിച്ചു വിട്ടത്. സിനിമയിലെ വിഷം എന്ന് തിലകൻ പിൽക്കാലത്ത് വിശേഷിപ്പിച്ച ഇപ്പോഴത്തെ പീഡകവീരനെ കുറിച്ച് അപ്പോൾ ഒന്നും പറയാഞ്ഞത് കൊണ്ടാകാം അഴീക്കോട് ഒഴിവാക്കിയത്.

നീതികേടിനെതിരെ അഴീക്കോട് നടത്തിയ പ്രസംഗം വലിയ വാര്‍ത്തയായതോടെ മോഹൻലാൽ അഴീക്കോടിനെ ഫോണിൽ വിളിച്ച് വളരെ മോശമായി സംസാരിച്ചു. ലാലിന്റെ ഫാൻസാകട്ടെ അദ്ദേഹത്തെ തെറികൊണ്ട് അഭിഷേകം ചെയ്തു. അഴീക്കോടിന് മതിഭ്രമമാണെന്ന് മോഹൻലാൽ പറഞ്ഞു. മുഖം മൂടി മാറ്റിയാൽ മോഹൻലാൽ വെറും കങ്കാളം ആണെന്ന് അഴീക്കോട് തിരിച്ചടിച്ചു.യഥാർത്ഥ ജീവിതത്തിലും വേഷം കെട്ടി നടക്കുന്ന മോഹന്‍ലാല്‍ സത്യം മറയ്ക്കാന്‍ വ്യഗ്രത കാട്ടുന്നതില്‍ അത്ഭുതമില്ലെന്നും സിനിമയിലല്ലാതെ മേക്കപ്പ് ചെയ്യാത്ത രജനീകാന്തിനെ കണ്ടുപഠിക്കണമെന്നും അഴീക്കോട്‌ പറഞ്ഞു.

സിനിമയൊന്നും കാണാത്ത വെറും പഴഞ്ചനാണ് അഴീക്കോട് എന്നാണ് മോഹൻലാൽ ധരിച്ചിരുന്നത്. സ്പോർട്സിനെ സംബന്ധിച്ചുള്ളതുപോലെ സിനിമയെ കുറിച്ചും അദ്ദേഹത്തിനു നല്ല ധാരണയും വ്യക്തമായ കാഴ്ചപ്പാടും ഉണ്ടായിരുന്നു. പൃഥ്വിരാജിനെപ്പോലെയുള്ള അഭിനേതാക്കൾ ഈ സൂപ്പർ സ്റ്റാറുകളെക്കാൾ കഴിവും സിദ്ധിയും ഉള്ളവരാണെന്നും ഈ രണ്ടു വടവൃക്ഷങ്ങളും ചേർന്ന് പുതു നാമ്പുകളെ വളരാൻ അനുവദിക്കാതെ ഞെക്കി കൊല്ലാൻ ശ്രമിക്കുകയാണെന്നും അഴീക്കോട് അഭിപ്രായപ്പെടുകയുണ്ടായി. ഉത്തരം മുട്ടിയ മോഹൻലാൽ ചില ക്വട്ടേഷൻ സംഘങ്ങളെ ഇറക്കിയാണ് അഴീക്കോടിനെ നേരിട്ടത്. അന്തരിച്ച സംഗീതജ്ഞനായ സ്വന്തം സഹോദരനെ കുറിച്ച് പോലും നല്ലതു പറയാത്ത ഒരു പിന്നണിഗായകൻ ഒരു ചാനലിലെ സംഗീത പരിപാടിയുടെ അവതാരക വേഷം കെട്ടിയിരുന്ന കാലമായിരുന്നു അത്. ആ പരിപാടി യിൽ പങ്കെടുത്ത മുൻ മന്ത്രികൂടിയായ സിനിമാതാരവും ചേർന്ന് ഒരു എപ്പിസോഡ് മുഴുവൻ അഴീക്കോടിനെതിരെ അപവാദസരിഗമ ആലപിച്ചു തീർത്തു.

സോഹൻ റോയ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രത്തിലേക്ക് കരാർ ചെയ്യപ്പെട്ട തിലകനെ അതിൽ അഭിനയിപ്പിക്കാതിരിക്കാൻ എന്തെല്ലാം വൃത്തികേടുകൾ ഈ താരരാജാക്കന്മാരും ഫെഫ്‌ക്ക തമ്പുരാക്കന്മാരും കൂടി ചെയ്തു എന്നത് സകല മലയാളികൾക്കും അറിവുള്ളതാണ്. ഊരുവിലക്കും ഭ്രഷ്ടും കല്പിച്ച് സിനിമാ ലോകത്തുനിന്നും തിലകനെ പൂർണ്ണമായും പുറത്താക്കാൻ അവർ നടത്തിയ അധമ പ്രവൃത്തികൾ വിജയിക്കാതെ പോയത് സുകുമാർ അഴീക്കോടിന്റെയും വിനയനെപ്പോലുള്ള സംവിധായകരുടെയും യഥാസമയം ഉണ്ടായ ഇടപെടൽ മൂലമാണ്. നടികർ തിലകങ്ങളുടെ താരപരിവേഷവും പണക്കൊഴുപ്പും ഒന്നും അഴീക്കോടിന്റെ ധാർമ്മിക നിലപാടുക ൾക്ക് മുമ്പിൽ വിലപ്പോയില്ല. വളരെ നാളുകളായി മലയാളസിനിമയിൽ നില നിന്നിരുന്ന താരാധി പത്യത്തിനും ധാർഷ്ട്യത്തിനും അന്ത്യം കുറിക്കാൻ അദ്ദേഹത്തിന്റെ ഇടപെടലുകൾക്ക് സാധിച്ചു. അതോടെ മോഹൻലാലിനെ പോലുള്ളവരുടെ പകയും വിദ്വേഷവുംവർദ്ധിച്ചു. ലക്ഷക്കണക്കിന് ഫാൻസുള്ള തങ്ങളോടൊപ്പമല്ല സത്യം പറയുന്ന അഴീക്കോടിനോടൊപ്പമാണ് ജനങ്ങൾ ഏറിയ പങ്കും എന്ന് മനസ്സിലായപ്പപ്പോൾ അഴീക്കോടിനെതിരെ മാനനഷ്ടക്കേസുമായി മോഹൻലാൽ രംഗത്ത് വന്നു.അദ്ദേഹവും വിട്ടു കൊടുത്തില്ല. തത്ത്വമസി എഴുതിയ എനിക്ക് മതിഭ്രമമാണെന്നു പറഞ്ഞ മോഹൻലാലിനെക്കൊണ്ട് മാപ്പു പറയിപ്പിക്കും എന്നായി അഴീക്കോട്.പക്ഷെ ആ പ്രതിജ്ഞ നിറവേറ്റാൻ അഴീക്കോടിനെ മരണം അനുവദിച്ചില്ല. .എങ്കിലും അദ്ദേഹം അന്ന് സിനിമാ സംഘടനയെ കുറിച്ചും അതിന്റെ നേതാക്കളെ കുറിച്ചും പറഞ്ഞതെല്ലാം സത്യമാണെന്നു കാലം തെളിയിച്ചു കൊണ്ടിരിക്കയാണ്.

ഇംഗ്ലീഷിലെ ഇന്നസെന്റ് എന്ന വാക്കിന് വിഡ്ഢി എന്നൊരര്‍ത്ഥം ഉണ്ടെന്നും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പമ്പര വിഡ്ഢിയാണെന്നും അദ്ദേഹം അന്ന് പറഞ്ഞത് എത്ര വാസ്തവമാണെന്ന് ദിലീപിന്റെ ക്വട്ടേഷൻ ഏർപ്പാടുകൾ പുറത്ത് വന്നപ്പോൾ ഇന്നസെന്റ് പറഞ്ഞ മണ്ടത്തരങ്ങൾ സാക്ഷ്യം നൽകുന്നു. കുത്തിത്തിരിപ്പും കുതികാൽവെട്ടും മാത്രമല്ല ബലാൽസംഗവും ക്വട്ടേഷൻ പ്രവർത്തനവും ഗൂഢാലോചനയും കുലത്തൊഴി ലാക്കിയ അമ്മ എന്ന സംഘടനാഭാസം സിനിമാലോകത്തിന് അപമാനമാണ് എന്ന അഴീക്കോ ടിന്റെ വാക്കുകൾ ഒരു പ്രവചനം പോലെ ഫലിച്ചുകൊണ്ടിരിക്കുന്നു. ജീവിതാന്ത്യത്തില്‍ എത്തി നിന്നപ്പോഴും കാരുണ്യ ലേശമില്ലാതെ തന്നെ ദ്രോഹിച്ച നടന ശിരോമണികള്‍ക്ക് നേരെ തിലകന്‍ ചൊരിഞ്ഞ ശാപ വചനങ്ങള്‍ ഫലിക്കുകയും ചെയ്തിരിക്കുന്നു. കള്ളനും കള്ളനു കഞ്ഞിവച്ചവരും അഴി എണ്ണുന്നതും എണ്ണാന്‍ പോകുന്നതും അതാണ്‌ സൂചിപ്പിക്കുന്നത്.