അസംഘടിത മേഖലകളിലെ ചൂഷണം : സംഘടന ഇല്ലാത്തതെന്തുകൊണ്ട്?

#

(24-07-17) : നഴ്സുമാരുടെ സമരം അവസാനിച്ചു. സന്തോഷകരം തന്നെ. എന്നാൽ അസംഘടിത മേഖലയിൽ അതിലും പരിതാപകരമായ സാഹചര്യത്തിൽ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിനു മനുഷ്യജീവികൾ പൊതുചർച്ചയുടെ ഭാഗമാകുന്നതേയില്ല. പീജിയും-ബിഎഡ് കഴിഞ്ഞ് സ്വകാര്യ-അൺ എയിഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിനായിരത്തിൽ താഴെ രൂപ ശമ്പളത്തിൽ പണിയെടുക്കുന്നവരുടെ  കണക്കുപോലും സർക്കാരിന്റേയോ മറ്റു ഏജൻസികളുടെയോ കയ്യിലില്ല. വൻകിട വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ചിലതിൽ മാത്രമാണ് സേവനവ്യവസ്ഥയുടെ പേരിലെങ്കിലും ചില സമരങ്ങൾ നടന്നത്. എന്നാൽ അൺഎയ്‌ഡഡ്  വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങളിൽ അതുപോലൊരു സംഘാടനത്തിനോ സമരത്തിനോ സാധ്യത കാണുന്നില്ല. കൂണുപോലെ മുളച്ചുപൊന്തിയ സ്വാശ്രയ-സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗതിയും അതുതന്നെ. മികച്ച മറ്റൊരു സാധ്യത കണ്ടെത്തുന്നതുവരെയുള്ള ആശ്വാസ പദ്ധതിയായോ അനുഭവ ജ്ഞാനത്തിനുവേണ്ടിയോ മാത്രമാണ് തൊഴിലെടുത്തു തുടങ്ങുന്നത്. എന്നാൽ മികച്ച ഒരു സാധ്യതയും നേടാൻ കഴിയാതെ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന പതിനായിരങ്ങളാണ്,ഈ മേഖലയിൽ ഉള്ളത്.

ഇതിന്റെ രാഷ്ട്രീയവും പ്രത്യശാസ്ത്രപരവുമായ മാനങ്ങൾ പരിശോധിക്കുമ്പോൾ തെളിഞ്ഞു വരുന്നത്.രാഷ്ട്രീയ പാർട്ടികളുടെ കാപട്യമാണ്. ഇന്ത്യയിൽ നിലവിലുള്ള ഏതാണ്ട് എല്ലാ പാർട്ടികൾക്കും തൊഴിലാളി സംഘടനകൾ നിലവിലുണ്ട്. ഇവയെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് സംഘടിത മേഖലയിലുമാണ്. ഗവണ്മെന്റ്-ഗവണ്മെന്റ് അംഗീകൃത സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്നവരുടെ സേവന-വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ധാരാളം സമരങ്ങളും ഇന്ത്യ കണ്ടിട്ടുണ്ട്. എന്നാൽ ഇതിലുമെത്രയോ മടങ്ങ് അസംഘടിത തൊഴിലാളികൾ പണിയെടുക്കുന്ന ഇടങ്ങളിലൊന്നും ഒരു രാഷ്ട്രിയ പാർട്ടിയെയും ട്രേഡ് യൂണിയനെയും കാണാനുമില്ല. തൊഴിലാളി-മുതലാളി ദ്വന്ദ്വങ്ങളിൽ മുഖ്യവൈരുദ്ധ്യം കണ്ടെത്തുന്ന പ്രത്യയശാസ്ത്ര നിലപാടുള്ളവർ സ്വകാര്യ-അസംഘടിത മേഖലയിലെ തൊഴിലാളികളെ, തൊഴിലാളികളായി പരിഗണിക്കാത്തത് എന്തുകൊണ്ടായിരിക്കും..?

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാരംഭകാലത്ത് തൊഴിലാളി സംഘടനകളുണ്ടാക്കിയാണ് പാർട്ടി പ്രവർത്തിച്ചു തുടങ്ങിയത്. അതിനുകാരണം വിപ്ളവത്തിന്റെ മുന്നണിപ്പടയാളികൾ തൊഴിലാളികളാണന്ന കമ്മ്യൂണിസ്റ്റ് പാഠമാണ്. വ്യാവസായിക തൊഴിലാളികൾ-കർഷക തൊഴിലാളികൾ എന്നിവരുടെ മുൻ കയ്യിൽ നടക്കുന്നൊരു വിപ്ളവമായിരുന്നു സ്വപ്നം. ഇന്ത്യയിൽ ആദ്യമായി കർഷകതൊഴിലാളിക്കൊരു യൂണിയൻ ഉണ്ടാവുന്നത് തിരുവിതാംകൂറിൽ കുട്ടനാട്ടിലാണ്. വൻ വ്യവസായ നഗരമായ ബോംബേയിലാണ് എ.ഐ.ടി.യു സി ഉണ്ടാകുന്നതും വൻ തൊഴിലാളി മുന്നേറ്റമുണ്ടാകുന്നതും. ഇങ്ങ് കേരളത്തിൽ വൻ വ്യവസായങ്ങൾ വരുന്നതിനു മുമ്പ്., കയർ-കശുവണ്ടി-കൈത്തറി-കള്ളുചെത്ത്-ചുമട്-കർഷകതൊഴിലാളി-എന്നീ തൊഴിലിടങ്ങളിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ പോരാളികളെ കണ്ടെത്തിയത്. പിന്നീട് സേവന മേഖലയിലും വ്യാപിക്കുന്നുണ്ട്. ട്രാൻസ്പോർട്ട്-ഇലക്ട്രിസിറ്റി-റെയിൽവേ -സഹകരണ സംഘങ്ങൾ-സർക്കാർ ഗുമസ്തന്മാർ-ആശുപത്രി ജീവനക്കാർ-ബാങ്ക് ജീവനക്കാർ..എന്നിങ്ങനെ നീളുന്നു ആ പട്ടിക.

ചെറുകിട വ്യവസായങ്ങൾ ദുർബലമാകുന്നതോടെ (കാർഷിക മേഖലയിലും) വൻ വ്യവസായ-സേവന മേഖലകളിലും മാത്രമായി പാർട്ടിയുടേയും അതിന്റെ ട്രേഡ് യൂണിയനുകളുടേയുംശ്രദ്ധ. 1955-ൽ നടന്ന ട്രാൻസ്പോർട്ട് സമരം ശ്രദ്ധിച്ചാൽ മതി. ആ സമരത്തിൽ തൊഴിലാളികൾ മാത്രമായിരുന്നില്ല.പാർട്ടി മൊത്തത്തിൽ ഏറ്റെടുത്ത സമരമായിരുന്നു.അതുപൊലെ അധ്യാപകസമരവും പാർട്ടിതന്നെയാണ് നയിച്ചത് .അതിനുകാരണം.തൊഴിലാളിവർഗ്ഗ ഐക്യമെന്ന പരികല്പനയും . എന്നാൽ സ്വകാര്യ-സമാന്തര അധ്യാപകരുടെ വിഷയത്തിൽ ഈ ഐക്യം നടക്കുന്നുമില്ല. ഇത് എന്തുകൊണ്ടാണ് ചോദ്യം ചെയ്യപ്പെടാതെ പോകുന്നത്...?

അസംഘടിത മേഖലകളിലെ തൊഴിൽ സമരങ്ങൾ ഇടതുപക്ഷപ്പാർട്ടികൾ പോലും ഏറ്റെടുക്കാത്തത് എന്തുകൊണ്ടാകും?