10 വയസുകാരിക്ക് ഭ്രൂണഹത്യ : കേന്ദ്രത്തിന്റെ അനുമതി തേടി സുപ്രീം കോടതി

#

ന്യൂഡല്‍ഹി (24-07-17) : ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ പത്ത് വയസുകാരിയുടെ ഭ്രൂണഹത്യയ്ക്ക് അനുമതി തേടി കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്. 26 ആഴ്ച പ്രായമുള്ള ഭ്രൂണം നശിപ്പിക്കാനാണ് അനുമതി തേടിയിരിക്കുന്നത്. 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്റ്റ് പ്രകാരം 20 ആഴ്ച വരെ പ്രായമുള്ള ഭ്രൂണഹത്യയ്ക്ക് കോടതി അനുമതി നല്‍കാം. ജനിതക വൈകല്യമടക്കമുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇതില്‍ ഇളവ് അനുവദിക്കാം. ആ സാഹചര്യത്തിലാണ് 26 ആഴ്ച പ്രായമായ ഭ്രൂണഹത്യയ്ക്ക് തടസ്സങ്ങളുയര്‍ന്നത്.

പെണ്‍കുട്ടിയുടെ കേസ് പരിഗണിച്ച ജസ്റ്റിസ് ജെ.എസ്.കെഹാര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ വിഷയത്തില്‍ അമിക്കസ് ക്യൂറിയാകാന്‍ ഛണ്ഡീഗഡ് ലീഗല്‍ സര്‍വ്വീസ്സസ് അതോറിറ്റിയുടെ സെക്രട്ടറിയുടെ സഹായവും തേടിയിട്ടുണ്ട്. ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ വിശദമായ പരിശോധനയ്ക്കായി ഡോക്ടര്‍മാരുടെ ഒരു ബോര്‍ഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്രയും കാലയളവായതിനാൽ ഭ്രൂണഹത്യ സാധ്യമാണോയെന്നും ഇത് മൂലം കുട്ടിയുടെ ജീവന് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടാകുമോ എന്നും പരിശോധിക്കാനാണ് ഡോക്ടര്‍മാരുടെ സംഘത്തിനുള്ള നിര്‍ദ്ദേശം. ഡോക്ടര്‍മാരുടെ പരിശോധനാ റിപ്പോര്‍ട്ട് കൂടി ഉള്‍പ്പെടുത്തി കേസ് ജൂലൈ 28 ന് വീണ്ടും പരിഗണിക്കും.

നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടി ഭ്രൂണഹത്യയ്ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ പ്രസവം മൂലം പെണ്‍കുട്ടിക്കും കുഞ്ഞിനും ജീവന് വരെ ഭീഷണിയുണ്ടാകുമെന്ന് നേരത്തെ തന്നെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു.ബലാത്സംഗത്തിനിരയായി ഗര്‍ഭിണികളാക്കപ്പെടുന്ന ര്‍ക്ക് പ്രത്യേകിച്ച് കൊച്ചു കുട്ടികള്‍ക്ക് ഭ്രൂണഹത്യയ്ക്ക് അനുമതി നല്‍കുന്ന തരത്തില്‍ 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്റ്റില്‍ ഭേദഗതി വരുത്തണമെന്നും പലകോണുകളില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്.