പുകസയുടെ ഹിന്ദുമതേതര സാംസ്കാരികയാത്ര

#

(29-07-17) : പുരോഗമന കലാസാഹിത്യ സംഘം പാലക്കാട് ജില്ലാ കഥാവേദിയുടെ ആഭിമുഖ്യത്തില്‍ മതേതര-സാംസ്‌കാരിക നാലമ്പലയാത്ര സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 30 ന് രാവിലെ ചിറ്റൂര്‍ തുഞ്ചന്‍ മഠത്തില്‍ സുന്ദരകാണ്ഡം രാമായണ വായനയോടെയാണ് നാലമ്പലയാത്ര ആരംഭിക്കുന്നത്. തസ്രാക്കിലെ ഒ.വി.വിജയന്‍ സ്മാരകം, ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം തിരുവല്വാമല വി.കെ.എന്‍ സ്മൃതിയിടത്തില്‍ യാത്ര സമാപിക്കും. കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്ന യാത്ര സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ.കെ.പി.മോഹനന്റെ പ്രഭാഷണത്തോടെയാണ് അവസാനിക്കുന്നത്.

സാംസ്‌കാരിക രംഗത്ത് ഹിന്ദു വര്‍ഗ്ഗീയവാദത്തിന്റെ കടന്നാക്രമണത്തെ നേരിടാന്‍ രാജ്യത്താകെ മതനിരപേക്ഷ ചിന്താഗതിക്കാര്‍ കഠിനാദ്ധ്വാനം ചെയ്യുന്ന ഘട്ടത്തിലാണ് പാലക്കാട്ട് പുരോഗമന കലാസാഹിത്യസംഘത്തിന്റെ  നാലമ്പലയാത്ര. സംസ്‌കാരം എന്നാല്‍ ഹൈന്ദവസംസ്‌കാരം എന്ന വിശ്വാസം അടിച്ചേല്‍പ്പിക്കാനാണ് ഹിന്ദു മതതീവ്രവാദികള്‍ ശ്രമിക്കുന്നത്. ഇവിടെ അറിഞ്ഞോ അറിയാതെയോ പുരോഗമന കലാസാഹിത്യസംഘവും ചെയ്യുന്നത് അതുതന്നെയാണ്.

രാമനും സഹോദരന്മാരും പൂജിപ്പിക്കപ്പെടുന്ന നാല് അമ്പലങ്ങളെയാണ് ഹിന്ദുമത വിശ്വാസികള്‍ നാലമ്പലം എന്ന് വിളിക്കുന്നത്. ഒരു ദിവസം തന്നെ ഈ നാലു ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയാല്‍ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം. പഴയ കൊച്ചി സംസ്ഥാനത്തും തെക്കേ മലബാറിലും ഉള്ളവരെ സംബന്ധിച്ചിടത്തോളം രാമന്റെ പ്രതിഷ്ഠയുള്ള തൃപ്രയാര്‍, ഭരത പ്രതിഷ്ഠയുള്ള കൂടല്‍ മാണിക്യം, ലക്ഷ്മണന്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മൂഴിക്കുളം, ശത്രുഘ്‌ന പ്രതിഷ്ഠയുള്ള പായമ്മല്‍ എന്നിവയാണ് നാല് അമ്പലങ്ങള്‍.

മതേതര സാംസ്‌കാരിക യാത്ര എന്ന് പേരിടുകയും അതിന്റെ കൂടെ നാലമ്പലം എന്ന് ചേര്‍ക്കുകയും ചെയ്യുന്നതില്‍ പുരോഗമന കലാസാഹിത്യസംഘം ഒരു അപകടവും കാണുന്നില്ല എന്നത് നിസ്സാരമല്ല. അതിൽ പ്രതിലോമകരമായി എന്താണുള്ളത് എന്ന നിഷ്‌കളങ്കമായ ചോദ്യം നമ്മൾ നേരിടുന്ന സാംസ്കാരിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഹൈന്ദവ വര്‍ഗ്ഗീയതയുടെ സാംസ്‌കാരിക അധിനിവേശത്തെ ആശയപരമായല്ലാതെ വടിവാളും കൈ ബോംബും കൊണ്ട് നേരിടാനാവില്ല, മുഖ്യധാരാ ഇടതുപക്ഷത്തിലെ ഒരു വിഭാഗത്തെയെങ്കിലും ആശയപരമായി സ്വാധീനിക്കാനും തങ്ങളുടെ പക്ഷത്താക്കാനും വര്‍ഗ്ഗീയ ഫാഷിസത്തിന് കഴിയുന്നു എന്നതിന്റെ സൂചനയാണോ പുകസയുടെ നാലമ്പല സാംസ്‌കാരിക യാത്ര?

മതേതര നാലമ്പല സാംസ്‌കാരിക യാത്ര എന്ന് പരിപാടിക്ക് പേരിടുകയും കര്‍ക്കടകമാസത്തിലെ പ്രഭാതങ്ങള്‍ അദ്ധ്യാത്മ രാമായണ വായനകൊണ്ട് ആരംഭിക്കുക എന്ന ഹൈന്ദവ മതാനുഷ്ഠാനം  കൃത്യമായി പാലിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം പുരോഗമന കലാസാഹിത്യസംഘത്തെ ബോധ്യപ്പെടുത്താന്‍ ആര്‍ക്കാണ് കഴിയുക? ഹിന്ദുമത വിശ്വാസികളല്ലാത്തവര്‍ ഹൈന്ദവാചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുക എന്നതാണോ മതേതരത്വം എന്ന വാക്ക് കൊണ്ട് പുകസ അര്‍ത്ഥമാക്കുന്നത്? ഹിന്ദു തീവ്രവാദത്തിന്റെ പ്രത്യയശാസ്ത്രത്തിനു മുന്നില്‍ അടിയറവ് പറഞ്ഞതിനു ശേഷം വര്‍ഗ്ഗീയ ഫാഷിസ്റ്റുകള്‍ക്കെതിരേ മൈതാനപ്രസംഗം നടത്തുക എത്ര ഭീകരമായ ഫലിതമാണ് ! ഇത്തരം "സാംസ്‌കാരിക" അനുഷ്ഠാനങ്ങള്‍ വഴി വര്‍ഗ്ഗീയ ഫാഷിസത്തിന് കവാടം മലര്‍ക്കെ തുറന്നുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് മതേതര സംസ്‌കാരത്തിന്റെ സ്വയം പ്രഖ്യാപിത പതാകവാഹകരെ ബോധ്യപ്പെടുത്താന്‍ ആര്‍ക്കാണ് കഴിയുക?