നാടകം കാഴ്ചയുടെയും ചിന്തയുടെയും കല : എ ശാന്തകുമാര്‍

#

കോഴിക്കോട് (29-07-17) : എ ശാന്തകുമാറിന് നാടകം എന്നും അതിഗൗരവമേറിയ കലയും രാഷ്ട്രീയവുമാണ്. നാടകത്തോളം ജനകീയമായ മറ്റൊരു കലയില്ലെന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിക്കുകയും രണ്ടുപതിറ്റാണ്ടോളമായി നാടകത്തിനായി ജീവിക്കുകയും ചെയ്യുന്നു. അരങ്ങിലെ നൂതനമായ പരീക്ഷണങ്ങള്‍ക്ക് നാടകലോകം പല തവണ ശാന്തകുമാറിനെ അംഗീകാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ലൈംഗീക തൊഴിലാളികളെ കഥാപാത്രങ്ങളാക്കി അരങ്ങിലെത്തിച്ച്  രചനയും സംവിധാനവും ചെയ്ത "ഒറ്റ രാത്രിയുടെ കാമുകിമാര്‍" എന്ന നാടകം ഏറെ പ്രശംസും ശ്രദ്ധയും നേടി. അരയ്ക്കുകീഴെ തളര്‍ന്ന അജയന്‍ എന്ന നാടകനടനെ അരങ്ങിലെത്തിച്ച "മരം പെയ്യുന്നു" എന്ന നാടകം അരങ്ങിലെ  ധീരമായ അനുഭവമായിരുന്നു. അന്താരാഷ്ട്ര നാടകോത്സവങ്ങളില്‍ ഇടം നേടിയ "ഫാക്ടറി", "ഒരു ദേശം നുണ പറയുന്നു" എന്നിവയ്‌ക്കൊപ്പം "കര്‍ക്കടകം", "കുരുടന്‍ പൂച്ച", "ചിരുത ചിലതൊക്കെ മറന്നുപോയി", "കറുത്ത വിധവ" തുടങ്ങി വൈവിധ്യമാര്‍ന്ന നിരവധി നാടകങ്ങള്‍ ശാന്തകുമാര്‍ മലയാളത്തിന് നല്‍കിയിട്ടുണ്ട്. അറുപതിലേറെ നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ജനകീയ നാടകക്കാരന്‍, ലോകോത്തര നാടകങ്ങളുടെ ഫെസ്റ്റിവലായ തീയറ്റര്‍ ഒളിമ്പിക്‌സിന് അടുത്ത ഫെബ്രുവരിയില്‍ ഇന്ത്യ വേദിയാകുമ്പോള്‍  ഇന്ത്യന്‍ നാടക അവതരണത്തിന് അനിവാര്യമായ പൊളിച്ചെഴുത്തിനെക്കുറിച്ച് ലെഫ്റ്റ്ക്ലിക് ന്യൂസിനോട് സംസാരിക്കുന്നു.

നാടകം എന്ന രാഷ്ട്രീയ ആയുധം

നാടകമെന്ന കലയ്ക്ക് പ്രേക്ഷകനെ വളരെയധികം സ്വാധീനിക്കാന്‍ കഴിയും. അത്രത്തോളം ജനകീയമാണത്. നാടകക്കാരന്‍  സമൂഹത്തോട് നേരിട്ടാണ് സംസാരിക്കുന്നത്. അതോടൊപ്പംതന്നെ നാടകം എക്കാലത്തും നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതിയോട് കലഹിച്ചുകൊണ്ടേയിരിക്കുകയാണ്. രാജാക്കന്മാരുടെ നെറികേടിനെ തുറന്നുകാണിച്ച ശാകുന്തളം എന്ന കാവ്യനാടകമടക്കമിങ്ങോട്ടുള്ള എല്ലാ നാടകങ്ങളും ഭരണകൂട നെറികേടിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തികൊണ്ടേയിരുന്നു. സോഫക്ലീസിന്റെ ഈഡിപ്പസില്‍പോലും അധികാരത്തിന്റെ ആര്‍ത്തിക്കെതിരെയുള്ള ചൂണ്ടുവിരൽ കാണാം. ഷേക്‌സ്പിയറും നാടകങ്ങളിലൂടെ ചെയ്തത് വ്യവസ്ഥയ്ക്ക് എതിരെയുള്ള പോരാട്ടമാണ്. ഇത്തരത്തില്‍ ശബ്ദമുയര്‍ത്തി കലഹിക്കുന്ന കലാരൂപം നാടകം മാത്രമാണ്. നാടകത്തിന് മാത്രമാണ് രക്തസാക്ഷികള്‍ ഉണ്ടായിട്ടുള്ളത്. ഇന്ത്യയില്‍ ഫാക്ടറി തൊഴിലാളികള്‍ക്കുവേണ്ടി നാടകം ചെയ്ത് കൊല്ലപ്പെട്ട സഫ്ദര്‍ ഹാഷ്മി ഇതിന് വലിയ ഉദാഹരണമാണ്. വിപ്ലവാനന്തര റഷ്യയിലും സ്‌പെയിനിലുമെല്ലാം ഇത്തരം കൊലകള്‍ നാടകകലാകാരന്മാര്‍ക്കുനേരെ ആവര്‍ത്തിക്കപ്പെട്ടിണ്ടൂണ്ട്. അങ്ങനെ എല്ലാ നാടകങ്ങളും സമൂഹത്തോട് എന്തെങ്കിലുമൊക്കെ വിളിച്ച് പറയുന്നുണ്ട്. കാണുന്ന പ്രേക്ഷകന്റെ മനസിലേക്ക് എന്തെങ്കിലുമൊരു ചോദ്യം എറിഞ്ഞുകൊടുക്കാന്‍ കഴിയുന്നിടത്ത് നാടകത്തിന് മറ്റൊരു രാഷ്ട്രീയമാനം കൈവരുന്നു. അതുകൊണ്ടാണ് നാടകത്തിന് കാലാതീതമായ പ്രസക്തി ഉണ്ടാവുന്നത്.

അരാഷ്ട്രീയമാകുന്ന പുത്തന്‍ നാടകസംസ്‌കാരം

അരാഷ്ട്രീയമായ നാടകങ്ങളെ മാത്രം സ്വീകരിക്കുന്ന പ്രവണത പുതിയകാലത്ത് കണ്ടുവരുന്നുണ്ട്. ദൃശ്യഭംഗി മാത്രം നോക്കി ചിന്തയുടെ കല കൂടിയായ നാടകത്തെ കാഴ്ചയുടെ മാത്രം കലയായി ഒതുക്കുന്നു. കാഴ്ചയ്‌ക്കൊപ്പം ആസ്വാദകന് ബുദ്ധിപരമായി ചിന്തിക്കാനും കഴിയുന്നതായിരിക്കണം നാടകം. സ്‌ക്രിപ്റ്റ് വേണ്ടെന്നാണ് പുതിയ തലമുറയിലെ നാടകക്കാര്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ സ്‌ക്രിപ്റ്റാണ് നാടകത്തിന്റെ നാവും നട്ടെല്ലും. ഒരേ സമയം ഒരു സാഹിത്യ രൂപം കൂടിയാണത്. കാളിദാസന്റെയും ഷേക്‌സ്പിയറിന്റെയും നാടകങ്ങളില്‍ സാഹിത്യത്തിനും പ്രാധാന്യമുണ്ടായിരുന്നത് കൊണ്ടാണ് അത് കാലത്തെ അതിജീവിക്കുന്നത്. ദൃശ്യം മാത്രമാണെങ്കില്‍ അവയ്ക്കൊന്നും ഇത്രകാലത്തെ ആയുസ്സ് ഉണ്ടാകുമായിരുന്നില്ല. വിത്തൗട്ട് എ പേജ്, ദേര്‍ ഈസ് നോ സ്‌റ്റേജ് എന്ന് ഷേക്‌സ്പിയറും പറയുന്നു. പാശ്ചാത്യനാടകങ്ങളിലെല്ലാം അവരുടെ രാഷ്ട്രീയവും സംസ്‌കാരവും സാമൂഹികാവസ്ഥയും  കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. മറ്റെല്ലാം അവരില്‍നിന്ന് അനുകരിക്കുന്ന പുതിയ മലയാള നാടകസംസ്‌കാരത്തിന് പക്ഷേ, രാഷ്ട്രീയവും സാംസ്‌കാരികവുമായ ഇടപെടലുകളോട് അങ്ങേയറ്റം വൈമുഖ്യമാണ്. ഖസാക്കിന്റെ ഇതിഹാസം പോലും ദൃശ്യം മാത്രമാകുന്നിടത്താണ് ഇതിന്റെ പ്രശ്‌നം മനസിലാക്കേണ്ടത്. വിപ്ലവപ്രസ്ഥാനങ്ങളെല്ലാം തകര്‍ന്ന എഴുപതുകളിലെ ചെറുപ്പക്കാരുടെ അസ്തിത്വപ്രശ്‌നത്തെ അവതരിപ്പിച്ച ഒ വി വിജയന്റെ നോവലിനെ നാടകമാക്കിയപ്പോള്‍ നോവലിലെ കഥാപാത്രങ്ങളില്‍ അന്തര്‍ലീനമായി കിടന്നിരുന്ന സമൂഹികാവസ്ഥയെ ഏറ്റെടുക്കാന്‍ നാടകത്തിന് കഴിഞ്ഞില്ല. അതിന്റെ ദൃശ്യാവതരണം മാത്രമാണ് സംഭവിച്ചത്.

നാടകം എന്ന സാഹിത്യം

നാടകം കാഴ്ചയുടെ കലയാകുമ്പോള്‍ത്തന്നെ അത് ചിന്തയുടെകൂടി കലയാണ്. ചിന്തിപ്പിക്കേണ്ട കലയാണ്. അതിനാല്‍ സംഭാഷണങ്ങള്‍ കുത്തിനിറച്ച രൂപരേഖയെ നാടകമെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. അതിലുപരി ഒരു മികച്ച സാഹിത്യരൂപം കൂടിയാവണമത്. വായനാനുഭവംകൂടി നല്‍കാന്‍ നല്ല നാടകത്തിന് കഴിയണം. അരങ്ങില്‍ പെട്ടന്ന് അവസാനിക്കുന്ന നാടകത്തിന് കാലത്തെ കടന്നുനില്‍ക്കാന്‍ അത് കൂടിയേ കഴിയൂ. കൃതിയെ നിരാകരിച്ച് ദൃശ്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന പുതിയകാലത്തെ നാടകങ്ങള്‍ കലയെ സാഹിത്യത്തില്‍ നിന്ന് അകറ്റാനാണ് ശ്രമിക്കുന്നത്

ഇന്ത്യന്‍ നാടകവും പാശ്ചാത്യവല്‍ക്കരണവും

പാശ്ചാത്യ നാടകങ്ങളിലെ പുതിയ സംവിധാനങ്ങളും രീതികളും നമ്മള്‍ തിരിച്ചറിയുകതന്നെ വേണം. എന്നാല്‍ അതിന്റെ അന്ധമായ അനുകരണങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. മലയാളത്തിന്റെ സ്വത്വമുള്ള നാടകവേദി രൂപീകരിക്കുകയാണ് വേണ്ടത്. ലോക നാടകവേദിയില്‍ മലയാളനാടകങ്ങള്‍ക്ക് ഇടം ലഭിക്കേണ്ടതുണ്ട്. തീയറ്റര്‍ ഒളിമ്പിക്‌സ് പോലെയുള്ള വേദികള്‍ ഉണ്ടാകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു കൊടുക്കല്‍ വാങ്ങലാണ് ഉണ്ടാവേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മലയാള നാടകങ്ങളുടെ അനുകരണ പ്രവണത കാരണം നമ്മുടേതായി കൊടുക്കാന്‍ ഒന്നുമില്ലാതാവുകയും വാങ്ങല്‍ മാത്രമായി ഇത്തരം വേദികള്‍ ചുരുങ്ങുകയും ചെയ്യും. ഡ്രാമാ സ്‌കൂളുകളില്‍നിന്നൊക്കെ പഠിച്ചിറങ്ങുന്ന കുട്ടികളില്‍ ഇങ്ങനെയുള്ള അനുകരണ സ്വഭാവം കൂടുതലായി കാണുന്നത് നിരാശയുണ്ടാക്കുന്ന കാര്യമാണ്. നമ്മുടെ മൗലികമായ രചനകളൊന്നും അർഹിക്കുന്ന പ്രാധാന്യത്തോടെ വായിക്കപ്പെടുന്നില്ല എന്നതാണ് ഇത്തരം അനുകരണങ്ങളുടെ ദുരന്തം.

നാടകവും പ്രേക്ഷകരും

നാടകത്തിന് ഇപ്പോഴും പ്രേക്ഷകരുണ്ട്. ഇടക്കാലത്ത് നാടകത്തിന് പ്രേക്ഷകര്‍ കുറയുകയും നാടകം മരിക്കുന്നു എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തിരുന്നു. കാവാലം നാരായണപണിക്കര്‍ മലയാളത്തിലേക്ക് ഒരു തനത് നാടകസംസ്‌കാരം കൊണ്ട് വരികയും അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടിങ്ങോട്ട് ഉണ്ടായത് ഇതിന്റെ വികൃതാനുകരണങ്ങളായിരുന്നു. അപ്പോള്‍ ആളുകള്‍ക്ക് ഈ വികൃതാനുകണം അരോചകമായി തോന്നുകയും നാടകത്തില്‍നിന്നും അകലുകയുമുണ്ടായി. എന്നാല്‍ നല്ല നാടകങ്ങള്‍ക്ക ഇന്നും ആസ്വാദകരുണ്ട്. അതുകൊണ്ടാണ് ഇറ്റ്‌ഫോക് പോലെയുള്ള തീയറ്റര്‍ ഫെസ്റ്റിവല്‍ വേദികളില്‍ വലിയ ജനപങ്കാളിത്തം  ഉണ്ടാകുന്നത്. ജനങ്ങളുടെ ഉള്ളില്‍ അടര്‍ത്തിയെടുക്കാനാവാത്തത്ര ഇഴുകിച്ചേര്‍ന്ന് കിടക്കുകയാണ് ഈ കലാരൂപം.

പ്രതീക്ഷ നല്‍കുന്ന വിദ്യാര്‍ത്ഥി നാടകങ്ങള്‍

സ്‌കൂള്‍ കലോല്‍സവ വേദികളാണ് ഇന്ന് നാടകത്തിന് പ്രതീക്ഷ നല്‍കുന്ന മറ്റൊരു വേദി. ഓരോ വര്‍ഷവും എല്ലാ സ്‌കൂളുകളിലുമായി ആയിരത്തോളം നാടകങ്ങള്‍ ഉണ്ടാവുകയും അതില്‍ മിക്കതും മികച്ച നിലവാരം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. മറ്റൊരുരാജ്യത്തും ഇത്ര വലിയ രീതിയില്‍ കുട്ടികളുടെ നാടകഫെസ്റ്റിവല്‍ ഉണ്ടന്ന് തോന്നുന്നില്ല. യഥാര്‍ത്തില്‍ ഇതിനെ വലിയ പ്രാധാന്യത്തോടെ കാണേണ്ടതും പ്രോല്‍സാഹിപ്പിക്കേണ്ടതുമുണ്ട്.

അരങ്ങിലെ നൂതനമായ പരീക്ഷണങ്ങള്‍ക്ക് നാടകലോകം പല തവണ ശാന്തകുമാറിനെ അംഗീകാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ലൈംഗീക തൊഴിലാളികളെ കഥാപാത്രങ്ങളാക്കി അരങ്ങിലെത്തിച്ച്  രചനയും സംവിധാനവും ചെയ്ത "ഒറ്റ രാത്രിയുടെ കാമുകിമാര്‍" എന്ന നാടകം ഏറെ പ്രശംസും ശ്രദ്ധയും നേടി. അരയ്ക്കുകീഴെ തളര്‍ന്ന അജയന്‍ എന്ന നാടകനടനെ അരങ്ങിലെത്തിച്ച "മരം പെയ്യുന്നു" എന്ന നാടകം അരങ്ങിലെ  ധീരമായ അനുഭവമായിരുന്നു. അന്താരാഷ്ട്ര നാടകോല്‍സവങ്ങഴില്‍ ഇടം നേടിയ "ഫാക്ടറി", "ഒരു ദേശം നുണ പറയുന്നു" എന്നിവയ്‌ക്കൊപ്പം "കര്‍ക്കടകം", "കുരുടന്‍ പൂച്ച", "ചിരുത ചിലതൊക്കെ മറന്നുപോയി", "കറുത്ത വിധവ" തുടങ്ങി അറുപതിലധികം വൈവിധ്യമാര്‍ന്ന നാടകങ്ങള്‍ ശാന്തകുമാര്‍ മലയാളത്തിന് നല്‍കിയിട്ടുണ്ട്.