ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ ട്വൻറി 20 മത്സരം നടക്കും

#

തിരുവനന്തപുരം (01-08-17) : രാജ്യാന്തര ക്രിക്കറ്റിന്റെ ഭാഗമാകാന്‍ അനന്തപുരിയും ഒരുങ്ങുന്നു. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെയാണ് ബി.സി.സി.ഐ പരിഗണിച്ചത്. കൊല്‍ക്കത്തയില്‍ ഇന്ന് ചേര്‍ന്ന ബി.സി.സി.ഐ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. അന്താരാഷ്ട്ര ട്വൻറി 20ക്രിക്കറ്റാണ് ഇവിടെ അരങ്ങേറുക.

ഈ സീസണില്‍ ഇന്ത്യ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ശ്രീലങ്ക എന്നിവരുമായി ഇന്ത്യയില്‍ പരമ്പര കളിക്കുന്നുണ്ട്. ഇവയിലേതെങ്കിലും പരമ്പരയിലെ മത്സരം ഗ്രീന്‍ഫീല്‍ഡില്‍ നടത്താനാണ് സാദ്ധ്യത. ഗ്രീന്‍ഫീല്‍ഡിലും അസമിലെ ബരസപാറ സ്റ്റേഡിയത്തിലും ടെസ്റ്റ് മത്സരം നടത്താനുള്ള സാങ്കേതിക അനുമതി ബി.സി.സി.ഐ സംഘം നേരത്തേ നല്‍കിയിരുന്നു. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ 23 രാജ്യാന്തര മല്‍സരങ്ങളാണ് ടീം ഇന്ത്യ നാട്ടില്‍ കളിക്കുന്നത്. ഇതില്‍ ഏറ്റവും ഒടുവിലത്തേ മത്സരമാണ് ഗ്രീന്‍ഫീല്‍ഡ്‌സ്‌റ്റേഡിയത്തില്‍ നടക്കുക.

ദേശീയ ഗെയിംസിന്റെ ഭാഗമായി തയ്യാറാക്കിയ സ്റ്റേഡിയമാണിത്. അഞ്ച് ലക്ഷത്തിലേറെ കാണികളെ ഉള്‍ക്കൊള്ളാനുള്ള സ്റ്റേഡിയം അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിശാലമായ മീഡിയ റൂം, കളിക്കാര്‍ക്കുള്ള ഡ്രസിംഗ് റൂമുകള്‍ ,വിഐപി എന്‍ക്ലോഷറുകള്‍, ഇന്‍ഡോര്‍ കോട്ടുകള്‍ , സ്വിമ്മിംഗ് പൂളുകള്‍, സ്‌ക്വാഷ് കോര്‍ട്ടുകള്‍, ഔട്ട്‌ഡോര്‍ ക്രിക്കറ്റ് നെറ്റുകള്‍ എന്നിവയ്ക്കും പുറമെ കണ്‍വെന്‍ഷന്‍ ,കോണ്‍ഫറന്‍സ് സെന്ററുകള്‍,വിശാലമായ പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവയൊക്കെ സ്റ്റേഡിയത്തിലുണ്ട്. കെ.സി.എയുടെയും കെ.എസ്.എഫ്.എല്ലിന്റെയും മൂന്ന് വീതം പ്രതിനിധികളടങ്ങിയ കമ്മറ്റിയാണ് സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് .