പി.യു ചിത്രക്ക് പരിശീലനത്തിന് തുക സർക്കാർ നൽകും ; സി.കെ.വിനീതിന് ജോലിയും

#

തിരുവനന്തപുരം (02-08-17) :  ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാന്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ പി.യു.ചിത്രയ്ക്ക് സാമ്പത്തിക സഹായവുമായി സംസ്ഥാനസര്‍ക്കാര്‍. പരിശീലനത്തിനായി മാസം 25000രൂപയും  പ്രത്യേക സ്‌കീമിലുള്‍പ്പെടുത്തി പ്രതിമാസം 10,000രൂപയും അലവന്‍സ് ഇനത്തില്‍  500രൂപയും  നല്‍കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.  ഏഷ്യന്‍ അത്‌ലറ്റിക് ചാന്പ്യന്‍ഷിപ്പില്‍ 1500മീറ്ററില്‍ സ്വര്‍ണം നേടിയിട്ടും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയ്ക്ക് പങ്കെടുക്കുവാന്‍ സാധിച്ചിരുന്നില്ല. ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുത്താതതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.  ഈ സാഹചര്യത്തിലാണ് ചിത്രയക്ക് സഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഐ.എസ്.എല്‍ താരം സി.കെ വിനീതിനു ജോലിനല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.  സെക്രട്ടേറിയറ്റ് അസിസ്റ്റന്റായാണ് നിയമനം.

മതിയായ ഹാജര്‍ ഇല്ലെന്ന കാരണത്താല്‍ ഏജീസ് ഓഫീസില്‍ നിന്നും വിനീതിനെ പിരിച്ചുവിട്ടിരുന്നു. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററായി സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നാലര വര്‍ഷം മുന്പ് വിനീത് ജോലി നോക്കിയിരുന്നു. എന്നാല്‍, ഇന്ത്യന്‍ സോക്കര്‍ ലീഗിലും ദേശീയ ടീമിലും സജീവമായതോടെ വിനീതിന് ഓഫീസിലെത്താന്‍ കഴിയാതെ വന്നത്. തുടര്‍ന്നാണ് ഹാജരില്ലെന്ന് ചൂണ്ടിക്കാട്ടി ജോലിയില്‍ നിന്ന് വിനീതിനെ പിരിച്ചുവിട്ടത്. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിട്ടും വിനീതിനെ തിരിച്ചെടുത്തിരുന്നില്ല. സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പി.യൂ ചിത്രയും സി.കെ വിനീതും പ്രതികരിച്ചു.