ജി.സി.സിയുടെ നിലനില്‍പ്പ് സംശയം : ഖത്തര്‍

#

ദോഹ (02-08-17) : ഗള്‍ഫ് രാഷ്ട്രങ്ങള്‍ തങ്ങള്‍ക്കെതിരായ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലി(ജി.സി.സി)ന്റെ നിലനില്‍പ്പ് സംശയത്തിലാണെന്ന് ഖത്തര്‍. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ രാജ്യങ്ങള്‍ക്ക് ഒരുവിധത്തിലുള്ള ഗുണവും ചെയ്യില്ലെന്നാണ് ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ അറിയിച്ചിരിക്കുന്നത്.

പരിഹാരം വൈകുന്തോറും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുകയാണെന്നും ഇങ്ങനെ തുടര്‍ന്നാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രങ്ങള്‍ തമ്മില്‍ നിലവിലെ സ്തംഭനാവസ്ഥ തുടര്‍ന്നാല്‍ ജി.സി.സിയ്ക്ക് അപമാനമാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്ന കുവൈറ്റിന്റെ ഇടപെടലിനെ പ്രശംസിച്ച ഖത്തര്‍ മന്ത്രി പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അറിയിച്ചു.

തീവ്രവാദ ബന്ധം ആരോപിച്ചാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റിന്‍, യെമന്‍, ഈജിപ്റ്റ് തുടങ്ങി ആറോളം രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാവിധ ബന്ധങ്ങളും അവസാനിപ്പിച്ചത്. രണ്ട് മാസമായി തുടരുന്ന ഉപരോധങ്ങള്‍ അവസാനിപ്പിക്കാനായി പലവിധത്തിലും  മധ്യസ്ഥ ശ്രമങ്ങള്‍ നടന്നിട്ടും ഇതുവരെ ഫലം കാണാത്ത സാഹചര്യത്തിലാണ് ഖത്തര്‍ പ്രതിരോധ മന്ത്രിയുടെ പ്രതികരണമെത്തിയിരിക്കുന്നത്.

ഇറാഖ് ഒഴികെയുള്ള അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സാമ്പത്തിക, രാഷ്ട്രീയ സംഘടനയാണ് ജി.സി.സി. വിവിധ മേഖലകളില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ഐക്യം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് ഇത് രൂപം കൊണ്ടത്.