ഒറ്റപ്പെടുത്തുന്നവരെ വെല്ലുവിളിച്ച് ഖത്തര്‍ : ഇറ്റലിയില്‍ നിന്ന് യുദ്ധക്കപ്പലുകള്‍ വാങ്ങാൻ കരാർ

#

ദോഹ (03-08-17) : ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ഖത്തറിന്റെ നീക്കം. ഇറ്റലിയില്‍ നിന്ന് 600 കോടി രൂപ യുദ്ധക്കപ്പലുകള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടാണ് രാജ്യത്തിന് മേല്‍ സാമ്പത്തിക ഉപരോധം കടുപ്പിക്കാന്‍ നീക്കം നടത്തുന്ന ഗള്‍ഫ് രാഷ്ട്രങ്ങളെ ഖത്തര്‍ വെല്ലുവിളിച്ചിരിക്കുന്നത്. 7 യുദ്ധക്കപ്പലുകള്‍ വാങ്ങാനാണ് ഇറ്റലിയുമായി കരാറായിരിക്കുന്നത്. ഇത് കൂടാതെ രാഷ്ട്രീയ-സാമ്പത്തിക ഖേലകളിലും ഉഭയകക്ഷി സഹകരണം ഉറപ്പിച്ചുകൊണ്ടുള്ള ചില കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടു. തീവ്രവാദ ബന്ധം ആരോപിച്ച് ആറോളം ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധം കൂടുതല്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്രയും വലിയ തുക മുടക്കി ഖത്തര്‍ ഒരു കരാര്‍ ഉറപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

രണ്ട് മാസമായി തുടരുന്ന ഉപരോധത്തിനിടെ ഖത്തര്‍ ഇത്രയും വലിയൊരു സാമ്പത്തിക ഇടപാട് നടത്തുന്നതും ഇതാദ്യമാണ്. തങ്ങളുടെ നിബന്ധനകള്‍ക്ക് വഴങ്ങാത്ത ഖത്തറിന്‍ മേല്‍ സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികള്‍ക്കായി മറ്റ് രാജ്യങ്ങള്‍ ശ്രമിക്കുമ്പോഴാണ് ഇറ്റലിയുമായി ബന്ധം ദൃഢമാക്കി ഖത്തറിന്റെ നീക്കം.

ഖത്തറുമായി വളരെ മികച്ച ഒരു സാമ്പത്തിക-രാഷ്ട്രീയ ബന്ധമാണ് ഇറ്റലിയ്ക്കുള്ളതെന്നും തീവ്രവാദത്തെ ചെറുക്കാന്‍ ഖത്തര്‍ നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്നുവെന്നുമാണ് കരാര്‍ ഒപ്പുവച്ച ശേഷം ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ആഞ്ജ ലീനോ ആല്‍ഫോ പ്രതികരിച്ചത്. തീവ്രവാദത്തെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റിന്‍, തുടങ്ങി ആറോളം രാജ്യങ്ങള്‍ ഖത്തറിന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ യു.എസ്, യു.കെ അടക്കമുള്ള രാജ്യങ്ങള്‍ ഖത്തറിനെ പിന്തുണച്ചിരുന്നു. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഒത്തുതീര്‍ക്കുന്നതിനായി വിദേശ രാജ്യങ്ങള്‍ തന്നെ ഇടപെട്ട് മധ്യസ്ഥ ശ്രമങ്ങൾ നടത്തി വരുമ്പോഴാണ് ഇറ്റലിയും ഖത്തറിനെ പിന്തുണച്ചിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ന്ിലവിലെ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കപ്പെടണമെന്നും അതിനായി സന്ധിസംഭാഷണങ്ങള്‍ക്ക് എല്ലാവരും തയ്യാറാകണമെന്നും ഇറ്റലി അഭ്യർത്ഥിച്ചു..