ആഗസ്റ്റ് 9 ന് ശാസ്ത്രത്തിനുവേണ്ടി നാട് മാർച്ച് ചെയ്യും

#

തിരുവനന്തപുരം (03-08-17) : തലസ്ഥാന നഗരം മാർച്ച് ചെയ്യാനൊരുങ്ങുകയാണ് അടുത്ത ബുധനാഴ്ച. കൊടികളുടെ നിറങ്ങൾക്ക് കീഴെയല്ല മറിച്ച് രാജ്യത്തിനുവേണ്ടി. ശാസ്ത്രത്തിനുവേണ്ടി. സർക്കാർ നയങ്ങൾ ശാസ്ത്രത്തെ അടിസ്ഥാനമാക്കി രൂപീകരിക്കുക, ദേശീയ വരുമാനത്തിന്റെ മൂന്നു ശതമാനം ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങൾക്കായി നീക്കിവക്കുക തുടങ്ങി ഒരുകൂട്ടം ആവശ്യങ്ങൾ  ഉന്നയിച്ചുകൊണ്ട് ശാസ്ത്രജ്ഞരും ഗവേഷകരും അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ ശാസ്ത്രത്തെ സ്നേഹിക്കുന്ന എല്ലാവരും മാർച്ചിൽ അണിചേരും. ഓഗസ്റ്റ് 9 ന് രാവിലെ 11 ന് തിരുവനന്തപുരം  പബ്ലിക് ലൈബ്രറിക്കു സമീപത്തുനിന്ന് കേരള സർവ്വകലാശാല കാര്യാലയത്തിലേക്കാണ് മാർച്ച്.

രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഇതേസമയം മാർച്ച് നടക്കും. അശാസ്ത്രീയവും അന്ധവുമായ ആശയങ്ങളുടെയും മതപരമായ അസഹിഷ്ണുതയുടെയും പ്രചാരണം അവസാനിപ്പിക്കുക, ഭരണഘടനയുടെ അമ്പത്തൊന്നാം അനുച്ഛേദത്തിന് അനുരോധമായി ശാസ്ത്രീയമനോഭാവവും മാനുഷിക മൂല്യങ്ങളും അന്വേഷണ ത്വരയും വളർത്തിയെടുക്കുക, വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ശാസ്ത്രീയ തെളിവുകളുടെ പിൻബലമുള്ള ആശയങ്ങൾ മാത്രം പ്രദാനം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും മാർച്ചിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നവയാണ്.

മാര്‍ച്ച് ഫോർ സയൻസ് ആഹ്വാനം ചെയ്തിരിക്കുന്നത് ലോകപ്രശസ്തരായ ഇന്ത്യൻ ശാസ്ത്രജ്ഞരാണ്. ബാംഗ്ലൂര്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് സയൻസിലെ  ജനിതക ശാസ്ത്ര പ്രൊഫസ്സർ എസ്.മഹാദേവൻ, മുംബൈ ടാറ്റ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ചിൽ നിന്ന് വിരമിച്ച എസ്.ജി.ഡാനി, പദ്മശ്രീ അവാർഡ് ജേതാവ് നിത്യ ആനന്ദ്, പ്രമുഖ ഭൗമ ശാസ്ത്രജ്ഞൻ ധ്രുവമുഖർജി , കുസാറ്റ്  മുൻ വി.സി ഡോ. കെ.ബാബു ജോസഫ്  തുടങ്ങി നാനൂറിൽപരം പ്രമുഖ ശാസ്ത്രജ്ഞരാണ് മാർച്ച് ഫോർ സയൻസിന് ആഹ്വനം നൽകിയിരിക്കുന്നത്.

ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി, ഓൾ ഇന്ത്യ പീപ്പ്ൾസ് നെറ്റ്‌വർക്ക് , ആസ്ട്രോ കേരള ഉൾപ്പെടെയുള്ള ശാസ്ത്ര സംഘടനകളും സച്ചിദാനന്ദൻ , എൻ.എസ്.മാധവൻ, സാറ ജോസഫ് , സക്കറിയ എന്നിവർ ഉൾപ്പെടുന്ന ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറം അടക്കമുള്ള സാംസ്‌കാരിക സംഘടനകളും മാർച്ച് ഫോർ സയൻസിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.