പ്രശസ്ത തെയ്യം കലാകാരന്‍ കണ്ണന്‍ പെരുവണ്ണാൻ അന്തരിച്ചു

#

കണ്ണൂർ (04.08.2017) : പ്രശസ്ത തെയ്യം കലാകാരന്‍ കണ്ണന്‍ പെരുവണ്ണാൻ അന്തരിച്ചു. തെയ്യം കലയുടെ കുലപതിയായി അറിയപ്പെട്ട അദ്ദേഹം ഏഴു പതിറ്റാണ്ടിലേറെ ഈ രംഗത്ത് സജീവമായിരുന്നു. കണ്ണന്‍ പെരുവണ്ണാന്‍ തെയ്യം, ഗന്ധര്‍വന്‍പാട്ട്, കുറുന്തിനിപ്പാട്ട് തുടങ്ങിയ അനുഷ്ഠാനകലകള്‍ വിദേശത്തുള്‍പ്പെടെ നിരവധി വേദികളിൽ അവതരിപ്പിച്ച് ജനകീയമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. പട്ടുവത്ത് കണ്ണപ്പെരുവണ്ണാൻ, അതിയേടത്ത് ചേയി എന്നിവരുടെ മകനായി ജനിച്ച കണ്ണൻ പതിനാലാം വയസു മുതൽ തെയ്യം കെട്ടാൻ തുടങ്ങി. തോറ്റം പാട്ട്, ചമയം, വാദ്യം, കോലം തുടങ്ങിയ എല്ലാ മേഖലകളിലും അസാമാന്യ പാടവമുള്ളയാളായിരുന്നു കണ്ണൻ പെരുവണ്ണാൻ. 1981 ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1982 ലെ ഡൽഹി ഏഷ്യൻ ഗെയിംസിൽ കണ്ണൻ പെരുവണ്ണാൻ അവതരിപ്പിച്ച തെയ്യം ശ്രദ്ധേയമായിരുന്നു. ഇടതുപക്ഷ സഹയാത്രികനായിരുന്ന കണ്ണൻ പെരുവണ്ണാന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു.