രാജേഷ് ശർമ്മ : സിനിമ തേടിയെത്തുമ്പോഴും നാടകത്തെ ഉപാസിക്കുന്ന നടൻ

#

കൊല്ലം (04-08-17) : നാടകത്തിന്റെ അരണ്ട വെളിച്ചത്തിലാണ് വർഷങ്ങൾക്കുമുൻപ് രാജേഷ് ശർമ്മയെന്ന നടനെ നാം കണ്ടുതുടങ്ങിയത്. പിന്നീട് മുഖ്യധാരാ സിനിമകളിൽ നടന്നു മറയുന്ന ചെറു കഥാപാത്രങ്ങളായും രാജേഷിനെ നമ്മൾ കണ്ടു. വർഷങ്ങൾക്കിപ്പുറം "ബ്രദർ നീങ്ക നല്ലാ നടിച്ചിരുക്ക്. എനക്ക് അന്ത ക്യാരക്ടറും ഉങ്കളെയും റൊമ്പ പുടിച്ചിരുക്ക്". വിജയ് സേതുപതിയെന്ന തെന്നിന്ത്യൻ അഭിനയ പ്രതിഭയിൽ നിന്ന് ഇങ്ങനെയൊരു അഭിനന്ദനം നേടുന്ന രാജേഷ് ശർമ്മയാണ് നമ്മുടെ മുന്നിലുള്ളത്.  രാജേഷ് ശർമ്മയെന്ന അഭിനേതാവിന് ഓസ്‌കാറിന്‌ തുല്യമാണ് ഈ അഭിനന്ദനം. കാരണം ഇങ്ങനെയൊരു പ്രോത്സാഹനം ലഭിക്കുന്ന താരത്തിലേക്കെത്താൻ രാജേഷ് ശർമ്മ താണ്ടേണ്ടിവന്നത് ഒരുപാട് അനുഭവങ്ങളുടെ കനൽ ദൂരമാണ്.

ഒരുവർഷം മുൻപ് സിഗൈ എന്നചിത്രത്തിൽ അഭിനയിച്ചു മടങ്ങിയതാണ് രാജേഷ് ശർമ്മ. ശർമ്മയുടെ മലയാള കഥാപാത്രങ്ങൾ കണ്ട സംവിധായകൻ ജഗദീശൻ സുബു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ രാജേഷിനെ ഏൽപ്പിക്കുകയായിരുന്നു. സിനിമാഭിനയ മോഹവുമായി കേരളത്തിൽ നിന്ന് തമിഴകത്തേക്ക് എത്തിപ്പെടുകയും ഏറെ പരിശ്രമങ്ങൾക്കുപോലും മാറ്റിമറിക്കാൻ കഴിയാത്ത വിധിക്ക് കീഴടങ്ങി കുടുംബനാഥനായി കഴിയുകായും ചെയ്യുന്ന കഥാപാത്രം രാജേഷ് ശർമ്മയുടെ കൈകളിൽ സുരക്ഷിതമായിരുന്നു. 2016 ൽ പൂർത്തിയായ സിഗൈ ഇതുവരെതീയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ലെങ്കിലും  ലോകത്താകെ പങ്കെടുത്ത  ചലച്ചിത്ര മേളകളിളെല്ലാം മികച്ച അഭിപ്രായം നേടി. ചിത്രം ഈ മാസം 25 നാണ് റിലീസിങ്ങിന് തീരുമാനിച്ചിരിക്കുന്നത്. പുതിയ ചിത്രമായ വിക്രം വേദയിൽ ഒപ്പം അഭിനയിച്ച കതിരിൽ നിന്നാണ് സിഗൈ എന്ന ചിത്രത്തെക്കുറിച്ച് വിജയ് സേതുപതി അറിയുന്നത്. ചിത്രത്തിന്റെ പ്രിവ്യൂ കതിറിന് ഒപ്പമിരുന്നു കണ്ട വിജയ് സേതുപതിയെ അതിശയിപ്പിച്ചത് രാജേഷ് ശർമ്മയുടെ കഥാപാത്രമായിരുന്നു. അഭിനന്ദനം അറിയിക്കുന്നതിന് രാജേഷ് ശർമ്മയെ അപ്പോൾ തന്നെ വിളിക്കുകായും ചെയ്തു.

സ്വപ്നതുല്യമെന്ന് കരുതിയ അഭിനന്ദനങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴും ശർമ്മ  നാടകമെന്ന തന്റെ തട്ടകത്തെ  മറക്കുന്നില്ല. നാടകം അവതരിപ്പിക്കാനുള്ള ഒരു വേദിയും ഒഴിവാക്കാറില്ല. കൊല്ലം പബ്ലിക് ലൈബ്രറിയുടെ സെന്റർ ഫോർ പെർഫോമിംഗ് ആർട്സിൽനിന്ന് നാടക പഠനം പൂർത്തിയാക്കി ഇറങ്ങിയശേഷം   നാടകത്തിനുവേണ്ടി പട്ടിണി കിടന്നൊരു കാലം പിന്നിലുണ്ട്. പ്രാരബ്ധങ്ങൾ, പ്രതിസന്ധികൾ ജീവിതത്തിന്റെ തന്നെ താളം തെറ്റിച്ചൊരു കാലവുമുണ്ടായിരുന്നു. തുടർച്ചയായി സംസ്ഥാന സർക്കാരിന്റെ മികച്ച നാടക നടനുള്ള പുരസ്‌കാരം നേടിയിട്ടും സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരങ്ങൾ നേടിയിട്ടും  അർഹിച്ച പരിഗണന ലഭിക്കാതെ നൊമ്പരപ്പെട്ടൊരു കാലം. പ്രതിഭകൊണ്ട് തന്നെക്കാൾ പിന്നിൽ നിന്നവരെല്ലാം കുറെ മുന്നേറുകയും  നാടകത്തിനുവേണ്ടി മാത്രം മുഴുവൻ ഊർജ്ജവും ചെലവാക്കുന്നതിൽ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് കേട്ടുനിന്ന കാലം. അവിടെയെല്ലാം ശർമ്മയെ കൈപിടിച്ച് നിർത്തിയത് മോന്തായത്തിലെയും കൊല്ലം പ്രകാശ് കലാകേന്ദ്രത്തിലെയും സുഹൃത്തുക്കളും ഗുരുക്കന്മാരുമായിരുന്നു. മീഡിയ, ഭഗവദജ്ജുകം, സാകേതം, ക്രൈം നമ്പർ 27, ഈഡിപ്പസ്, നിഷേധിയുടെ കാതൽ, ഛായാമുഖി, ശുദ്ധമദ്ദളം, ഏകാന്തം തുടങ്ങി 50 ഓളം നാടകങ്ങൾ, കുട്ടികൾക്കായി തയ്യാറാക്കിയ 10 ൽ അധികം നാടകങ്ങൾ അങ്ങനെ നാടകവഴിയിൽ രാജേഷ് ശർമ്മ സജീവമായിനിന്നു.

2005 ൽ ഡോ.ബിജു സംവിധാനം ചെയ്ത സൈറയാണ് രാജേഷ് ശർമ്മയുടെ കരിയറിൽ സിനിമ എന്ന പേര് കൂട്ടിച്ചേർത്തത്. നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രത്തിൽ പ്രതിനായകന്റെ വേഷത്തിലായിരുന്നു ശർമ്മ എത്തിയത്. പിന്നീട് കുട്ടി സ്രാങ്ക് എന്ന ഷാജി.എൻ. കരുൺ ചിത്രത്തിൽ ഉൾപ്പെടെ ചെറു വേഷങ്ങൾ ചെയ്തു. വർഷങ്ങളുടെ ഇടവേള. നിരാശ തെല്ലുമില്ലാതെ നാടകങ്ങളിൽ കഥാപാത്രങ്ങളായി ശർമ്മ തന്റെ അഭിനയത്തെ രാകിയെടുത്തു. എട്ടുവർഷങ്ങൾക്കിപ്പുറം  2013 ൽ പുറത്തിറങ്ങിയ അന്നയും റസൂലുമാണ് ശ്രദ്ധേയമായ ഒരു വേഷം രാജേഷിനു നൽകിയത്. 2014 ൽ ഹോംലി മീൽസ് എന്ന ചിത്രം രാജേഷ് ശർമ്മയ്ക്ക് ബ്രേക്കായി. പിന്നീട് മറിയം മുക്ക്, ഒരു വടക്കൻ സെൽഫി, സൈഗാൾ പാടുകയാണ്, ലോഹം, ബെൻ, ചാർലി, ആനന്ദം, കാപ്പിരിതുരുത്ത്, എസ്ര, അയാൾ ശശി, ബോൺസായ് തുടങ്ങി ഒരുപിടി ചിത്രങ്ങൾ ശർമ്മയെ തേടിയെത്തി.  ഓരോ കഥാപാത്രങ്ങളിലും എത്ര ചെറിയ വേഷമായാലും മുഴുനീള കഥാപാത്രമായാലും തന്റേതായ കയ്യൊപ്പ് ചാർത്തിയാണ് രാജേഷ് ശർമ്മ പ്രേക്ഷകർക്കായി നൽകിയത്. ഇത്തരമൊരു കഥാപാത്രമാണ് സിഗൈയിലേതും.

ശർമ്മ ഒരിക്കലും സിനിമയെ തേടിപ്പോയിട്ടില്ല. മറിച്ച് നാടകത്തെ നിരന്തരമായി അന്വേഷിച്ചുകൊണ്ടിരുന്നു. ഈ അന്വേഷണങ്ങൾ ഒരുപിടി നല്ല കഥാപാത്രങ്ങളെ അദ്ദേഹത്തിന്റെ കലാവഴിയിൽ കൂട്ടിച്ചേർത്തു. ശുദ്ധമദ്ദളം,  ഏകാന്തം എന്നീ നാടകങ്ങൾ ഇത്തരത്തിൽ ശർമ്മയുടെ അഭിനയപ്രതിഭ കൊണ്ട് മെഗാസ്റ്റാറുകളെപ്പോലും വിസ്മയിപ്പിച്ചവയാണ്. സിനിമകളിലെ നല്ല കഥാപാത്രങ്ങളെല്ലാം ശർമ്മയെ തേടി വന്നവയാണ്. ഏറ്റവും പുതിയ ചിത്രമായ വിമാനത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ശർമ്മയിപ്പോൾ. വിമാനത്തിന് ശേഷം  അടുത്തത് ഏതു വർക്കാണെന്നു ചോദിച്ചാൽ ശർമ്മ പറയുക തന്റെ ഏകാന്തം നാടകത്തിന്റെ അടുത്ത സ്റ്റേജിനെക്കുറിച്ചായിരിക്കും. ഇങ്ങനെയൊക്കെയാണ് രാജേഷ് ശർമ്മയെന്ന നടൻ.