ശ്രീശാന്തിന്റെ വിലക്ക് കോടതി റദ്ദാക്കി

#

കൊച്ചി (07-08-17) :  ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി റദ്ദാക്കി. വിലക്കുമൂലം  ആഭ്യന്തര ക്രിക്കറ്റിൽപോലും കളിക്കാനാകുന്നില്ല എന്ന ശ്രീശാന്തിന്റെ ഹർജിയിലാണ് സുപ്രധാന കോടതി വിധി. ഐ.പി.ൽ ഒത്തുകളി വിവാദത്തിൽ 2013 മെയിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് ബി.സി.സി.ഐ ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയത്.

ഒത്തുകളി കേസിൽ ശ്രീശാന്തിനെ പട്യാല കോടതി വെറുതെ വിട്ടതാണെന്നും അതിനാൽ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വിലക്ക് നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണ്. ക്രിമിനൽ കേസിൽ കോടതി കുറ്റവിമുക്തനാക്കിയതോടെ  വിലക്ക് ഏർപ്പെടുത്തുന്നതിനുള്ള കാരണവും ഇല്ലാതായി എന്നും കോടതി നിരീക്ഷിച്ചു.

2013 ഐ.പി.എൽ.സീസണിൽ വാതുവയ്പ് സംഘങ്ങളുമായി ചേർന്ന ഒത്തുകളിച്ചു എന്നാരോപിച്ചാണ് രാജസ്ഥാൻ റോയൽസ് കളിക്കാരായിരുന്ന ശ്രീശാന്തിനെയും അങ്കിത് ചവാനെയും പോലീസ് അറസ്റ്റ് ചെയ്തത്. പിനീട് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി ഇവരെ വെറുതെ വിടുകയായിരുന്നു. എന്നാൽ ബി.സി.സി.ഐ അങ്കിത് ചവാനെ മൂന്നുവർഷത്തേക്ക് വിലക്കുകയും ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ദേശീയ രാജ്യാന്തര മത്സരങ്ങളിൽ വിലക്കിയതിന് പുറമെ ബി.സി.സി.ഐയുടെയോ ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയോ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിനും വിലക്ക് ഏർപ്പെടുത്തി. ഇതിനെതിരെയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.