ഖത്തറില്‍ സൈനികാഭ്യാസം നടത്തി തുര്‍ക്കി

#

ദോഹ (07-08-17) : ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിക്കാതെ തുടരുന്ന ഖത്തറില്‍ തുര്‍ക്കിയുടെ സൈനികാഭ്യാസം. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധാസൂത്രണ സഹകരണത്തിന്റെ പ്രദര്‍ശനമായിരുന്നു ഇത്തരമൊരു നീക്കത്തിലൂടെ ലക്ഷ്യമിട്ടത്. സാമ്പത്തിക-ആസൂത്രണ- അടിസ്ഥാന മേഖലകളെ സംരക്ഷിച്ച് പ്രതിരോധ മാര്‍ഗ്ഗം തീര്‍ക്കാന്‍ ഖത്തരിന്റെ സൈനിക ശക്തികളെ പ്രാപതരാക്കുക എന്ന ഉദ്ദേശവും കഴിഞ്ഞ ദിവസം നടന്ന സംയുക്ത സൈനികാഭ്യാസത്തിനുണ്ടായിരുന്നുവെന്നും ഖത്തര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റിന്‍, ഒമാന്‍ തുടങ്ങി ആറോളം രാജ്യങ്ങള്‍ ഖത്തറിന് ഉപരോധമേര്‍പ്പെടുത്തിയപ്പോള്‍ തുടക്കം മുതല്‍ പിന്തുണയുമായി നിന്ന രാജ്യങ്ങളിലൊന്നാണ് തുര്‍ക്കി. ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ മുഖ്യ ഉപാധികളിലൊന്ന് ഖത്തറിലെ തുര്‍ക്കി വ്യോമത്താവളം അടയ്ക്കണം എന്നായിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഉപരോധ പ്രതിസന്ധി ഉടലെടുത്ത സമയത്ത് തന്നെ മുന്‍ കരുതല്‍ എന്ന നിലയ്ക്ക് സേനാംഗങ്ങളെ തുര്‍ക്കി ഖത്തറിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെയാണ് രാജ്യത്തിന്റെ സൈനിക ശക്തി പ്രകടിപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം സൈനികാഭ്യാസവും നടന്നിരിക്കുന്നത്.

തീവ്രവാദത്തെ നേരിടുന്നതിനായി ഖത്തര്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് സൈനികരെ അയക്കുന്നതെന്നാണ് തുര്‍ക്കി അറിയിച്ചിരിക്കുന്നത്. എന്നാല്‍ രണ്ട് മാസമായി തുടരുന്ന ഉപരോധം കൂടുതല്‍ കടുപ്പിക്കാന്‍ മറ്റ് രാജ്യങ്ങള്‍ നീക്കങ്ങള്‍ നടത്തവെ തുര്‍ക്കിയുടെ സൈനിക പ്രകടനം ഗൗരവമായാണ് കണക്കാക്കപ്പെടുന്നത്.