കേരളത്തിനെതിരായ ഹെയ്റ്റ് ക്യാംപയിൻ ; റിപ്പബ്ലിക്കിനെ പൊങ്കാലയിട്ട് മലയാളികൾ

#

(07.08.2017) ആർ.എസ്.എസ് പ്രചാരണം ഏറ്റെടുത്ത് കേരളം ഭീകര സംസ്ഥാനമാണെന്ന് വരുത്തിത്തീർക്കാൻ പെടാപ്പാട് പെടുകയാണ് അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനൽ. കേരളത്തിനെതിരായ പ്രചാരണം അതിരുകടന്നപ്പോൾ ചുട്ട മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൈബർ മലയാളികൾ. കേരളം താലിബാനാണെന്ന് വരുത്തിത്തീർക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന റിപ്പബ്ലിക്കിന്റെ ഫെയ്‌സ്ബുക്ക് പേജിൽ പൊങ്കാലയിട്ടും ഏറ്റവും കുറഞ്ഞ റേറ്റിങ് നൽകിയുമാണ് മലയാളികളുടെ തിരിച്ചടി. റിപ്പബ്ലിക് സംഘപരിവാർ അനുകൂല നുണകൾ പ്രചരിപ്പിക്കുന്ന പ്രൊപ്പഗാണ്ട ചാനലാണെന്ന് റേറ്റിംഗിനൊപ്പം കമന്റുകളുമുണ്ട്.

റിപ്പബ്ലിക് ചാനലിന്റെ ഫെയ്‌സ്ബുക്ക് പേജിൽ നെഗറ്റീവ് റിവ്യൂ എഴുതാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. കേരളത്തെ ഇടിമുഴങ്ങുന്ന പാകിസ്ഥാൻ എന്ന് വിളിച്ച അർണാബിന്റെ മുൻ ചാനലായിരുന്ന ടൈംസ് നൗവും ഇതിന് മുൻപ് മലയാളികളുടെ പ്രതിഷേധ ചൂട് അറിഞ്ഞിരുന്നു. കേരളത്തിനെതിരെ നടത്തിയ പ്രചാരണങ്ങൾക്ക് മാപ്പ് പറഞ്ഞായിരുന്നു അന്ന് ടൈംസ് കൗ എന്ന് വിളിക്കപ്പെട്ട ചാനൽ രക്ഷപ്പെട്ടത്. എന്തായാലും റിപ്പബ്ലിക്കിന്റെ പേജിൽ പൊങ്കാലയിടാനും ഇനിയുമിടാത്തവരെ പറഞ്ഞയക്കാനുമുള്ള തിരക്കിലാണ് സൈബർ മല്ലൂസ്.