ഖത്തര്‍ ഉപരോധം : മധ്യസ്ഥതയ്ക്ക് പുതിയ മാര്‍ഗ്ഗങ്ങളുമായി കുവൈറ്റ്

#

രാജ്യങ്ങള്‍ തമ്മില്‍ ഒരു തുറന്ന ചര്‍ച്ചയ്ക്ക് വേദിയൊരുക്കുന്ന രീതിയില്‍ ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ നടത്താനാണ് കുവൈറ്റിന്റെ പുതിയ ശ്രമം. ഇതിനുള്ള പ്രാഥമിക നടപടിയെന്നോണം കുവൈറ്റ് വിദേശ കാര്യ മന്ത്രിയും ക്യാബിനറ്റ് മന്ത്രിയും ഈജിപ്റ്റുമായും സൗദി അറേബ്യയുമായും ചര്‍ച്ചകള്‍ നടത്തി. കുവൈറ്റ് അമീറിന്റെ പ്രതിനിധികളായാണ് ഇവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം വഹിക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയ ഇവര്‍ പാദേശിക-അന്തര്‍ദേശീയ തലത്തില്‍ ഉണ്ടായ പുരോഗതികളും പൊതുതാല്പര്യ പ്രശ്‌നങ്ങളും സംബന്ധിച്ച കുവൈറ്റ് അമീറിന്റെ സന്ദേശവും കൈമാറിയിട്ടുണ്ട്.

തീവ്രവാദ ബന്ധം ആരോപിച്ച് കഴിഞ്ഞ ജൂണിലാണ് സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റിന്‍, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായി എല്ലാ വിധ ബന്ധങ്ങളും അവസാനിപ്പിച്ചത്. ഈ ഉപരോധം അവസാനിപ്പിക്കാന്‍ തുടക്കം മുതല്‍ കുവൈറ്റ് ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പുതിയ മാര്‍ഗ്ഗങ്ങളുമായി കുവൈറ്റ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ തുടരുന്നത്. അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങളും വിഷയത്തില്‍ കുവൈറ്റിന് പിന്തുണ നല്‍കിയിട്ടുണ്ട്.

ജി.സി.സി രാഷ്ട്രങ്ങള്‍ തമ്മില്‍ കൂടുതല്‍ വിള്ളലുണ്ടാകാത്ത വിധത്തില്‍ പ്രശ്‌നങ്ങള്‍ പ്രാദേശികമായി തന്നെ തീര്‍ക്കാനുള്ള ശ്രമങ്ങളാണ് കുവൈറ്റ് ഇപ്പോള്‍ നടത്തിവരുന്നത്. അതേസമയം രണ്ട് മാസത്തോളമായി നീണ്ടു നിന്ന ഉപരോധം ഖത്തറിന്റെ ബാങ്കിംഗ് മേഖലയെ സാരമായി ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ഉപരോധമേര്‍പ്പെടുത്തിയിട്ടും പിടിച്ചു നില്‍ക്കാന്‍ സഹായിച്ച സ്ഥിരതയാര്‍ന്ന സമ്പദ്ഘടനയില്‍ ഉലച്ചില്‍ വന്ന് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.