ഉപരോധത്തെ സമർത്ഥമായി നേരിട്ട് ഖത്തർ

#

ദോഹ (09-08-17) : ആറോളം ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനേര്‍പ്പെടുത്തിയ ഉപരോധം രണ്ടുമാസം പിന്നിടുന്നു. നയതന്ത്രപരമായി എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു ഖത്തര്‍. ഉപരോധത്തിന്റെ ആഘാതം സാമ്പത്തിക മേഖലയിലടക്കം ഉണ്ടായെങ്കിലും പരമാധികാരത്തെ ബഹുമാനിക്കാത്ത ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങില്ലെന്ന കടുത്ത നിലപാടുമായി ശക്തമായ ചെറുത്ത് നില്‍പ് തന്നെ ഖത്തര്‍ നടത്തി.

ഒറ്റപ്പെടലിന്റെ;ഈ രണ്ട് മാസങ്ങള്‍ക്കിടെ രാജ്യത്തിന്റെ സാമ്പത്തികനില ഭദ്രമാക്കുന്നതിലാണ് ഖത്തര്‍ പ്രധാന ശ്രദ്ധ ചെലുത്തിയത്. ഇതിന്റെ ഭാഗമായി ഊര്‍ജ്ജസമ്പത്തുകളാല്‍ സംപുഷ്ടമായ രാജ്യം അതുവഴി സമ്പാദിച്ച കോടിക്കണക്കിന് രൂപ രാജ്യത്തിന്റെ സമ്പദ് ഘടനയും സുരക്ഷയും വര്‍ദ്ധിപ്പിക്കാനായി കരുതലോടെ തന്നെ ഉപയോഗിച്ചു. നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്ന ഭരണകൂടം മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പൊതുവെ അകലം പാലിക്കുന്ന ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു.

പ്രകൃതിവാതകങ്ങളുടെ കലവറയായ ഖത്തര്‍ ഉപരോധത്തിനും തുടര്‍ന്നു വന്ന ഒത്തുതീര്‍പ്പ് ഉപാധികള്‍ക്കും വഴങ്ങാന്‍ യാതൊരു വിധത്തിലും തയ്യാറായിരുന്നില്ല. പകരം ഭക്ഷണം അടക്കം പല ആവശ്യങ്ങള്‍ക്കും ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇവര്‍ സമ്പദ്ഘടന മെച്ചപ്പെടുത്താനുള്ള വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കുകയാണുണ്ടായത്. സൗദി അറേബ്യയില്‍ നിന്നും യു.എ.ഇയില്‍ നിന്നുമുള്ള ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ എത്തിയിരുന്ന സ്ഥലത്ത് ഇറാനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും സാധനങ്ങള്‍ എത്തിത്തുടങ്ങി. രാജ്യത്തെ പാല്‍വിതരണം തടസ്സപ്പെടാതിരിക്കാന്‍ യു.എസില്‍ നിന്ന് നാലായിരത്തോളം പശുക്കളെയാണ് ഇറക്കുമതി ചെയ്തത്.

ഉപരോധ കാലയളവില്‍ ഖത്തര്‍ നടത്തിയ മറ്റൊരു വന്‍ സാമ്പത്തിക ഇടപാട് ഫുട്‌ബോള്‍ താരം നെയ്മറെ  പ്രമുഖ സ്‌പോര്‍ട്‌സ് ടീമിലെത്തിച്ചതായിരുന്നു. 2020 ല്‍ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായുള്ള ഒരു നിക്ഷേപം എന്ന നിലയ്ക്കായിരുന്നു 256 മില്ല്യണ്‍ ഡോളറിന് നെയ്മറെ ഖത്തര്‍ പാരീസ് സെയ്ന്റ്ജര്‍മൈന്‍ ടീമിലെത്തിച്ചത്.

നിബന്ധനകളനുസരിച്ച് ചില വിദേശികള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും നല്‍കി രാജ്യത്ത് സ്ഥിരതാമസം ഉറപ്പാക്കുന്ന രീതിയില്‍ നിയമ പരിഷ്‌കരണം നടത്തിയും ഉപരോധത്തെ മറികടക്കാനുള്ള ശ്രമങ്ങള്‍ ഖത്തര്‍ നടത്തിയിരുന്നു. ഖത്തര്‍ സ്‌പോണ്‍സറെ കൂടാതെ തന്നെ രാജ്യത്തെ സ്ഥലം വാങ്ങാനും ബിസിനസ് നടത്താനും അനുവദിക്കുന്നതായിരുന്നു പുതിയ നിയമമെന്നും രാജ്യത്തെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇങ്ങനെയൊരു നിയമം തന്നെ ഇതാദ്യമാണെന്നാണ് സൂചന. കുടുതല്‍ വിദേശികളെ ആകര്‍ഷിച്ച് വിദേശ നിക്ഷേപം കൂട്ടുക എന്ന തന്ത്രമാണ് ഇത്തരമൊരു പരിഷ്‌കരണത്തിലൂടെ ഖത്തര്‍ ലക്ഷ്യമിട്ടത്.

ഉപരോധം കടുത്ത സാഹചര്യത്തിലും ഉപാധികള്‍ക്ക് മുന്നില്‍ കീഴടങ്ങാതെ നില്‍ക്കാന്‍ മികച്ച അടിത്തറയുള്ള സമ്പദ്ഘടനയായിരുന്നു ഖത്തറിനെ സഹായിച്ചത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ കടുത്ത നിയന്ത്രണങ്ങള്‍ രാജ്യത്തെ സമ്പദ്ഘടനയെ ഉലച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഖത്തര്‍ നേരത്തെ തന്നെ തയ്യാറാക്കി വച്ചിരിക്കുന്നുവെന്നാണ് ഇവരുടെ നടപടികള്‍ തെളിയിക്കുന്നത്.