ഖത്തര്‍ സന്ദര്‍ശനത്തിന് വിസ വേണ്ട : പുതിയ നിയമം പ്രാബല്യത്തില്‍

#

ദോഹ (09-08-17) : കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും മാത്രം കയ്യിലുണ്ടെങ്കില്‍ ആര്‍ക്കും ഇനി ഖത്തറിലെത്താം. ഖത്തര്‍ സന്ദര്‍ശിക്കുന്നതിന് വിസ വേണ്ടെന്ന പുതിയ നിയമം അടിയന്തിര പ്രാബല്യത്തോടെ നിലവില്‍ വന്നതായാണ് ഖത്തര്‍ ടൂറിസം അതോറിറ്റി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യ, ആസ്‌ട്രേലിയ, യു.എസ്, യു.കെ, ന്യൂസിലാന്‍ഡ് തുടങ്ങി എണ്‍പതോളം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് പുതിയ സൗജന്യം അനുവദിച്ചിരിക്കുന്നത്. ഖത്തറിലെത്തിയാല്‍ പാസ്‌പോര്‍ട്ട് സ്റ്റാമ്പ് ചെയ്യുന്നതിന് പ്രത്യേക ഫീസും ഇനി നല്‍കേണ്ടി വരില്ല.

യാത്രക്കാരന്റെ പൗരത്വം അനുസരിച്ച് മുപ്പത് ദിവസം മുതല്‍ 180 ദിവസം വരെ രാജ്യത്ത് താമസിക്കാനുള്ള അനുമതി നല്‍കും. ആവശ്യമുള്ളവര്‍ക്ക് മുപ്പത് ദിവസത്തേക്ക് താമസാനുമതി നീട്ടി നല്‍കുമെന്നും ഉത്തരവില്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പ്രകൃതി സമ്പത്തും സംസ്‌കാരിക സമ്പത്തും എല്ലാവര്‍ക്കും മനസ്സിലാകാനും ആസ്വാദിക്കാനുമാണ് ടൂറിസം അതോറിറ്റി ഇത്തരമൊരു നിയമം നടപ്പിലാക്കിയതെന്നാണ് ഖത്തര്‍ ടൂറിസ്സം അതോറിറ്റി ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം അറിയിച്ചിരിക്കുന്നത്.

തീവ്രവാദബന്ധം ആരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റിന്‍ തുടങ്ങി ആറോളം രാജ്യങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടക്കാനും സമ്പദ്ഘടനയില്‍ ഉലച്ചില്‍ തട്ടാതിരിക്കാനും വിദേശികള്‍ക്കായി പല നിയമ പരിഷ്‌കരണങ്ങളും ഖത്തര്‍ നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് വിസവേണ്ടാത്ത സന്ദര്‍ശനത്തിനും രാജ്യം അനുമതി നല്‍കിയിരിക്കുന്നതെന്നാണ് സൂചന.