ഗോമൂത്രമല്ല ; ശാസ്ത്രമാണ് പഠിക്കപ്പെടേണ്ടത് : ശാസ്ത്രത്തിനു വേണ്ടിയുള്ള മാര്‍ച്ച് ഇന്ന്

#

ന്യൂഡല്‍ഹി (09-08-17) : രാജ്യത്തെ 22 പ്രധാന നഗരങ്ങളില്‍ ഇന്ന് ശാസ്ത്രത്തിനു വേണ്ടിയുള്ള മാര്‍ച്ച് നടക്കും. മാര്‍ച്ചില്‍ ശാസ്ത്രജ്ഞരും ശാസ്ത്രഗവേഷകരും ശാസ്ത്ര വിദ്യാര്‍ത്ഥികളും ശാസ്ത്രത്തെ സ്‌നേഹിക്കുന്നവരും പങ്കെടുക്കും. ശാസ്ത്രത്തിന്റെയും ശാസ്ത്രീയ മനോഭാവത്തിന്റെയും വികസനത്തിനു വേണ്ടിയാണ് മാര്‍ച്ച്. ശാസ്ത്ര ഗവേഷണത്തിന് സര്‍ക്കാര്‍ കൂടുതല്‍ പണം മാറ്റിവെയ്ക്കുക, അശാസ്ത്രീയമായ വിശ്വാസങ്ങളെയും മതപരമായ അസഹിഷ്ണുതയെയും പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കുക എന്നിവയാണ് മാര്‍ച്ച് മുന്നോട്ട് വെയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍.

ഏപ്രില്‍ 22 ന് ലോകത്തെ 600 നഗരങ്ങളില്‍ നടന്ന ഗ്ലോബല്‍ മാര്‍ച്ച് ഫോര്‍ സയന്‍സാണ് ഇന്ത്യയില്‍ ഇന്ന് നടക്കുന്ന മാര്‍ച്ചിന് പ്രചോദനം. ശാസ്ത്ര ഗവേഷണത്തിനുള്ള ഫണ്ടില്‍ കുറവ് വരുത്തുകയും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങളെ തള്ളിക്കളയുകയും ചെയ്യുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടുള്ള പ്രതിഷേധം കൂടിയായിരുന്നു ഗ്ലോബല്‍ മാര്‍ച്ച് ഫോര്‍ സയന്‍സ്. ഗ്ലോബല്‍ മാര്‍ച്ചിനുശേഷം ഇന്ത്യയിലെ പ്രധാന ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും ഗവേഷകരും തമ്മില്‍ നടന്ന തുടര്‍ച്ചയായ ആശയ വിനിമയങ്ങളുടെ ഫലമായാണ് ശാസ്ത്രത്തിനു വേണ്ടിയുള്ള മാര്‍ച്ച് എന്ന ആശയം ഉരുത്തിരിഞ്ഞത്.

ഐ.ഐ.ടികള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സസ് ആന്റ് റിസര്‍ച്ച്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസ് റിസര്‍ച്ച് തുടങ്ങി രാജ്യത്തെ എല്ലാ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെയും അദ്ധ്യാപകരും ഗവേഷകരും വിദ്യാര്‍ത്ഥികളും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. ശാസ്ത്രഗവേഷണത്തിന് നല്‍കുന്നതിനെക്കാള്‍ പ്രാധാന്യമാണ് പഞ്ചഗവ്യത്തിന് (ചാണകം, ഗോമൂത്രം, പശുവിന്‍പാല്‍, തൈര്, നെയ്യ്) ഇപ്പോഴത്തെ സര്‍ക്കാര്‍ നല്‍കുന്നതെന്ന് മാര്‍ച്ച് ഫോര്‍ സയന്‍സ് സംഘടകര്‍ ആരോപിച്ചു. അന്ധവിശ്വാസങ്ങളും അശാസ്ത്രീയ ചിന്തകളും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. ഇതിനെതിരേ രാജ്യത്തെ ശാസ്ത്രസമൂഹത്തെ ബോധവത്ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് മാര്‍ച്ച്.