ദിലീപ് ഇപ്പോഴും സംഘടനയില്‍ അംഗമാണ് : ഫിയോക്

#

കൊച്ചി (09-08-17) : തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകില്‍ ദിലീപ് ഇപ്പോഴും അംഗമാണെന്ന് സംഘടനാ ഭാരവാഹികള്‍. ദിലീപ് ഇപ്പോഴും സംഘടനയില്‍ അംഗമാണെന്നും കുറ്റവിമുക്തനായെത്തിയാല്‍ പ്രസിഡന്റ് സ്ഥാനം തിരികെ നല്‍കുമെന്നുമാണ് ഫിയോക് സെക്രട്ടറി ബോബി അറിയിച്ചിരിക്കുന്നത്. പുതിയതായി തുടങ്ങിയ ഒരു സംഘടനയാണ് ഫിയോക്. തുടങ്ങിയ ഉടന്‍ തന്നെ സംഘടനയുടെ നേതൃനിരയില്‍ ആളില്ലാതെ വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ദിലീപിനെ മാറ്റിയത്. മൂന്ന് വൈസ് പ്രസിഡന്റിമാരില്‍ ഒരാള്‍ ആണ് ഇപ്പോള്‍ പ്രസിഡന്റായിരിക്കുന്നതെന്നും ദിലീപ് തിരികെ എത്തിയാല്‍ സ്ഥാനം തിരികെ നല്‍കുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി.

നേരത്തെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനുമായി പ്രശ്‌നങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ദിലീപിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സംഘടനയായിരുന്നു ഫിയോക്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് ജയിലിലായതോടെ സംഘടനയുടെ പ്രസിഡന്റെ് സ്ഥാനത്ത് നിന്ന് അയാളെ നീക്കി പകരം ആന്റണി പെരുമ്പാവൂര്‍ സ്ഥാനം ഏറ്റെടുത്തിരുന്നു. ഇതിന് വിശദീകരണവുമായാണ് ഫിയോക് പ്രതികരിച്ചിരിക്കുന്നത്.