രജനിയും കമലും ഡി.എം.കെ വേദിയില്‍

#

ചെന്നൈ (10-08-17) : രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് തമിഴിലെ സൂപ്പര്‍ താരങ്ങളായ രജനീകാന്തും കമലഹാസനും ഇന്ന് ഡി.എം.കെയുടെ വേദിയിലെത്തുന്നു. ഡി.എം.കെ മുഖപത്രമായ മുരശൊലിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷച്ചടങ്ങിലാണ് 2 സൂപ്പര്‍ താരങ്ങളും വേദി പങ്കിടുന്നത്. ഇന്ന് വൈകുന്നേരം ചെന്നൈയില്‍ നടക്കുന്ന ചടങ്ങ് ഡി.എം.കെയുടെ വലിയ പ്രചരണ വേദിയാക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.

1996 ലെ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയെ പിന്തുണയ്ക്കാന്‍ ജനങ്ങളോട് പരസ്യമായി ആഹ്വാനം ചെയ്ത രജനീകാന്ത് പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ പരസ്യനിലപാട് സ്വീകരിച്ചിരുന്നില്ല. രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന പ്രചരണം അടുത്തിടെയായി ശക്തമാണ്. ബി.ജെ.പി നേതാക്കള്‍ രജനിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. രജനീകാന്തിന്റെ അനുഭാവം ബി.ജെ.പിയോടാണ് എന്ന പ്രചരണം വ്യാപകമായിരിക്കുന്നതിനിടയിലാണ് രജനീകാന്ത് ഡി.എം.കെ വേദിയിലെത്തുന്നത്.

കഴിഞ്ഞ മാസം ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയ്‌ക്കെതിരേ നിശിത വിമര്‍ശനം ഉന്നയിച്ച കമലഹാസന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് അഭ്യൂഹം ശക്തമായി നിലനില്‍ക്കുന്നുണ്ട്. കമലഹാസന്റെ സഹോദരീപുത്രി സുഹാസിനിയുടെ മകന്‍ നന്ദന്‍ മണിരത്‌നത്തിന്റെ സ്വാധീനത്തില്‍ കമലഹാസന്‍ സി.പി.എമ്മില്‍ ചേരാനിടയുണ്ട് എന്ന പ്രചരണം ചില മലയാള മാധ്യമങ്ങള്‍ നടത്തിയെങ്കിലും അതിന് ഒരു സാധ്യതയുമില്ലെന്നായിരുന്നു കമലഹാസനുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്. എല്ലാക്കാലത്തും ഡി.എം.കെയുമായി അടുപ്പം പുലര്‍ത്തിയിരുന്ന നടനാണ് കമലഹാസന്‍. ഇന്ന് മുരശൊലിയുടെ പ്ലാറ്റിനം ജൂബിലി ചടങ്ങില്‍ കമലഹാസന്‍ പ്രസംഗിക്കും. രജനീകാന്ത് സംസാരിക്കാനിടയില്ല.