മുരുകന്റെ മരണം വിദഗ്ദ്ധ സമിതി അന്വേഷിക്കും

#

തിരുവനന്തപുരം (11-08-17) : ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകൻ മരിക്കാനിടയായ സംഭവം വിദഗ്ദ്ധ സമിതി അന്വേഷിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മുരുകന് ചികിത്സ നൽകാതെ മടക്കി അയച്ചതിനെപ്പറ്റി അന്വേഷിക്കുന്നതിനാണ് ആരോഗ്യവകുപ്പ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. അതേസമയം കേസിൽ ഡോക്ടർമാരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് തന്നെയാണ് പോലീസ് നീങ്ങുന്നത്. ഇതിനായി നിയമോപദേശം തേടിയിരിക്കുകയാണ് പോലീസ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് അധ്യക്ഷനായ സമിതിയിൽ അനസ്തേഷ്യ, മെഡിസിൻ,സർജറി വിഭാഗങ്ങളിലെ മേധാവികളും അംഗങ്ങളാണ്. അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ക്രൈം ബ്രാഞ്ച് എ.സി.പി അശോകനാണ്. അന്വേഷണത്തിന് ശേഷം ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ കൂടുതൽ നടപടികളിലേക്ക് നീങ്ങുക.

ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രികകളായ  കൊല്ലം മെഡിസിറ്റി, മെഡിട്രീന,അസ്സീസിയ, പട്ടം എസ്സ്.യു.ടി റോയൽ , തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കെതിരെ കേസ് എടുത്തിട്ടുണ്ട്. മുരുകന്റെ ജീവൻ രക്ഷിക്കുന്നതിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർക്ക് മനഃപൂർവ്വമായ വീഴ്ച ഉണ്ടായി എന്നാണ് ആരോപണം. അവയവമാറ്റ ശസ്ത്രക്രിയ വിഭാഗത്തിലും പൊളളല്‍ ചികിത്സാ വിഭാഗത്തിലും രണ്ട് പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു. ഈ രണ്ടു വെന്റിലേറ്ററും പുറത്തു നിന്നെത്തുന്ന രോഗിക്ക് നല്‍കാന്‍ കഴിയില്ലെന്നുപറഞ്ഞാണ്  ആശുപത്രി അധികൃതർ മുരുകന് ചികിത്സ നൽകാതിരുന്നത്. മൂന്നു മണിക്കൂര്‍ കാത്തുകിടന്നിട്ടും ചികിത്സ ലഭിക്കാതെ വന്നതോടെ മുരുകനുമായെത്തിയവര്‍ മടങ്ങുകയായിരുന്നു. ഏഴുമണിക്കൂറോളം ആശുപത്രികൾ മാറിമാറി കയറി ഇറങ്ങി അടിയന്തിര  ചികിത്സ കിട്ടാതെ മുരുകൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.