ദിലീപിന്റെ ജാമ്യാപേക്ഷ അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി

#

കൊച്ചി  (11-08-17) : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.  പ്രോസിക്യൂഷന് വിശദീകരണം നല്കുന്നതിനായാണ് കേസ് മാറ്റിയത്. ഇന്നലെയാണ് അഡ്വ.രാമൻപിള്ള മുഖേന ദിലീപ് ജാമ്യത്തിനായി രണ്ടാമത് ഹൈക്കോടതിയെ സമീപിച്ചത്.

പോലീസിനെതിരെ കടുത്ത ആരോപണങ്ങളാണ് ദിലീപ് ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത്. ദിലീപിനെതിരെ ചലച്ചിത്ര മേഖലയിലെ പ്രബല വിഭാഗം ഗൂഢാലോചന നടത്തിയെന്നും പൾസർ സുനിയെ ഇതിനായി ഉപയോഗിച്ചെന്നും ദിലീപ് ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു. ആദ്യ കുറ്റപത്രത്തിൽ പൾസർ സുനി നടിയെ ബ്ലാക്‌മെയിൽ ചെയ്യുന്നതിനായാണ് തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായാണ് പറയുന്നത്. എന്നാൽ രണ്ടാമത്തെ കുറ്റപത്രത്തിൽ ഇതിനെ തള്ളുന്ന വിധം ദിലീപിന് വേണ്ടി ചെയ്തതാണെന്ന് പറയുന്നു. ദിലീപും സുനിയും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടതിനു തെളിവില്ല ജയിലിൽ  നിന്ന് പൾസർ സുനി ഭീഷണിപ്പെടുത്തി വിളിച്ച കാര്യം ഡി.ജി.പി ലോക്നാഥ് ബെഹ്‌റയെ അപ്പോൾ തന്നെ അറിയിച്ചിരുന്നു തുടങ്ങി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെയെല്ലാം ഖണ്ഡിക്കുന്ന വിധമുള്ള കാര്യങ്ങളാണ് ജാമ്യാപേക്ഷയിൽ ദിലീപ് ഉന്നയിച്ചിരിക്കുന്നത്.

നേരത്തെ മുൻ അഭിഭാഷകൻ അഡ്വ.രാംകുമാർ മുഖേന സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.  അങ്കമാലി കോടതി ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടുകയും ചെയ്തിരുന്നു. തുടർന്നാണ് രണ്ടാഴ്ചക്കുശേഷം ദിലീപ് പുതിയ അഭിഭാഷകൻ മുഖേന വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.